ആദ്യസംവിധാനം സംരംഭമായ ലൂസിഫറിലൂടെ അമ്പരിപ്പിച്ച സംവിധായകനാണ് പൃഥ്വിരാജ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മേക്കിംഗ് കൊണ്ടും ശക്തമായ തിരക്കഥ കൊണ്ടും മികച്ചു നിന്നിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ആദ്യഭാഗത്തില്‍ തന്നെ രണ്ടാം ഭാഗത്തിലേക്കുള്ള സൂചനകള്‍ നല്‍കിയിരുന്നു. അതിലൊന്നാണ് എമ്പുരാന്‍ എന്ന പാട്ട്. നായകനായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ യഥാര്‍ത്ഥ മുഖം കാണിച്ചു തരുന്ന പാട്ട് ഉണ്ടായതെങ്ങനെയെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്. മൂവി മാന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് എമ്പുരാനെ പറ്റി പറഞ്ഞത്.
‘രണ്ടാം ഭാഗം കൂടി പ്ലാന്‍ ചെയ്തല്ല ലൂസിഫര്‍ ചെയ്തത്. ചിത്രത്തിന്റെ അവസാനമുള്ള പാട്ടിന്റെ വിഷ്വല്‍സ് എന്താണെന്ന് പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ന്യൂസ് പേപ്പര്‍ കട്ടിംഗ്‌സ് കാണിക്കുകയാണെന്നാണ് പറഞ്ഞത്.
‘ഇത്രയും നാള്‍ നമ്മള്‍ നിചാരിച്ചു വെച്ചിരുന്ന ഒരു വ്യക്തി, ആ വിചാരിച്ച് വെച്ചതിനെക്കാള്‍ വളരെ വലിയ ആളാണെന്ന് തിരിച്ചറിയുന്ന, അദ്ദേഹത്തെ ആഘോഷിക്കുന്ന ഒരു പാട്ടാണ്. അത് മനസില്‍ വെച്ച് ഒരു പാട്ട് ഉണ്ടാക്കാം. ഇപ്പോള്‍ അതില്‍ ടെന്‍ഷനടിക്കണ്ട. പടം കഴിയട്ടെ,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പടം ഇറങ്ങാന്‍ മൂന്നാഴ്ച ഉള്ളപ്പോഴാണ് അവസാനത്തെ പാട്ടിനെ പറ്റി ചിന്തിക്കുന്നത്,’ ദീപക് ദേവ് പറഞ്ഞു.
‘ലൂസിഫര്‍ ഷൂട്ട് കഴിഞ്ഞ് ആ പാട്ടിനായിട്ടാണ് ഞാനും പൃഥ്വിയും മുരളി ഗോപിയും കൂടി ആദ്യമായി ഒന്നിച്ച് ഇരുന്നത്. ബാക്കി പാട്ടുകള്‍ വാട്ട്‌സാപ്പ് വഴി അയക്കുകയായിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല.
ഇവരുടെ രണ്ട് പേരുടെയും മനസില്‍ പടം ഹിറ്റാവുകയാണെങ്കില്‍ അടുത്ത പടത്തിന്റെ പേര് എമ്പുരാന്‍ എന്നിടണമെന്നായിരുന്നു. പക്ഷേ മറ്റാരോടും ഇവരിത് ചര്‍ച്ച ചെയ്തിട്ടുമില്ല. അവസാനത്തെ പാട്ടിന്റെ ടൂണ്‍ ഞാന്‍ കേള്‍പ്പിച്ച് കഴിഞ്ഞപ്പോള്‍ മറ്റേ വാക്ക് ഇതിലേക്ക് ഇട്ടാലോ എന്ന് മുരളി ഗോപി പറഞ്ഞു. എന്നിട്ട് പാട്ടില്‍ എമ്പുരാനേ എന്ന് ചേര്‍ത്ത് പാടാന്‍ പറഞ്ഞു.
അത് ഇവിടെ എന്തിനാണ് എന്ന് ഞാന്‍ ചോദിച്ചു. ഈ സിനിമ ഹിറ്റാവുകയാണെങ്കില്‍ അടുത്ത സിനിമക്കായി കാത്തുവെച്ച് പേരാണ്. പക്ഷേ പടം കണ്ടിട്ട് പോസിറ്റീവ് വൈബാണ്. ഹിറ്റാവുമെന്നാണ് തോന്നുന്നത്. അതുകൊണ്ട് രണ്ടാം ഭാഗത്തിന്റെ പേര് അവസാനത്തെ പാട്ടിലിടാമെന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് എമ്പുരാനുണ്ടാവുന്നത്,’ ദീപക് കൂട്ടിച്ചേര്‍ത്തു.