സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ച്‌ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധായകനായി തന്റെ കരിയര്‍ തുടങ്ങിയത്.
ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായി മാറിയപ്പോള്‍ തുടക്കകാലത്ത് തന്നെ തിരക്കുള്ള സംഗീത സംവിധായകനായി മാറാന്‍ ദീപക്കിന് സാധിച്ചു. പിന്നാലെ എത്തിയ ഉദയനാണ് താരം, നരന്‍ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളെല്ലാം വമ്പന്‍ സ്വീകാര്യത നേടിയിരുന്നു.
ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്റെ സംഗീതം നിര്‍വഹിച്ചതും അദ്ദേഹമാണ്. ഇപ്പോള്‍ തന്റെ പാട്ട് പാടരുതെന്ന് പറഞ്ഞ് ആരെയും വിലക്കാന്‍ തോന്നാറില്ലെന്ന് പറയുകയാണ് ദീപക് ദേവ്.
തന്റെ പാട്ട് പാടരുതെന്ന് പറഞ്ഞ് ആരെയും വിലക്കാന്‍ തോന്നാറില്ലെന്നും ഒരാള്‍ തന്റെ പാട്ട് പാടുകയാണെങ്കില്‍ അദ്ദേഹത്തിന് അത്രയും ഇഷ്ട്മുള്ളതുകൊണ്ടല്ലേ ആ ഗാനം പാടുന്നതെന്നും ദീപക് ദേവ് പറയുന്നു. നമ്മുടെ ക്രിയേഷനോടുള്ള സ്‌നേഹം കൊണ്ടാണ് അവര്‍ ആ പാട്ട് പാടുന്നതെന്നും അതിനാല്‍ അത് ബഹുമാനിച്ച് കൊണ്ട് അവര്‍ക്ക് അതിനുള്ള ഫ്രീഡം കൊടുക്കണമെന്നും അദ്ദേഹം പറയുന്നു. പാടുന്നവര്‍ ആ ഗാനം കൊണ്ട് മാത്രം കുറെ പണം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ചെറിയ ഓഹരി അത് ക്രീയേറ്റ് ചെയ്താള്‍ക്കും കൊടുക്കാമെന്നും ദീപക് ദേവ് പറയുന്നു.
മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ പാട്ട് വേറൊരാള്‍ പാടുന്നുണ്ടെങ്കില്‍ അയാള്‍ക്ക് ആ പാട്ട് അത്രേയും ഇഷ്ടപ്പെട്ടിട്ടല്ലേ. അപ്പോള്‍ അയാള്‍ക്ക് ആ പാട്ടിനോടുള്ള സ്‌നേഹം എന്ന് പറയുന്നത് എന്റെ ക്രിയേഷനോടുള്ള സ്‌നേഹമാണ്. അപ്പോള്‍ അതിനെ റെസ്പക്ട് ചെയ്ത് അയാള്‍ക്ക് പാടാനുള്ള ഫ്രീഡം കൊടുക്കുക.
ഇനി അത് ചെയ്യുന്നവര്‍ ആ പാട്ട് വെച്ച് മാത്രം കുറെ പൈസ ഉണ്ടാക്കുകയാണെങ്കില്‍, അതിന്റെ ഓഹരി ക്രിയേറ്റ് ചെയ്ത ആള്‍ക്ക് കൊടുക്കുക. പക്ഷേ ആരോടും പാട്ട് പാടരുതെന്ന് പറയാന്‍ തോന്നാറില്ല. നമ്മുടെ ഗാനം മറ്റൊരാള്‍ പാടുന്നത് കാണാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്, ഒരു ദൈവാനുഗ്രഹമാണ്. പാട്ട് ഇഷ്ടപ്പെട്ടുവെന്ന് കേള്‍ക്കുന്നത് തന്നെ അനുഗ്രഹമല്ലേ. അതുകൊണ്ട് വിലക്കാന്‍ തോന്നാറില്ല,’ ദീപക് ദേവ് പറയുന്നു.
content Highlight: Deepak dev says he doesn’t feel like stopping anyone from singing his songs.