| Monday, 3rd June 2024, 12:27 pm

ഇനി നീ പാട്ട് പഠിച്ചിട്ട് പാടിയാല്‍ മതിയെന്ന് വിനീതിനോട് ഞാന്‍ പറഞ്ഞു, പക്ഷേ പാട്ട് പഠിക്കാതെയാണ് അവനത് പാടിയത്: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധാന രംഗത്തേക്ക് എത്തിയ ആളാണ് ദീപക് ദേവ്. 21 വര്‍ഷത്തെ കരിയറില്‍ ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം നരനിലെ ഓമല്‍ കണ്മണി എന്ന പാട്ടിന്റെ ഓര്‍മകള്‍ ദീപക് പങ്കുവെച്ചു. വിനീത് ശ്രീനിവാസന്റെ കരിയറിലെ ഹിറ്റ് പാട്ടുകളിലൊന്നാണത്.

ആ പാട്ട് റെക്കോഡ് ചെയ്യുന്ന സമയത്ത് എത്ര നോക്കിയിട്ടും വിനീതിന്റെ ശ്രുതി ശരിയായില്ലെന്നും ഇനി പാട്ട് പഠിച്ചിട്ട് പാടാന്‍ വന്നാല്‍ മതിയെന്ന് അവനോട് പറഞ്ഞെന്നും ദീപക് പറഞ്ഞു. വിനീതിനെയും തന്റെ ഭാര്യയെയും ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ ഒരു ടീച്ചറിന്റെയടുത്ത് പറഞ്ഞ് വിട്ടുവെന്നും എന്നാല്‍ ആദ്യത്തെ ക്ലാസ് കഴിഞ്ഞ് വിനീത് ആ പരിസരത്തേക്ക് പോയില്ലെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ഇക്കാര്യം പറഞ്ഞത്.

‘നരനിലെ പാട്ട് കമ്പോസ് ചെയ്യുന്ന സമയത്ത് വിനീത് എത്ര പാടിയിട്ടും ശരിയാവുന്നില്ല. ഒന്നുകില്‍ പിച്ച് കേറും അല്ലെങ്കില്‍ ഇറങ്ങും, ‘ദീപക്കേട്ടാ, എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു, എത്ര നോക്കിയിട്ടും ശരിയാവുന്നില്ല’ എന്ന് വിനീത് എന്നോട് പറഞ്ഞു. ‘ഇത് മൊത്തം പ്രശ്‌നമാ, നീ ഇനി പാട്ട് പഠിച്ചിട്ട് പാടാന്‍ വന്നാല്‍ മതി’ എന്ന് ഞാന്‍ പറഞ്ഞു.

പിന്നീട് അവനെയും എന്റെ വൈഫിനെയും ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ വേണ്ടി ഒരു മ്യൂസിഷ്യന്റെ അടുത്ത് കൊണ്ടാക്കി. ക്ലാസിന്റെ ആദ്യ ദിവസം ഗുരുവിന് ഫ്രൂട്ട്‌സൊക്കെ കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അന്ന് ആ ടീച്ചര്‍ക്ക് ഫ്രൂട്ട്‌സും കൊടുത്തതിന് ശേഷം വിനീതിനെ ആ പരിസരത്ത് കണ്ടിട്ടി ല്ല. ഈ പാട്ട് എങ്ങാനും ഹിറ്റായാല്‍ അവന് പിന്നെയും പാടേണ്ടി വരും. ആ സമയത്ത് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് അവനോട് പാട്ട് പഠിക്കാന്‍ പറഞ്ഞത്. പക്ഷേ പാട്ട് പഠിക്കാതെ അവന്‍ ആ പാട്ട് ഗംഭീരമാക്കി,’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Deepak Dev shares the memories of Omal Kanmani song with Vineeth Sreenivasan

We use cookies to give you the best possible experience. Learn more