| Friday, 11th October 2024, 7:56 am

സീത എന്ന പവിത്രമായ പേര് അത്തരമൊരു പാട്ടില്‍ വെക്കാന്‍ തനിക്ക് പറ്റില്ലെന്ന് കൈതപ്രം തിരുമേനി പറഞ്ഞു: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

20 വര്‍ഷത്തിലധികമായി മലയാളസിനിമയില്‍ സജീവമായി നില്‍ക്കുന്ന സംഗീകസംവിധായകനാണ് ദീപക് ദേവ്. 2003ല്‍ റിലീസായ ക്രോണിക് ബാച്ചിലറിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായ ദീപക് 50ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും ദീപക് ദേവ് സ്വന്തമാക്കി.കലാഭവന്‍ മണിയെ നായകനാക്കി അനില്‍ സി. മേനോന്‍ സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമായിരുന്നു ബെന്‍ ജോണ്‍സണ്‍.

ദീപക് ദേവായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. ചിത്രത്തില്‍ കലാഭവന്‍ മണി ആലപിച്ച ‘സോനാ സോനാ’ എന്ന പാട്ട് ഇന്നും പല ഡാന്‍ഡ് പരിപാടികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ആ പാട്ടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ദീപക് ദേവ്.ആ പാട്ട് ആദ്യം കമ്പോസ് ചെയ്യാനിരുന്നത് തമിഴിലെ സംഗീതസംവിധായകന്‍ ദേവയായിരുന്നെന്നും എന്നാല്‍ അദ്ദേഹം പിന്നീട് പിന്മാറിയെന്നും ദീപക് ദേവ് പറഞ്ഞു.

അദ്ദേഹം ആദ്യം ആ പാട്ട് കമ്പോസ് ചെയ്തത് ‘സീതാ സീതാ നീ ഒന്നാം നമ്പര്‍’ എന്നായിരുന്നെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ ആ പ്രൊജക്ടിന്റെ ഭാഗമായപ്പോള്‍ ആ ട്യൂണ്‍ മാറ്റാന്‍ നോക്കിയെന്നും കലാഭവന്‍ മണി അതിന് സമ്മതിച്ചില്ലെന്നും ദീപക് ദേവ് പറഞ്ഞു. കൈതപ്രമായിരുന്നു ആ പാട്ടിന്റെ വരികള്‍ എഴുതാന്‍ വന്നതെന്നും ‘സീതാ സീതാ’ എന്ന വരി കേട്ട് അദ്ദേഹം ഞെട്ടിയെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.

സീത എന്ന പവിത്രമായ പേര് ഇങ്ങനെയൊരു പാട്ടില്‍ തനിക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്നും പകരം സോന, മോന, സുനൈന എന്നിങ്ങനെയുള്ള പേരുകള്‍ തന്ന് ഒരെണ്ണം സെലക്ട് ചെയ്യാന്‍ പറഞ്ഞെന്നും ദീപ്ക് പറഞ്ഞു. അതില്‍ നിന്ന് സോന എന്ന പേര് എടുത്തെന്നും അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ പാട്ട് ഉണ്ടായതെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സോനാ സോനാ എന്ന പാട്ട് ആദ്യം കമ്പോസ് ചെയ്യാനിരുന്നത് ദേവ സാറായിരുന്നു. പക്ഷേ അദ്ദേഹം പിന്നീട് ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി. പുള്ളി ഇട്ട ട്യൂണാണ് ‘സോനാ സോനാ’. ആ പാട്ട് ആദ്യം കമ്പോസ് ചെയ്തത് ‘സീതാ സീതാ നീ ഒന്നാം നമ്പര്‍’ എന്നായിരുന്നു. മണിച്ചേട്ടന് ആ ട്യൂണ്‍ വല്ലാതെ ഇഷ്ടപ്പെട്ടു. പക്ഷേ ദേവ സാര്‍ പോയതിന് ശേഷം അദ്ദേഹത്തിന്റെ ട്യൂണ്‍ ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു.

കൈതപ്രം തിരുമേനിയായിരുന്നു ആ പാട്ട് എഴുതാന്‍ വന്നത്. സീതാ സീതാ എന്ന വരി കേട്ട് പുള്ളി ദേഷ്യപ്പെട്ടു. ‘സീത എന്ന പേര് വളരെ പവിത്രമാണ്. ഇങ്ങനെയൊരു പാട്ടില്‍ ആ പേര് ഉപയോഗിക്കാന്‍ പറ്റില്ല’ എന്ന് അദ്ദേഹം പറഞ്ഞു. പകരം സോന, മോന, സുനൈന അങ്ങനെ കുറച്ച് പേരുകള്‍ തന്നിട്ട് ഒരെണ്ണം സെലക്ട് ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയില്‍ സോനാ സോനാ ഉണ്ടായത്’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Deepak Dev says about Kaithapram and Sona Sona song in Ben Johnson movie

We use cookies to give you the best possible experience. Learn more