| Friday, 7th June 2024, 8:20 pm

എമ്പുരാനില്‍ ഐറ്റം സോങ്ങ് പ്രതീക്ഷിക്കേണ്ട; എന്നാല്‍ അതേ ഫീല്‍ ക്രിയേറ്റ് ചെയ്യുന്ന ചില സംഭവങ്ങളുണ്ട്: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫര്‍. മലയാളത്തിലെ വലിയ സാമ്പത്തിക വിജയമായ ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം പ്രഖ്യാപനം മുതല്‍ക്കേ തന്നെ ഹൈപ്പിന്റെ കൊടുമുടിയിലായിരുന്നു.

ഇപ്പോള്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയാണ്. ഈ സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. എമ്പുരാന്‍ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

എമ്പുരാനിലെ പാട്ടുകളെ കുറിച്ച് പറയുകയാണ് ചിത്രത്തിന് സംഗീതം നല്‍കുന്ന ദീപക് ദേവ്. എമ്പുരാനിനും ഒരു ഐറ്റം സോങ്ങ് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് പ്രതീക്കേണ്ട എന്നായിരുന്നു ദീപകിന്റെ മറുപടി.

എന്നാല്‍ അതേ ഫീല്‍ ക്രിയേറ്റ് ചെയ്യുന്ന പല സംഭവങ്ങളും എമ്പുരാനില്‍ ഉണ്ടെന്നും പക്ഷെ ഇപ്പോള്‍ തനിക്ക് ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിന്റെ ഇടയില്‍ പൃഥ്വിരാജ് പല ഐഡിയകളും വരുമ്പോള്‍ തന്നെ വിളിക്കാറുണ്ടെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു.

ജിസ് ജോയ് ചിത്രമായ തലവന്റെ ഭാഗമായി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം എമ്പുരാന്റെ ഷൂട്ടിനിടയില്‍ പൃഥ്വിരാജ് വിളിച്ച് പുതിയ പാട്ടിനെ കുറിച്ച് സൂചന തന്നതായും ദീപക് ദേവ് പറയുന്നു.

‘എമ്പുരാനില്‍ ഐറ്റം സോങ്ങ് പ്രതീക്ഷിക്കേണ്ട. എന്നാല്‍ അതേ ഫീല്‍ ക്രിയേറ്റ് ചെയ്യുന്ന പല സംഭവങ്ങളുമുണ്ട്. പിന്നെ ഇപ്പോള്‍ എനിക്ക് ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റില്ല. കാരണം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് പല ഐഡിയകളും വന്ന് പൃഥ്വി വിളിക്കാറുണ്ട്.

വിളിച്ചിട്ട് എന്നോട് ഒരു പാട്ടിനുള്ള സ്‌കോപ്പുണ്ടെന്ന് പറയും. അങ്ങനെ കഴിഞ്ഞ ദിവസം ഷൂട്ടിന് ഇടയില്‍ ലൊക്കേഷനില്‍ നിന്ന് വിളിച്ചിരുന്നു. നിങ്ങള്‍ക്ക് ഒരു പാട്ട് വന്ന് വീണിട്ടുണ്ട്. എന്നെ വേണ്ട രീതിയില്‍ ഒന്നു കണ്ടാല്‍ മതിയെന്ന് പറഞ്ഞു,’ ദീപക് ദേവ് പറയുന്നു.


Content Highlight: Deepak Dev Says Don’t Expect An Item Song In Empuraan Movie

We use cookies to give you the best possible experience. Learn more