ഇന്ത്യ-സിംബാബ്‌വെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ദീപക് ചഹര്‍ നടത്തിയത്. ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ക്രിക്കറ്റില്‍ തന്നെ തിരിച്ചെത്തുന്നത്. എന്നാല്‍ അതിന്റെ യാതൊരു പ്രശ്‌നവുമില്ലാതെയാണ് അദ്ദേഹം പന്തെറിഞ്ഞത്.
ഏഴ് ഓവറില്‍ 27 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് ചഹര്‍ കൊയ്തത്. വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ സിംബാബ്‌വെയുടെ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റര്‍മാരെയാണ് അദ്ദേഹം പുറത്താക്കിയത്. അക്ഷരാര്‍ത്ഥത്തില്‍ സിംബാബ്‌വെയുടെ നടുവൊടിക്കുന്ന പ്രകടനമായിരുന്നു ചഹര്‍ കാഴ്ചവെച്ചത്.
പരമ്പരക്ക് മുന്നോടിയായി ഇന്ത്യയെ വെല്ലുവിളിച്ച ഇന്നസെന്റ് കായയെയും, മരുമനി, വെസ്ലെ മദെവരെ എന്നിവരെയുമായിരുന്നു അദ്ദേഹം പുറത്താക്കിയത്. ചഹര്‍ തന്നെയായിരുന്നു കളിയിലെ താരവും.
എന്നാല്‍ ആ മാച്ച് വിന്നിങ് പ്രകടനം കൊണ്ട് മാത്രം ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ചഹര്‍ പറഞ്ഞു. ആറ് മാസങ്ങള്‍ക്ക് ശേഷം ടീമിലെത്തിയപ്പോള്‍ ടീമിനായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ടീമിലേക്ക് മടങ്ങിവരുമ്പോഴെല്ലാം കഴിയുമെങ്കില്‍ റണ്‍സ് നേടുകയും വിക്കറ്റ് നേടുകയും ചെയ്യുന്നത് എല്ലായ്‌പ്പോഴും പ്രധാനമാണ്. ഇന്ന് ഞാന്‍ ഒരു നല്ല സംഭാവന നല്‍കിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പരിക്ക് കാരണം 6 മാസം മുമ്പ് ഞാന്‍ എങ്ങനെ പോയോ അവിടെ തന്നെ തിരിച്ചെത്താന്‍ സാധിച്ചുവെന്ന് കരുതുന്നു. ടി-20 ലോകകപ്പിലേക്ക് എന്നെ തെരഞ്ഞെടുക്കുമോ എന്ന് എനിക്ക് പറയാനാവില്ല, പക്ഷേ ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്,’ ചഹര്‍ കൂട്ടിച്ചേര്‍ത്തു.
മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ബാക്കപ്പിലാണ് അദ്ദേഹം ഇടം നേടിയത്. ആദ്യ പതിനഞ്ചിലെ ഏതെങ്കിലും ബൗളര്‍ ടീമില്‍ നിന്നും പുറത്തുപോയാല്‍ മാത്രമെ അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നേടാന്‍ സാധിക്കുകയുള്ളൂ.
അതേസമയം ഇന്ത്യ-സിംബാബ്‌വെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
41ാം ഓവറില്‍ വെറും 189 റണ്‍സില്‍ സിംബാബ്‌വെയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറിങ്ങിയ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഓപ്പണിങ്ങിനിറങ്ങിയ വെറ്ററന്‍ താരം ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ച്വറികള്‍ നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 72 പന്ത് നേരിട്ട് 82 റണ്‍സുമായി അറ്റാക്ക് ചെയ്താണ് ഗില്‍ കളിച്ചതെങ്കില്‍ ധവാന്‍ സേഫ് ഗെയിമായിരുന്നു കളിച്ചത്.
113 പന്ത് നേരിട്ട് 81 റണ്‍സാണ് ധവാന്‍ നേടിയത്. ചെറിയ സ്‌കോര്‍ ചെയ്‌സ് ചെയ്താല്‍ മതിയെന്ന ബോധത്തിലായിരിക്കാം അദ്ദേഹം പതിഞ്ഞ താളത്തില്‍ ബാറ്റ് വീശിയത്. ഓപ്പണിങ്ങില്‍ നാല് തവണ ഒരുമിച്ചിറങ്ങിയ ധവാന്‍-ഗില്‍ സഖ്യത്തിന്റെ മൂന്നാം സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്നത്തെ മത്സരത്തിലേത്.
കളി ഫിനിഷ് ചെയ്ത ഫോറടക്കം ഒമ്പത് ഫോറാണ് ധവാന്‍ മത്സരത്തില്‍ നേടിയത്. പത്ത് ഫോറും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.