|

19ാം വയസിലാണ് സുഷിന്‍ എന്റെയടുത്തേക്ക് വന്നത്, എന്താകണമെന്ന് അവനോട് ചോദിച്ചപ്പോള്‍ തന്ന മറുപടി എനിക്കിഷ്ടപ്പെട്ടു: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധായകനയ ആളാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള സംഗീതസംവിധായകനായി മാറി. ഉദയനാണ് താരം, നരന്‍, പുതിയ മുഖം, സെവന്‍ത് ഡേ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ദീപക്കിന് കൂടുതല്‍ ശ്രദ്ധ നല്‍കി. ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാനിലും ദീപക്കിന്റെ സംഗീതത്തിന് മികച്ച പ്രതികരണം ലഭിച്ചു.

ദീപക് ദേവിന്റെ ശിഷ്യനായി സംഗീതലോകത്തേക്കെത്തിയ ആളാണ് സുഷിന്‍ ശ്യാം. ഇന്ന് മലയാളത്തിലെ മികച്ച സംഗീത സംവിധായകരിലൊരാളാകാന്‍ സുഷിന് സാധിച്ചു. സുഷിനെക്കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്. 19ാം വയസിലാണ് സുഷിന്‍ തന്റെയടുത്തേക്ക് വന്നതെന്ന് ദീപക് ദേവ് പറഞ്ഞു. അമ്മയാണ് സുഷിനെ തന്റെയടുത്ത് കൊണ്ടാക്കിയതെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു.

സംഗീതത്തില്‍ എന്തൊക്കെയാണ് ചെയ്യാന്‍ ആഗ്രഹമെന്ന് താന്‍ സുഷിനോട് ചോദിച്ചെന്നും തന്നോടും പലരും അങ്ങനെ ചോദിച്ചിരുന്നെന്നും ദീപക് ദേവ് പറഞ്ഞു. ഓരോരുത്തരുടെയും പൊട്ടന്‍ഷ്യല്‍ അറിയാനാണ് അങ്ങനെ ചോദിക്കുന്നതെന്നും അതിലൂടെ അവരെ എങ്ങനെ ട്രെയിന്‍ ചെയ്യിക്കണമെന്നതിന് ഐഡിയ കിട്ടുമെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.

താന്‍ ചെയ്യുന്നത് പോലെ മ്യൂസിക് ഡയറക്ഷന് പുറമെ പ്രോഗ്രാമിങ്ങും മിക്‌സിങ്ങും ചെയ്യണമെന്ന് സുഷിന്‍ പറഞ്ഞെന്നും അവന്റെയുള്ളിലെ ഇന്നസെന്‍സ് കൊണ്ടാകാം അങ്ങനെ പറഞ്ഞതെന്നും ദീപക് ദേവ് പറയുന്നു. ആ മറുപടി തനിക്ക് ഇഷ്ടമായെന്നും അക്കാരണം കൊണ്ട് താന്‍ സുഷിനെ തന്റെ അടുത്ത് തന്നെ ഇരുത്തിയെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു. രേഖാ മേനോനുമായി സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

‘എന്റെയടുത്ത് പ്രോഗ്രാമിങ്ങിന് വരുന്നവരോട് എപ്പോഴും ചോദിക്കുന്ന കാര്യം എന്താകണമെന്നും ഏത് ഫീല്‍ഡിനോടാണ് ഇന്‍ട്രസ്‌റ്റെന്നുമാണ്. മ്യൂസിക് ഡയറക്ഷന്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവരത് തുറന്നു പറയില്ല. സുഷിന്‍ എന്റെയടുത്തേക്ക് വന്നത് അവന്റെ 19ാമത്തെ വയസിലായിരുന്നു. അന്ന് അവന്റെ അമ്മയും കൂടെയുണ്ടായിരുന്നു. അവനോടും സ്ഥിരം ചോദ്യം ചോദിച്ചു.

എന്താണ് നിന്റെ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ ‘എനിക്കും ദീപക്കേട്ടനെപ്പോലെ പ്രോഗ്രാമിങ്ങും മ്യൂസിക്കും മിക്‌സിങ്ങും ഒക്കെ ചെയ്യണം’ എന്നായിരുന്നു മറുപടി. ആ പ്രായത്തിലെ അവന്റെ ഇന്നസെന്‍സാകാം അങ്ങനെ പറയാന്‍ കാരണം. അത് ജനുവിനായി എനിക്ക് തോന്നി. അവന് കൈ കൊടുത്തിട്ട് എന്റെ അടുത്ത് തന്നെ ഇരുത്തി പഠിപ്പിക്കാം എന്ന് പറഞ്ഞു. അത്രക്ക് ട്രൂത്ത് ഫുള്ളായി നില്‍ക്കുന്നവരെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യണ്ടേ,’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Deepak Dev shares the memories of Sushin Shyam’s training