| Wednesday, 27th November 2024, 11:19 am

ചെന്നൈയിലെ സ്പിന്‍ ബൗളിങ് പിച്ചിനേക്കാള്‍ നല്ലത് മുംബൈയിലെ ഫാസ്റ്റ് ബൗളിങ് പിച്ചാണ്: സുരേഷ് റെയ്‌നയ്ക്ക് മറുപടിയുമായി ദീപക് ചാഹര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മെഗാ താരലേലത്തിനുശേഷം കൂടുമാറി മറ്റു ടീമുകളിലെത്തിയ താരങ്ങളുടെ വിശേഷങ്ങളാണ് ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ പഴയ കളിക്കാരെ പലരെയും വാങ്ങിയെങ്കിലും ചെന്നൈ മാനേജ്മെന്റിന് ഉയര്‍ന്ന തുക കാരണം വാങ്ങാന്‍ കഴിയാത്ത കളിക്കാരില്‍ ഒരാളാണ് ദീപക് ചാഹര്‍.

ചെന്നൈയുടെ വിശ്വസ്തനും വര്‍ഷങ്ങളായി ചെന്നൈക്കുവേണ്ടി പന്ത് എറിഞ്ഞ പേസറിനെ നഷ്ടമായതില്‍ ആരാധകരും മാനേജ്‌മെന്റും ഒരേപോലെ നിരാശയിലാണ്. 9.25 കോടി രൂപയ്ക്കാണ് ചാഹറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മുന്‍ താരമായിരുന്ന സുരേഷ് റൈനയുമായി ചാഹര്‍ നടത്തിയ വീഡിയോ കോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ടുപോകുമ്പോള്‍ നിനക്ക് ധോണി ഭായിയെ മിസ് ചെയ്യില്ലേ എന്നായിരുന്നു റെയ്നയുടെ ചോദ്യം.

അല്‍പ്പം താമസിച്ചെങ്കിലും റെയ്നക്കുള്ള മറുപടിയുമായി ചാഹര്‍ രംഗത്തെത്തി. ‘ അദ്ദേഹത്തെ ആരാണ് മിസ് ചെയ്യാത്തത്, ധോണിക്ക് കീഴില്‍ ഐ.പി.എല്‍ കളിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. അതേസമയം ചെന്നൈയിലെ സ്പിന്‍ ബോളിങ്ങിന് അനുകൂലമായ പിച്ചിനേക്കാള്‍ മുംബൈയിലെ പേസ് ബോളിങ് പിച്ചുകളായിരിക്കും തനിക്ക് കുറച്ചുകൂടി നല്ലതെന്നും ചാഹര്‍ തുറന്നുപറഞ്ഞു.

2 കോടി അടിസ്ഥാനവിലയുള്ള ദീപക് ചാഹറിനെ 9 . 25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മാനേജ്‌മെന്റും ശക്തമായി ഇടപെട്ടിരുന്നു. എന്നാല്‍ മുംബൈയോട് പൊരുതി ചാഹറിനെ വാങ്ങാന്‍ ചെന്നൈക്ക് കഴിയാതെ പോയി. താര ലേലത്തിന്റെ രണ്ടാം ദിനം ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞാല്‍ കൂടുതല്‍ വില ലഭിച്ചതും ദീപക് ചാഹറിനാണ്. 10 .75 കോടിക്ക് ആര്‍.സി.ബി യാണ് ഭുവിയെ സ്വന്തമാക്കിയത്.

Content Highlight: Deepak Chahar Talking About Bowling Pitch At Chennai And Mumbai

We use cookies to give you the best possible experience. Learn more