| Saturday, 16th December 2023, 2:20 pm

മത്സരം നാളെ, ഏകദിന സ്‌ക്വാഡില്‍ നിന്ന് അവന്‍ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ നിന്നും പേസര്‍ ദീപക് ചഹറിന് കളിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. പിതാവ് അസുഖബാധിതനായതിനാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് എത്താനാവില്ല എന്ന ദീപക് ചഹറിന്റെ ആവശ്യം അപെക്‌സ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.

ചഹറിന് പകരക്കാരനായി യുവതാരം ആകാശ് ദീപിനെയാണ് ബി.സി.സി.ഐ ഏകദിന സ്‌ക്വാഡിന്റെ ഭാഗമാക്കിയിരിക്കുന്നത്.

അതേസമയം, പ്രോട്ടിയാസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമിക്ക് ഇടം പിടിക്കാന്‍ സാധിക്കില്ല എന്നും വ്യക്തമായിരിക്കുകയാണ്. പരിക്കേറ്റ ഷമിക്ക് പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമിന്റെ ട്രംപ് കാര്‍ഡിന് പരമ്പര നഷ്ടമാകുന്നത്.

സൂപ്പര്‍ താരം ശ്രേയസ് അയ്യരും ഏകദിന പരമ്പരയില്‍ പൂര്‍ണമായും ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പമുണ്ടാകില്ല. ആദ്യ ഏകദിനത്തില്‍ മാത്രമാണ് അയ്യരിന്റെ സേവനം ഇന്ത്യക്ക് ലഭിക്കുക. രണ്ട്, മൂന്ന് മത്സരങ്ങള്‍ നഷ്ടമാകുന്ന അയ്യര്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

അതേസമയം, ഡിസംബര്‍ 17നാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം. കെ.എല്‍. രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ 19നും മൂന്നാം മത്സരം 21നുമാണ് അരങ്ങേറുന്നത്.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ഇതോടെ അവസാനിച്ചിരിക്കുകയാണ്. പരമ്പര 1-1ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരം മഴയെടുക്കുകയും ശേഷിക്കുന്ന മത്സരങ്ങളില്‍ ഇരു ടീമും ഓരോന്ന് വീതം വിജയിക്കുകയും ചെയ്തതോടെയാണ് പരമ്പര സമനിലയില്‍ കലാശിച്ചത്.

ഇന്ത്യയുടെ പുതുക്കിയ ഏകദിന സ്‌ക്വാഡ്

ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ആകാശ് ദീപ്

Content highlight: Deepak Chahar ruled out from ODI series

We use cookies to give you the best possible experience. Learn more