മലയാള സിനിമയിൽ പാട്ടുകളിലൂടെ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ ചെയ്ത പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ കയറ്റിയ വ്യക്തിയാണ് ദീപക്.
ദീപക് ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ള നടന്മാരിൽ ഒരാൾ പൃഥ്വിരാജാണ്. ഉറുമി എന്ന സിനിമയിൽ പൃഥ്വിയോടൊപ്പം വർക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ദീപക് ദേവ്. ഉറുമിയിലേക്ക് തന്നെ ക്ഷണിച്ചത് പൃഥ്വിയാണെന്നും എന്നാൽ സംവിധായകൻ സന്തോഷ് ശിവന് താൻ സംഗീതം ചെയ്യുന്നതിനോട് താത്പര്യം ഇല്ലായിരുന്നുവെന്നും ദീപക് ദേവ് പറയുന്നു.
എന്നാൽ അവസരം നൽകിയാൽ ദീപക് നല്ല പാട്ടുകൾ ഉണ്ടാക്കുമെന്ന് പറഞ്ഞത് പൃഥ്വിയാണെന്നും ചിത്രത്തിലെ ആദ്യ പാട്ട് കേട്ടപ്പോൾ പൃഥ്വി തമാശ രൂപേണ പറഞ്ഞത് താൻ ഇതുവരെ ചെയ്ത പാട്ടെല്ലാം വേസ്റ്റ് ആയിരുന്നുവെന്നാണെന്നും ദീപക് പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൃഥ്വി നിർമാതാവിന്റെ റോളിൽക്കൂടി വന്ന പടമായിരുന്നു ഉറുമി. ഞാനാണ് ഈ സിനിമയുടെ നിർമാതാവ്. അതിനാൽ ഒരുപൈസയും കിട്ടുന്നതായിരിക്കില്ല. അതുമാത്രമല്ല, നിർമാണത്തിൽ ചിലപ്പോൾ നിങ്ങൾ കുറച്ച് പൈസ ഇടേണ്ടിയും വരും. അതാണവസ്ഥ, എന്നാണ് ആ പ്രോജക്ടിലേക്കു വിളിച്ചപ്പോൾ പൃഥി തമാശയായി പറഞ്ഞത്.
ഉറുമിയിൽ പൈസയായിരുന്നില്ല സൗഹൃദമായിരുന്നു പരിഗണന. ഉറുമിയുടെ സംവിധായകനായ സന്തോഷ് സാറിനെ അതിനു മുമ്പ് എനിക്ക് പരിചയമില്ലായിരുന്നു. അദ്ദേഹത്തോട് പൃഥി എൻ്റെ കാര്യം പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞത്, ദീപക് ഉറുമിക്ക് അനുയോജ്യനല്ല എന്നാണ്.
മണ്ണിന്റെ സംഗീതമാണ് വേണ്ടതെന്നും അത് ദീപക്കിൻ്റെ ഇതുവരെ ചെയ്‌ത പാട്ടുകളിലില്ല എന്നും സന്തോഷ്‌സാർ പറഞ്ഞു. അവസരം നൽകിയാൽ ദീപക് മണ്ണിൻ്റെ മണമുള്ള പാട്ടുകളുണ്ടാക്കുമെന്ന് പൃഥി തറപ്പിച്ചുപറഞ്ഞു.
ഉറുമിയിലെ പ്രധാന വെല്ലുവിളി, പിരീഡ് സിനിമയായതിനാൽ കീ ബോർഡ്, ഡ്രം, ബേസ് ഗിറ്റാർ ഒന്നും ഉപയോഗിക്കാൻ പറ്റില്ല എന്നതായിരുന്നു. കഥ നടക്കുന്ന കാലത്ത് ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങൾ വെച്ചാകണം സംഗീതം. അതെനിക്ക് പുതിയൊരനുഭവമായിരുന്നു. ഷൂട്ടിന്റെ ഇടയിലാണ് ഞാൻ പാട്ടുകളെല്ലാം ചെയ്തുകൊടുക്കുന്നത്.
ആരാന്നോ ആരാന്നോ എന്ന പാട്ട് ഷൂട്ടുചെയ്യുന്നതിനിടയിൽ പൃഥി എന്നെ വിളിച്ചു. പറയുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കരുത്. ഈ പടത്തിലെ പാട്ടുകൾ കേൾക്കുമ്പോഴാണ് മനസ്സിലാകുന്നത്. ഇത്രനാളും നിങ്ങളുണ്ടാക്കിയതെല്ലാം വെറും വേസ്റ്റായിരുന്നെന്ന്. ഇതാണ് പാട്ടുകൾ.
നിങ്ങൾ ശരിക്കും മണ്ണിൻ്റെ സ്പെഷ്യലിസ്റ്റാണോ, എന്നൊക്കെ തമാശരൂപത്തിൽ ചോദിച്ച് അഭിനന്ദിച്ചു. അത് ജീവിതത്തിലെ വലിയൊരു മൊമന്റായിരുന്നു. സംസ്ഥാനപുരസ്കാരമടക്കം ഒരുപിടി അംഗീകാരങ്ങളും ആ ചിത്രത്തിലൂടെ കിട്ടി,’ദീപക് ദേവ്
Content Highlight: Deepak Dev Talk About Urumi Movie Songs