ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ തേടി അടുത്ത സന്തോഷ വാര്‍ത്ത. പരിക്കേറ്റ് പുറത്തായ ദീപക് ചഹര്‍ ടീമിലേക്ക് തിരിച്ചെത്തുന്നതാണ് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് തെളിയിച്ചതോടെയാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് കളമൊരുങ്ങുന്നത്.
അമിത് മിശ്രയാണ് ചഹറിന്റെ ഫിറ്റ്‌നെസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. എന്‍.സി.എയില്‍ വെച്ച് ചഹറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം തിരിച്ചുവരവിന്റെ പാതിയിലാണെന്നുള്ള സൂചനകള്‍ നല്‍കിയത്.
‘സി.എസ്.കെ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. അവന്‍ പൂര്‍ണ ആരോഗ്യവാനാണ്. അടുത്ത് തന്നെ ഇന്ത്യയ്ക്കും ചെന്നൈയ്ക്കും വേണ്ടി കളിക്കാന്‍ അവനാവും. എല്ലാ വിധ ആശംസകളും,’ അമിത് മിശ്ര കുറിച്ചു.
ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ചഹര്‍. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റുകൊണ്ടും ഒപ്പം പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന ചഹര്‍ എന്തുതന്നെയായാലും ടീമിന് മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.
ചഹര്‍ ഇല്ലാതെ തന്നെ ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് മാരകമാണെന്നിരിക്കെ താരം കൂടി മടങ്ങിയെത്തുന്നതോടെ ഇന്ത്യന്‍ സ്‌ക്വാഡ് സ്‌ട്രോങ്ങാവുമെന്നുറപ്പാണ്. എന്നാല്‍ താരങ്ങളുടെ അതിസമ്പന്നത തന്നെയാവും ടീമിലേക്ക് മടങ്ങിയെത്താന്‍ പോവുമ്പോള്‍ ചഹര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഐ.പി.എല്‍ 15ാം സീസണ്‍ പൂര്‍ണമായും ചഹറിന് നഷ്ടപ്പെട്ടിരുന്നു.
നേരത്തെ ചഹര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു വീഡിയോ തരംഗമായിരുന്നു. പരിക്കേറ്റതിന് ശേഷം താന്‍ ആദ്യമായി ഒരു മത്സരം കളിച്ചതിന്റെ വീഡിയോ ആയിരുന്നു ചഹര്‍ പങ്കുവെച്ചത്.
പരിക്കേറ്റതോടെ ഐ.പി.എല്ലില്‍ നിന്നടക്കം ഏകദേശം അഞ്ച് മാസത്തോളം ചഹറിന് വിട്ടുനില്‍ക്കേണ്ടതായും വന്നിരുന്നു. യോയോ ടെസ്റ്റ് പാസായതിന് പിന്നാലെ വരാനിരിക്കുന്ന ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ചഹര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസയം, ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. 68 റണ്‍സിന്റെ വമ്പന്‍ ജയമായിരുന്നു ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിന്റെയും ബാറ്റിങ് മികവിലായിരുന്നു വിജയം സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 190 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍ നിരയില്‍ ഒരാള്‍ പോലും തിളങ്ങാതെ വന്നതോടെ വെസ്റ്റ് ഇന്‍ഡീസ് 122 റണ്‍സിന് കളിയവസാനിപ്പിച്ചു.
ആഗസ്റ്റ് ഒന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. വാര്‍ണര്‍ പാര്‍ക്കാണ് മത്സരവേദി.
Content Highlight: Deepak Chahar passes fitness test, will back in Indian team soon