| Wednesday, 2nd October 2024, 4:47 pm

എമ്പുരാനായി ഫോളോ ചെയ്യുന്നത് ആ ചിത്രത്തിന്റെ മ്യൂസിക് സ്റ്റൈലാണ്: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എന്നാൽ പിന്നീട് ചിത്രത്തിന്റേതായ കൂടുതൽ അപ്ഡേറ്റൊന്നും പൃഥ്വിയും സംഘവും പുറത്തുവിട്ടിരുന്നില്ല.

ലൂസിഫറിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ചിത്രത്തിന്റെ മ്യൂസിക്. ദീപക് ദേവായിരുന്നു ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്. മ്യൂസിക്കിൽ മാസും ക്ലാസും വേണമെന്നായിരുന്നു പൃഥ്വിരാജ് തനിക്ക് തന്ന നിർദേശമെന്ന് ദീപക് ദേവ് പറയുന്നു. മാസ് പാട്ട് വേണമെന്ന് പറഞ്ഞപ്പോൾ വിജയ്, രജിനികാന്ത് ചിത്രങ്ങളിലെ ഗാനം പോലെ വേണമെന്നായിരുന്നു താൻ കരുതിയതെന്നും എന്നാൽ പൃഥ്വിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും ദീപക് പറയുന്നു. ലൂസിഫറിൽ ചെയ്ത അതേ രീതി തന്നെയാണ് എമ്പുരാനിൽ താൻ ഫോളോ ചെയ്തിട്ടുള്ളതെന്നും ദീപക് ദേവ് പറഞ്ഞു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ദീപക്.

‘പൃഥ്വി എന്നെ ലൂസിഫറിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞത്, ‘ചേട്ടാ ഇതൊരു മാസ് പടമാണ്, അങ്ങനെയുള്ള മ്യൂസിക്കാണ് വേണ്ടത്’ എന്നാണ്. അതിന് മുമ്പ് മാസ് എലമെന്റുള്ള പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഔട്ട് ആന്‍ഡ് ഔട്ട് മാസ് എന്ന രീതിയില്‍ ചെയ്തത് ലൂസിഫറിലൂടെയാണ്.

‘കടവുളെ പോലെ’ പോലുള്ള തമിഴ് പാട്ടും, റഫ്താരാ പോലുള്ള ഐറ്റം ഡാന്‍സുമൊന്നും ഞാന്‍ മുമ്പ് ചെയ്തിട്ടേയില്ലായിരുന്നു. ‘ഇതൊരു മാസ് സിനിമയാണ്, പക്ഷേ സ്ഥിരം മാസ് എലമെന്റുകളെ വേറൊരു രീതിയില്‍ ട്രീറ്റ് ചെയ്യുന്ന സിനിമയാണ്’ എന്നാണ് പൃഥ്വി പറഞ്ഞത്.

രജിനി, വിജയ് എന്നിവരുടെ മാസ് പടങ്ങള്‍ കണ്ട പരിചയം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷെ പൃഥ്വി എന്നോട് പറഞ്ഞു, അതല്ല വേണ്ടത് മാസ് വിത്ത് ക്ലാസാണ് എന്ന്. അതാണ് നമ്മുടെ മാസ് എന്നുപറഞ്ഞു.

കടവുളെ പോലെ എന്ന പാട്ടിന്റെ ഡിസ്‌കഷന്‍ സമയത്ത് മാസ് പാട്ട് വേണമെന്ന് പൃഥ്വി പറഞ്ഞു. മാസ് പാട്ട് എന്ന് പറഞ്ഞാല്‍ ഡെപ്പാംകൂത്ത് പാട്ട് എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ വർക്ക് ചെയ്ത് മുന്നോട്ട് പോവുന്തോറും മനസിലായി എന്താണ് വേണ്ടതെന്ന്. പൃഥ്വിക്ക് എന്താണ് വേണ്ടതെന്ന കൃത്യമായ ധാരണ ഉണ്ടായിരുന്നു.

പുള്ളി ആഗ്രഹിക്കുന്നത് മാസ് ആണെങ്കിലും അതിനുള്ളിൽ വലിയൊരു ക്ലാസുണ്ട്. അതിൽ ഒരുപാട് എപ്പിക്കായിട്ടുള്ള സൗണ്ടുകളുണ്ട്. അതിനൊപ്പം മാസിനൊപ്പം ചേരുകയും വേണം. അത് എന്റെയും ടേസ്റ്റ് ആയിരുന്നു. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു.

അതൊക്കെ കൊണ്ട് ആ സമയത്ത് എല്ലാം വളരെ എളുപ്പമായി. അങ്ങനെ ലൂസിഫർ ഉണ്ടായി. അതുതന്നെയാണ് എമ്പുരാനിലും ഫോളോ ചെയ്യുന്ന രീതി,’ദീപക് ദേവ് പറയുന്നു.

Content Highlight: Deepak Dev Talk About Music Of Empuran Movie

Latest Stories

We use cookies to give you the best possible experience. Learn more