| Saturday, 5th October 2024, 10:49 pm

ലാലേട്ടന് ആ പാട്ട് ഇഷ്ടമാകുമോ എന്നായിരുന്നു ഏറ്റവും വലിയ ടെന്‍ഷന്‍: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധായകനയ ആളാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള സംഗീതസംവിധായകനായി മാറി. ഉദയനാണ് താരം, നരന്‍, പുതിയ മുഖം, സെവന്‍ത് ഡേ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ദീപക്കിന് കൂടുതല്‍ ശ്രദ്ധ നല്‍കി. ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാനാണ് ദീപക്കിന്റെ വരാനിരിക്കുന്ന പ്രൊജക്ട്.

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമായിരുന്നു നരന്‍. മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന കഥാപാത്രവും ചിത്രത്തിലെ ഗാനങ്ങളും ഇന്നും പലരുടെയും ഫേവറെറ്റാണ്. ചിത്രത്തിലെ വേല്‍മുരുകാ എന്ന് തുടങ്ങുന്ന പാട്ട് ഇന്നും പല ഗാനമേളകളിലും ഡാന്‍സ് പരിപാടികളിലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. വേല്‍മുരുകയുടെ കമ്പോസിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് ദീപക് ദേവ്.

താനും കൈതപ്രവും ജോഷിയും ആന്റണി പെരുമ്പാവൂരും കൂടി ഇരുന്നാണ് പാട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്തതെന്ന് ദീപക് ദേവ് പറഞ്ഞു. നരസിംഹത്തിലെ പാട്ടില്‍ നിന്ന് ഇന്‍സ്‌പെയര്‍ഡായിട്ടാണ് ആ പാട്ട് കമ്പോസ് ചെയ്തതെന്നും കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനും ഇഷ്ടമാകുമോ എന്നറിയാന്‍ വേണ്ടി ആന്റണി അദ്ദേഹത്തെ വിളിച്ചെന്നും തനിക്ക് അപ്പോള്‍ ടെന്‍ഷനായെന്നും ദീപക് ദേവ് പറഞ്ഞു.

എന്നാല്‍ പാട്ടെഴുതിയ ആളുടെയും കമ്പോസ് ചെയ്തയാളുടെയും ഇഷ്ടം നോക്കിയാല്‍ പോരെയെന്നും തന്റെ ഇഷ്ടത്തിന് പ്രസക്തിയില്ലെന്നും മോഹന്‍ലാല്‍ മറുപടി നല്‍കിയെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ എന്ന നടന്റെ വലുപ്പം തനിക്ക് അന്ന് മനസിലായെന്നും ദീപക് ദേവ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

‘നരനിലെ വേല്‍മുരുകാ എന്ന പാട്ടിന്റെ കമ്പോസിങ് നടക്കുകയാണ്. ഞാന്‍, കൈതപ്രം തിരുമേനി, ജോഷി സാര്‍, ആന്റണി ചേട്ടന്‍ ഇവരെല്ലാവരും ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ലോക്കല്‍ ബീറ്റിലൊരു പാട്ട് ചെയ്യുന്നത്. എന്റെ ടെന്‍ഷന്‍ കണ്ട ആന്റണി ചേട്ടന്‍ എന്നെ വിളിച്ചിട്ട് ‘നരസിംഹത്തിലെ പാട്ട് ഹിറ്റാണ്, ആ മോഡലില്‍ ഒരെണ്ണം പിടിച്ചോ’ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ പാട്ട് കമ്പോസ് ചെയ്തത്. മൂന്ന് മണിക്കൂര്‍ കൊണ്ട് പാട്ട് റെഡിയായി.

ജോഷി സാറിനും തിരുമേനിക്കും ആന്റണി ചേട്ടനും പാട്ട് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അപ്പോള്‍ തന്നെ ആ പാട്ട് ലാലേട്ടനെ കേള്‍പ്പിക്കണമെന്ന് ആന്റണി ചേട്ടന്‍ പറഞ്ഞു. അത് കേട്ടതും എനിക്ക് ടെന്‍ഷനായി. എങ്ങാനും ലാലേട്ടന് ഇഷ്ടമായില്ലെങ്കില്‍ അതെന്നെ ഡൗണാക്കും. നെഞ്ച് പടപടാന്ന് ഇടിക്കുകയായിരുന്നു ആ സമയത്ത്.

ലാലേട്ടനെ വിളിച്ചിട്ട് ‘പാട്ട് റെഡിയായി കേട്ട് നോക്കുന്നോ’ എന്ന് ആന്റണി ചേട്ടന്‍ ലാലേട്ടനോട് ചോദിച്ചു. ‘പാട്ട് ഉണ്ടാക്കിയ ആള്‍ക്കും ഉണ്ടാക്കാന്‍ പറഞ്ഞയാള്‍ക്കും ഇഷ്ടമായോ’ എന്നാണ് ലാലേട്ടന്‍ ചോദിച്ചത്. ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍, ‘അവര്‍ക്ക് രണ്ട് പേര്‍ക്കും ഇഷ്ടമായെങ്കില്‍ പിന്നെ എന്നോടെന്തിനാ ചോദിക്കുന്നത്, എന്റെ ജോലി അഭിനയമാണ്’ എന്ന് ലാലേട്ടന്‍ പറഞ്ഞു. ‘ഇതാണ് മോഹന്‍ലാല്‍’ എന്ന് അത് കേട്ടിട്ട് ജോഷി സാര്‍ എന്നോട് പറഞ്ഞു. മോഹന്‍ലാല്‍ എന്ന നടന്റെ വലുപ്പം അന്നെനിക്ക് മനസിലായി’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Deepak Dev shares the composing experience of Velmuruka song in Naran  movie

We use cookies to give you the best possible experience. Learn more