മലയാള സിനിമയിൽ പാട്ടുകളിലൂടെ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയ സംഗീത സംവിധായകനാണ് ദീപക് ദേവ്.
കരിയറിന്റെ തുടക്കത്തിൽ തന്നെ ചെയ്ത പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ കയറ്റിയ വ്യക്തിയാണ് ദീപക്. അങ്ങനെയൊരു പാട്ടായിരുന്നു ഉദയനാണ് താരം എന്ന ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ’ പാട്ട്.
ഉദായനാണ് താരം ബോക്സ് ഓഫീസിൽ വമ്പൻ വിജയമായപ്പോൾ ദീപക് ഒരുക്കിയ ചിത്രത്തിലെ എല്ലാ പാട്ടുകളും വലിയ തരംഗമായി. ശ്രീനിവാസന് ഹ്യൂമറായി എഴുതിയ പാട്ട് വിനീത് ശ്രീനിവാസൻ ഒരിക്കൽ വെറുതെ സ്റ്റുഡിയോയിലേക്ക് വന്നപ്പോൾ പാടിപ്പിച്ചു നോക്കിയതാണെന്നും അങ്ങനെയാണ് വിനീത് ആ പാട്ടിലേക്ക് എത്തിയതെന്നും ദീപക് പറയുന്നു.
ഗായിക റിമി ടോമി പാടി കഴിഞ്ഞ ശേഷം, ഇനി വിളിക്കുമ്പോൾ അത്യാവശ്യം പാടാനുള്ള പാട്ടിലേക്ക് തന്നെ വിളിക്കണമെന്ന് പറഞ്ഞതും ദീപക് ഓർത്തെടുത്തു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കരളേ എന്ന പാട്ട് ശ്രീനി സാറിന് വേണ്ടി ഒരു ഹ്യൂമർ എന്ന നിലയിൽ ഉണ്ടാക്കിയതാണ്. പാട്ട് ഉണ്ടാക്കുന്ന സമയത്ത് അത് കേൾക്കാൻ വന്ന വിനീതിനെ കൊണ്ട് പാടിപ്പിച്ചതാണ്. നീ ഇതൊന്ന് പാട് കേൾക്കട്ടെയെന്ന് പറഞ്ഞ് അവൻ പാടി കേട്ടപ്പോൾ, നീ തന്നെ കറക്റ്റ് എന്ന് ഞാൻ പറഞ്ഞു.
ശരിക്കും ആ പാട്ടിൽ ഒന്നുമില്ല. വളരെ സിമ്പിളായ ഒരു പാട്ടാണ്. റിമി ടോമി ആ പാട്ട് പാടാനായി ചെന്നൈയിൽ വന്നു. അതിന് മുമ്പ് ക്രോണിക് ബാച്ച്ലറിലെ എന്റെ പാട്ടാണ് റിമി കേട്ടിട്ടുള്ളത്. അതിനിടയിൽ സിംഫണിയെന്ന ഒരു സിനിമ ചെയ്തിരുന്നുവെങ്കിലും അത് കാര്യമായി ക്ലിക്ക് ആയില്ല.
ക്രോണിക് ബാച്ച്ലറിലെ പാട്ട് കേട്ടിട്ട് എന്നോട് പറഞ്ഞിരുന്നു പാട്ടുണ്ടെങ്കിൽ എന്നെ പാടാൻ വിളിക്കണമെന്ന്. റിമിയെ ഞാൻ ആദ്യമേ വിദ്യ സാഗറിന്റെ സ്റ്റുഡിയോയിൽ കണ്ടിട്ടുണ്ടായിരുന്നു.
ഉദയനാണ് താരത്തിൽ പാടാൻ വന്നിട്ട് പാടി കഴിഞ്ഞപ്പോൾ റിമി എന്നോട് പറഞ്ഞത്, ചേട്ടാ അടുത്ത വട്ടം എന്തെങ്കിലും പാടാനുള്ള പാട്ടിനായി എന്നെ വിളിക്കണമെന്ന്. ഇത് ആകെ നാല് വാരിയല്ലേയുള്ളൂ. ഞാനില്ല ഞാനില്ല നിന്നോട് കൂടെ എന്ന വരി മാത്രം.
റിമി കരുതിയത് ഒരുപാട് പാടാൻ ഉണ്ടാവുമെന്നായിരുന്നു. ഞാൻ അന്നവളോട് പറഞ്ഞു, ഇത് ചെറുതായി കാണരുത് ഇതെങ്ങാനും ഹിറ്റായി കഴിഞ്ഞാൽ വേറേ ലെവൽ ആവുമെന്ന്. ആവട്ടെ ചേട്ടായെന്ന് അവൾ പറഞ്ഞു. ഇപ്പോഴും ഞാൻ അത് പറഞ്ഞ് അവളെ കളിയാക്കും,’ദീപക് ദേവ് പറയുന്നു.
Content Highlight: Deepak Dev Talk About Karale Karalinte Karale Song