| Thursday, 16th May 2024, 10:33 pm

നിര്‍ണായക മത്സരത്തില്‍ മഞ്ഞപ്പടയെ രക്ഷിക്കാന്‍ അവന്‍ വരുമോ? പ്രതീക്ഷയോടെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 17ാം സീസണ്‍ അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ ടീമിനും ഒരു മത്സരം വീതം ശേഷിക്കെ നാലാം സ്ഥാനത്ത് ഏത് ടീം ഫിന്ഷ് ചെയ്യുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കികാണുന്നത്. നാല് ടീമുകള്‍ ഇതിനോടകം പുറത്തായ സീസണില്‍ കൊല്‍ക്കത്തയും രാജസ്ഥാനും ഹൈദരബാദും മാത്രമാണ് യോഗ്യത നേടിയത്.

പ്ലേ ഓഫിന് മുന്നോടിയായി നോക്കൗട്ടിന് സമമായ മത്സരത്തിനാണ് ശനിയാഴ്ച ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ആദ്യ എട്ട് കളികള്‍ തോറ്റ് അവസാന സ്ഥാനത്ത് പോയതിന് ശേഷം സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. പിന്നീട് നടന്ന അഞ്ച് മത്സരങ്ങളും വിജയിച്ച് ആറാം സ്ഥാനത്താണിപ്പോള്‍ പ്ലേ ബോള്‍ഡ് ആര്‍മി.

ശനിയാഴ്ച ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ബെംഗളുരുവിന്റെ എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയും ബെംഗളുരുവുമായിരുന്നു ഏറ്റുമുട്ടിയത്. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

എന്നാല്‍ പ്രധാന കളിക്കാരുടെ അഭാവം ഇരുടീമുകളെയും ബാധിച്ചിട്ടുണ്ട്. ലോകകപ്പ് അടുക്കുന്നതിനാല്‍ രണ്ട് ടീമിലെയും പ്രധാന താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത് തിരിച്ചടിയായിട്ടുണ്ട്. ചെന്നൈയുടെ പ്രധാന ബൗളര്‍മാരായ പതിരാനയും, മുസ്തഫിസുറും, മൊയിന്‍ അലിയും നാട്ടിലേക്ക് മടങ്ങി. ബെംഗളൂരുവിന്റെ സ്റ്റാര്‍ ബാറ്റര്‍ വില്‍ ജാക്‌സിന്റെ സേവനവും വരും മത്സരത്തില്‍ ടീമിന് ലഭിക്കില്ല.

എന്നാല്‍ ചെന്നൈയുടെ പ്രതീക്ഷകള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ ടീമിന്റെ പ്രധാന ബൗളര്‍മാരിലൊരാളായ ദീപക് ചഹാര്‍ പരിക്ക് കാരണം പുറത്തുപോകേണ്ടി വന്നിരുന്നു. പിന്നീടുള്ള മൂന്ന് മത്സരത്തില്‍ താരത്തിന്റെ സേവനം ചെന്നൈക്ക് ലഭിച്ചിരുന്നില്ല.

ഇപ്പോഴിതാ താരം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ബെംഗളുരുവുമായുള്ള മത്സരത്തില്‍ കളിച്ചേക്കാനാകുമെന്നാണ് സൂചന.

ശനിയാഴ്ചത്തെ മത്സരം 18 റണ്‍സിനോ അല്ലെങ്കില്‍ ചെയ്‌സിങില്‍ 18.1 ഓവറിനുള്ളിലോ ജയിക്കാനായാല്‍ ബെംഗളുരുവിന് പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാല്‍ മഴമൂലം മത്സരം ഉപേക്ഷിച്ചാലോ 18 റണ്‍സിന് താഴെ തോറ്റാലോ ചെന്നൈക്ക് പ്ലേ ഓഫ് കളിക്കാനാകും.

Content Highlight: Deepak Chahar might play against  RCB on saturday

We use cookies to give you the best possible experience. Learn more