ആ താരാട്ട് പാട്ടിന് ഒന്ന് വേഗം കൂട്ടാൻ സംവിധായകൻ പറഞ്ഞപ്പോഴാണ് ആ സൂപ്പർ ഹിറ്റ്‌ ഗാനം ഉണ്ടായത്: ദീപക് ദേവ്
Entertainment
ആ താരാട്ട് പാട്ടിന് ഒന്ന് വേഗം കൂട്ടാൻ സംവിധായകൻ പറഞ്ഞപ്പോഴാണ് ആ സൂപ്പർ ഹിറ്റ്‌ ഗാനം ഉണ്ടായത്: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th September 2024, 12:38 pm

ക്രോണിക് ബാച്ച്ലർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംഗീത സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ തന്നെ ഹിറ്റായി മാറിയപ്പോൾ തുടക്കകാലത്ത് തന്നെ തിരക്കുള്ള മ്യൂസിക്ക് ഡയറക്ടറായി മാറാൻ ദീപക്കിന് സാധിച്ചു. പിന്നാലെ എത്തിയ ഉദയനാണ് താരം, നരൻ, തുടങ്ങിയ സിനിമകളിലെ ഗാനങ്ങളെല്ലാം വമ്പൻ സ്വീകാര്യത നേടി.

ആദ്യ ചിത്രമായ ക്രോണിക്ക് ബാച്ച്ലറിനെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്. സംവിധായകൻ സിദ്ദിഖാണ് തന്നെ സിനിമയിലേക്ക് വിളിക്കുന്നതെന്നും ഒരു താരാട്ട് പാട്ട് ഉണ്ടാക്കി അദ്ദേഹത്തെ കേൾപ്പിച്ചപ്പോൾ അതിന്റെ വേഗം കൂട്ടാൻ പറഞ്ഞെന്നും ദീപക് ദേവ് പറയുന്നു. അങ്ങനെയാണ് സ്വയംവര ചന്ദ്രികേ എന്ന പാട്ടുണ്ടാവുന്നതെന്ന് ദീപക് ദേവ് പറഞ്ഞു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും വലിയ ഹിറ്റായെന്നും മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് അദ്ദേഹം പറഞ്ഞു.

‘എന്നെക്കുറിച്ച് പലയിടത്തുനിന്നും നല്ല അഭിപ്രായം കേട്ടായിരുന്നു സിദ്ധിഖേട്ടൻ്റെ വിളി. അദ്ദേഹം കേട്ടതെല്ലാം ദീപക് ദേവ് എന്ന പേരായിരുന്നു. അദ്ദേഹം എന്നെ വിളിച്ചിരുന്നത് ദീപു എന്നായിരുന്നു. രണ്ടും ഒരാളാണെന്ന് നേരിൽ കണ്ടുമുട്ടിയപ്പോഴാണ് മനസ്സിലായത്.

ദീപു ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ ചെയ്യാൻ ഇപ്പോൾ സമയമായി, എന്ന് പറഞ്ഞാണ് ക്രോണിക് ബാച്ച്ലർ എന്ന സിനിമയിലേക്ക് സ്വാഗതം ചെയ്‌തത്. തുടക്കമാണല്ലോ, എനിക്ക് ടെൻഷനായി. ഇതുകണ്ട അദ്ദേഹം, നീ ടെൻഷനടിക്കേണ്ട.

 

സിനിമയുടെ കഥ മുഴുവൻ ഞാൻ പിന്നെ പറഞ്ഞുതരാം. നീ ആദ്യം കുറച്ച് നല്ല പാട്ടുകൾ ഉണ്ടാക്ക്. ഒരു അടിപൊളി പാട്ട്, പ്രണയഗാനം. ഒരു വിഷാദഗാനം ഒക്കെ ഉണ്ടാക്ക്. അതെല്ലാം ഈ കഥയ്ക്ക് ചേരുമോ എന്ന് നോക്കട്ടെയെന്ന് പറഞ്ഞു.

താരാട്ടുപാട്ടാണ് ആദ്യം ഉണ്ടാക്കിയത്. അതുകേട്ട അദ്ദേഹം പറഞ്ഞു, സിനിമയിൽ എന്തായാലും താരാട്ടിനുള്ള സാധ്യതയില്ല. നീ പാട്ടിന്റെ വേഗം കൂട്ടെന്ന്. മടിച്ചാണെങ്കിലും താരാട്ടിന്റെ വേഗം കൂട്ടി. അപ്പോൾ ട്യൂൺ മാറി മറ്റേതോ തലത്തിലേക്ക് പോയി. അദ്ദേഹം പറഞ്ഞു, ഇതാണ് എനിക്ക് വേണ്ടത്. ഇതാണ് നമ്മുടെ സിനിമയിലെ പ്രണയഗാനം. ആ പാട്ടാണ് സ്വയംവര ചന്ദ്രികേ. ക്രോണിക് ബാച്ച്‌ലറിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായി,’ദീപക് ദേവ് പറയുന്നു.

 

Content Highlight: Deepak Dev About Songs In Chronic Bachelor movie songs