| Tuesday, 16th January 2024, 2:57 pm

എനിക്ക് മലയാളം വായിക്കാൻ അറിയില്ല, പേരെഴുതാൻ പഠിച്ചിരുന്നു, ഇപ്പോൾ അതും മറന്നു: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് ഒരുക്കിയ മമ്മൂട്ടി ചിത്രം ക്രോണിക് ബാച്ചിലറിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന സംഗീത സംവിധായകനാണ് ദീപക് ദേവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി ഹിറ്റ് ചാർട്ടുകൾ നേടാൻ ദീപക്കിന് കഴിഞ്ഞിരുന്നു. ഇതിനോടകം ഒരുപാട് ഗാനങ്ങൾ ദീപക് മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

തനിക്ക് മലയാളം വായിക്കാൻ അറിയില്ലെന്ന കാര്യം പറയുകയാണ് ദീപക് ദേവ്. പഠിച്ചതെല്ലാം പുറത്തായിരുന്നുവെന്നും അന്ന് ഹിന്ദിയാണ് തനിക്ക് തെരഞ്ഞെടുക്കേണ്ടി വന്നതെന്നും ദീപക് പറഞ്ഞു.

തുടക്കകാലത്ത് തന്റെ പേര് സ്‌ക്രീനിൽ എഴുതി കാണിക്കുന്നത് തിരിച്ചറിയാനാണ് പേര് എഴുതി പഠിച്ചതെന്നും എന്നാൽ ഇപ്പോൾ അത് മറന്നെന്നും റിപ്പോർട്ടർ ടി.വിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘എനിക്ക് മലയാളം വായിക്കാൻ അറിയില്ല. ഇടയ്ക്ക് എന്റെ പേര് എനിക്ക് അറിയാമായിരുന്നു. ഇപ്പോൾ അതും മറന്നു. ഞാൻ പുറത്ത് പഠിച്ചത് കൊണ്ട് എനിക്ക് തെരഞ്ഞെടുക്കാൻ ഉണ്ടായിരിന്ന ഭാഷ ഹിന്ദിയായിരുന്നു. മലയാളം പഠിക്കേണ്ട പ്രായത്തിൽ പഠിച്ചില്ല.

ഇവിടെ വന്ന സമയത്ത് എവിടെയെങ്കിലും പോവുകയാണെങ്കിൽ വീട്ടിലേക്ക് എത്തണമെങ്കിൽ തമ്മനം എന്ന് വായിക്കാൻ അറിഞ്ഞാല്ലേ ബസ് കയറാൻ പറ്റുള്ളൂ. അതുകൊണ്ട് കോളേജിൽ പഠിക്കുമ്പോൾ തമ്മനം മാത്രം പഠിച്ചു വെച്ചു. എവിടെ നിന്ന് കണ്ടാലും തമ്മനമാണെങ്കിൽ ഞാൻ കയറും.

പിന്നെ സിനിമകൾ ചെയ്യാൻ തുടങ്ങിയപ്പോൾ ആ സമയത്ത് മലയാളത്തിൽ ഇംഗ്ലീഷ് സബ് ടൈറ്റിൽസ് ഉണ്ടായിരുന്നില്ല. മലയാളത്തിൽ മാത്രമായിരുന്നു.

ആദ്യത്തെ കുറച്ചുകാലം എന്റെ പേര് സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം കാരണമാണ് എന്റെ പേര് ഞാൻ എഴുതി പഠിച്ചത്. ബ്ലാക്ക് സ്‌ക്രീനിൽ പേര് വരുമ്പോൾ അറിയാമല്ലോ എന്റെ പേര് വന്നുവെന്ന്, ദീപക് ദേവ് പറയുന്നു.

Content Highlight: Deepak Dev Says That He Don’t Know Malayalam

We use cookies to give you the best possible experience. Learn more