നരനിലെ ഗാനത്തിന് റഫറൻസായി ആന്റണി ചേട്ടൻ തന്നത് ലാലേട്ടന്റെ മറ്റൊരു സൂപ്പർ ഹിറ്റ് പാട്ട്: ദീപക് ദേവ്
Entertainment
നരനിലെ ഗാനത്തിന് റഫറൻസായി ആന്റണി ചേട്ടൻ തന്നത് ലാലേട്ടന്റെ മറ്റൊരു സൂപ്പർ ഹിറ്റ് പാട്ട്: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st October 2024, 4:25 pm

20 വര്‍ഷത്തിലധികമായി മലയാളസിനിമയില്‍ സജീവമായി നില്‍ക്കുന്ന സംഗീകസംവിധായകനാണ് ദീപക് ദേവ്. 2003ല്‍ റിലീസായ ക്രോണിക് ബാച്ചിലറിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായ ദീപക് 50ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും ദീപക് ദേവ് സ്വന്തമാക്കി.

മോഹൻലാലിനൊപ്പം ദീപക് ഒന്നിച്ച ഉദയനാണ് താരം, നരൻ, ഗ്രാൻഡ് മാസ്റ്റർ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളെല്ലാം വമ്പൻ സ്വീകാര്യത നേടി. ആ കൂട്ടത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ ഗാനമായിരുന്നു നരൻ എന്ന ചിത്രത്തിലെ വേൽമുരുക ഹരോ ഹരോ എന്ന പാട്ട്.

ആ കാവടി പാട്ട് കമ്പോസ് ചെയ്യുന്നതിന് മുമ്പ് നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ വന്ന് കണ്ടെന്നും പാട്ടിൽ ഒരു പഞ്ചാബി ഫ്ലേവർ ചേർക്കണമെന്ന് പറഞ്ഞെന്നും ദീപക് പറയുന്നു. പാട്ടിലെ പഞ്ചാബി ടച്ച് മോഹൻലാലിൻറെ ലക്കി ഫാക്ടറാണെന്ന് പറഞ്ഞ് അദ്ദേഹം റഫറൻസായി തന്ന ഗാനം നരസിംഹത്തിലെ ഗാനമായിരുന്നുവെന്നും ദീപക് പറഞ്ഞു.

‘ട്യൂൺ നന്നായതുകൊണ്ട് പാട്ട് എപ്പോഴും ഹിറ്റാകണമെന്നില്ല. നേരേ തിരിച്ചും സംഭവിക്കും. അഞ്ചുമിനിറ്റുകൊണ്ടുണ്ടാക്കിയ പാട്ട് എക്കാലവും ആഘോഷിക്കപ്പെടുന്നതായി മാറിയിട്ടുണ്ട്. അതിന് മികച്ച ഉദാഹരണമാണ് നരനിലെ വേൽമുരുകാ ഹരോ ഹരാ എന്ന ഗാനം.

നരനിലേക്ക് കാവടിപ്പാട്ട് കമ്പോസ് ചെയ്യാനായി തുടങ്ങുമ്പോൾ, നിർമാതാവായ ആൻ്റണി പെരുമ്പാവൂർ അരികിലേക്ക് വന്നു, ദീപു..നരസിംഹത്തിൽ പഞ്ചാബി ഫ്ലേവറിൽ ചെയ്‌ത ധാംകിണക്ക ധില്ലം ധില്ലം എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. പഞ്ചാബി മിക്‌സ് ലാൽസാറിന് ഭയങ്കര ലക്കായി വന്നിട്ടുണ്ട്. പറ്റുമെങ്കിൽ ഈ പാട്ടും അങ്ങനെ ചെയ്യണം.

കാവടിപ്പാട്ടിൽ എങ്ങനെ പഞ്ചാബി കൊണ്ടുവരുമെന്ന് അറിയില്ല, എന്നാലും ശ്രമിക്കാം എന്ന് ഞാൻ മറുപടി നൽകി. ശേഷം അഞ്ചുമിനിറ്റുകൊണ്ടിട്ട ട്യൂണാണ് നമ്മളിപ്പോൾ കേൾക്കുന്നത്. എല്ലാവർക്കും അതിഷ്ടപ്പെട്ടു. അത് എക്കാലത്തെയും വലിയ ആഘോഷപ്പാട്ടായി മാറി,’ദീപക് ദേവ് പറയുന്നു.

അതേസമയം മലയാളത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന എമ്പുരാൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലാണ് ദീപക് ദേവിപ്പോൾ. 2019ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

 

Content Highlight: Deepak Dev About Naran Movie Songs And Antony Perumbavoor