ടി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ പരിക്ക് വിടാതെ പന്തുടരുന്നു. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്കും സൂപ്പര്‍ താരം ജസ്പ്രീത് ബുംറക്കും ശേഷം ഓള്‍ റൗണ്ടര്‍ ദീപക് ചഹറാണ് ടീമിന് പുറത്തായിരിക്കുന്നത്.
ഏറെ നാളിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ചഹറിനെ ബുംറയുടെ പകരക്കാരനായി പോലും പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരക്കിടെയേറ്റ പരിക്ക് താരത്തെ ലോകകപ്പില്‍ നിന്നും പുറകോട്ട് വലിക്കുകയായിരുന്നു.
ഷര്‍ദുല്‍ താക്കൂറിനെയാണ് പകരക്കാരനായി സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍.സി.എ) തുടരുന്ന ചഹര്‍ ഈ മാസം 15നകം പൂര്‍ണ ആരോഗ്യവാനായി കളിക്കാന്‍ സജ്ജനാകാന്‍ സാധ്യതയില്ല. ചഹറിന്റെ ഫിറ്റനെസ് ലെവല്‍ തന്നെയാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.
എന്നാല്‍ ഈ സമയത്തിനകം തന്നെ ബി.സി.സി.ഐ ടീമിന്റെ അന്തിമ പട്ടിക ഐ.സി.സിക്ക് സമര്‍പ്പിക്കേണ്ടിയിരുന്നതിനാല്‍ ചഹറിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ല.
അതേസമയം, ചഹറിന് പകരം മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കൂറും ഷമിക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക് പറക്കും.
‘ഷമി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ യോഗ്യനാണ്. അദ്ദേഹത്തിന് കുറച്ച് നല്ല സെഷനുകള്‍ ഉണ്ടായിരുന്നു. മാച്ച് പ്രാക്ടീസ് മാത്രമാണ് അദ്ദേഹത്തിന് ഇല്ലാത്തത്.
ഷമിയുടെ നൂറ് ശതമാനം പുറത്തെടുക്കുന്നതിനായി അവനെ രണ്ട് സന്നാഹ മത്സരങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതുണ്ട്. ഇതൊരു വളരെ വലിയ വെല്ലുവിളിയാണ്. പക്ഷേ അദ്ദേഹം പരിചയസമ്പന്നനായ ഒരു ബൗളറാണ്, എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം.
ദീപക് ഇപ്പോഴും ഫിറ്റല്ല. അതിനാല്‍, അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഞങ്ങള്‍ക്ക് ഇതുവരെ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഫിസിയോകള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അക്കാര്യം തീരുമാനിക്കും’ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.
നീണ്ട കാലത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചഹര്‍ തിരിച്ചെത്തിയിട്ട് അധികകാലമായിട്ടില്ല. പരിക്ക് കാരണം കഴിഞ്ഞ ഐ.പി.എല്ലിലും താരത്തിന് പൂര്‍ണമായും കളിക്കാന്‍ സാധിച്ചിരുന്നില്ല.
ലോകകപ്പിന് മുമ്പുള്ള ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയില്‍ അത്രകണ്ട് മികച്ച പ്രകടനമായിരുന്നില്ല ചഹറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രോട്ടീസ് ബാറ്റര്‍മാര്‍ നിലം തൊടീക്കാതെയായിരുന്നു ചഹറിന്റെ പന്തുകള്‍ അടിച്ചുകൂട്ടിയത്.
പരമ്പരയിലെ അവസാന മത്സരത്തില്‍ നാല് ഓവറില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്.
ബൗളിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ചില കാമിയോ സൂപ്പര്‍ ഇന്നിങ്സുകളും പിറന്നിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ചഹറായിരുന്നു ഇന്ത്യയുടെ രണ്ടാമത് മികച്ച ടോപ് സ്‌കോറര്‍. 17 പന്തില്‍ നിന്നും രണ്ട് ഫോറും മൂന്ന് സിക്സറുമുള്‍പ്പെടെ 31 റണ്‍സായിരുന്നു താരം നേടിയത്.
Content Highlight: Deepak Chahar ruled out from ICC T20 World Cup