Entertainment
ലൂസിഫറിലെ ആ പാട്ടൊഴികെ ബാക്കി എല്ലാം വാട്ട്‌സാപ്പ് വഴി കമ്പോസ് ചെയ്തതാണ്: ദീപക് ദേവ്
മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവില്‍ നിന്ന് ഖുറേഷി അബ്രാം എന്ന അധോലോക നേതാവിലേക്കുള്ള മോഹന്‍ലാലിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആരാധകര്‍ ആഘോഷമാക്കി.
വെറുമൊരു മാസ് മസാല സിനിമ എന്ന നിലയില്‍ അവതരിപ്പിക്കാതെ ഓരോ കഥാപാത്രത്തിനും കൃത്യമായ സ്‌പെയ്‌സ് നല്‍കിയാണ് പൃഥ്വിരാജ് ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഏറ്റവും പ്രധാന ഘടകം ദീപക് ദേവിന്റെ സംഗീതമായിരുന്നു. ആദ്യാവസാനം സിനിമയുടെ മൂഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന സംഗീതമായിരുന്നു ദീപക് ഒരുക്കിയത്.
ലൂസിഫറിന്റെ ടെയില്‍ എന്‍ഡില്‍ കാണിച്ച എമ്പുരാനേ എന്ന പാട്ടിന്റെ കമ്പോസിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദീപക് ദേവ്. സിനിമയുടെ എല്ലാ വര്‍ക്കുകളും കഴിഞ്ഞ ശേഷമാണ് ആ പാട്ട് കമ്പോസ് ചെയ്തതെന്നും അങ്ങനെയൊരു പാട്ട് വേണമെന്ന് നിര്‍ബന്ധിച്ചത് പൃഥ്വിരാജായിരുന്നെന്നും ദീപക് ദേവ് പറഞ്ഞു.
ആ പാട്ടിന് വേണ്ടി താനും, പൃഥ്വിരാജും, മുരളി ഗോപിയും ഒരുമിച്ചിരുന്നെന്നും ബാക്കി എല്ലാ പാട്ടുകളും വാട്ട്‌സാപ്പ് വഴി ഓക്കെ ആക്കിയതാണെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ദേവ് ഇക്കാര്യം പറഞ്ഞത്.
‘എമ്പുരാനേ എന്ന പാട്ട് പൃഥ്വിയുടെ നിര്‍ബന്ധം കാരണം ഉണ്ടാക്കിയതാണ്. എല്ലാം കഴിഞ്ഞല്ലോ, ഈ പാട്ട് ഇനി എവിടെക്കൊണ്ട് വെക്കും എന്ന് ചോദിച്ചപ്പോള്‍ ‘എന്‍ഡ് ടൈറ്റിലില്‍ ഇടാം’ എന്ന് പൃഥ്വി പറഞ്ഞു. ഷൂട്ടും കഴിഞ്ഞ് റീ റെക്കോര്‍ഡിങ്ങും തീര്‍ന്നതിന് ശേഷമാണ് ആ പാട്ടിന് വേണ്ടി ഇരുന്നത്. ഞാനും പൃഥ്വിയും മുരളി ഗോപിയും ആദ്യമായി ഒരുമിച്ച് ഇരുന്നത് ആ പാട്ടിന് വേണ്ടിയാണ്. ബാക്കി എല്ലാം ഞാന്‍ ട്യൂണ്‍ ഉണ്ടാക്കി വാട്ട്‌സാപ്പില്‍ അയച്ചുകൊടുക്കും. പൃഥ്വി അത് ഓക്കെയാണോ അല്ലയോ എന്ന് പറയും.
ഞാന്‍ പല ട്യൂണ്‍ കൊടുത്തിട്ടും രാജുവിന് അത് ഓക്കെയായില്ല. ‘മാറ്റിപ്പിടി, വേറെ നോക്ക്’ എന്നാണ് പൃഥ്വി പറഞ്ഞത്. ഇനി എന്ത് മാറ്റിപ്പിടിക്കും? എനിക്കറിയാവുന്നത് മുഴുവന്‍ ഞാന്‍ എടുത്തു. ഇനി ഒന്നുമില്ല എന്ന് രാജുവിനോട് പറഞ്ഞു. പിന്നീട് രാജുവും മുരളിയും ഇരുന്ന് സംസാരിക്കുന്നത് ഞാന്‍ മാറിനിന്ന് കേട്ടു.
അപ്പോള്‍ അവര്‍ക്ക് വേണ്ടത് എന്താണെന്ന് മനസിലായി. ആ സമയത്ത് മനസില്‍ വന്ന ട്യൂണ്‍ ഇട്ടപ്പോള്‍ മുരളിക്ക് അത് ഓക്കെയായി. ‘ജെയിംസ് ബോണ്ട് മോഡല്‍ സാധനം, ഇത് മതി’ എന്ന് മുരളി ഗോപി പറഞ്ഞു. അങ്ങനെയാണ് ആ പാട്ട് ഉണ്ടായത്,’ ദീപക് ദേവ് പറഞ്ഞു.
Content Highlight: Deepak Dev about Empuraane song in Lucifer movie