ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ഏകദിനത്തില്‍ നിന്നും സൂപ്പര്‍ താരം ദീപക് ചഹര്‍ പുറത്തായി. ഇന്ത്യന്‍ ടീമിനെ ദുര്‍ഭൂതം പോലെ പിന്തുടരുന്ന പരിക്കാണ് ചഹറിനെയും ടീമില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയിലും ഭാഗമായിരുന്ന ചഹര്‍ ആദ്യ മത്സരത്തിലൊഴികെ അത്ര മികച്ച ബൗളിങ് പ്രകടനമല്ല കാഴ്ചവെച്ചത്.
കണങ്കാലിനേറ്റ പരിക്കാണ് താരത്തെ പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തില്‍ നിന്നും പുറകോട്ട് വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണം കൊണ്ടാണ് താരം ആദ്യ ഏകദിനത്തിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടാതെ പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒക്ടോബര്‍ 16ന് മുഹമ്മദ് ഷമിയുടെ കൂടെ ലോകകപ്പ് ടീമിനൊപ്പം ചേരാന്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കാനിരിക്കവെയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന് പുറം വേദനയുമുണ്ട്. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് ചഹര്‍.
ബുംറക്ക് പകരക്കാരനായി ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട താരമാണ് ചഹര്‍. പുറം വേദനയെ തുടര്‍ന്നാണ് ബുംറയും ലോകകപ്പില്‍ നിന്നും പുറത്തായത്.
ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെ ബുംറക്ക് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇതത്ര സാരമുള്ള പരിക്കല്ല എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വിദഗ്ധ പരിശോധനയില്‍ താരത്തിന്റെ പരിക്ക് അല്‍പം ഗുരുതരമാണെന്നും ആറ് മാസത്തോളം വിശ്രമം വേണമെന്നുമായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് താരം ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്തായത്.
നീണ്ട കാലത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചഹര്‍ തിരിച്ചെത്തിയിട്ട് അധികകാലമായിട്ടില്ല. പരിക്ക് കാരണം കഴിഞ്ഞ ഐ.പി.എല്ലിലും താരത്തിന് പൂര്‍ണമായും കളിക്കാന്‍ സാധിച്ചിരുന്നില്ല.
ലോകകപ്പിന് മുമ്പുള്ള ടി-20 പരമ്പരയില്‍ അത്രകണ്ട് മികച്ച പ്രകടനമായിരുന്നില്ല ചഹറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രോട്ടീസ് ബാറ്റര്‍മാര്‍ നിലം തൊടീക്കാതെയായിരുന്നു ചഹറിന്റെ പന്തുകള്‍ അടിച്ചുകൂട്ടിയത്.
പരമ്പരയിലെ അവസാന മത്സരത്തില്‍ നാല് ഓവറില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്.
ബൗളിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ചില കാമിയോ സൂപ്പര്‍ ഉന്നിങ്‌സുകളും പിറന്നിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ചഹറായിരുന്നു ഇന്ത്യയുടെ രണ്ടാമത് മികച്ച ടോപ് സ്‌കോറര്‍. 17 പന്തില്‍ നിന്നും രണ്ട് ഫോറും മൂന്ന് സിക്‌സറുമുള്‍പ്പെടെ 31 റണ്‍സായിരുന്നു താരം നേടിയത്.
Content Highlight: Deepak Chahar ruled out from remaining matches in India – South Africa ODI series