| Wednesday, 27th March 2024, 2:12 pm

സഞ്ജുവിന്റെ വജ്രായുധത്തെയും കടത്തിവെട്ടി ചെന്നൈയുടെ പടക്കുതിര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ സ്വന്തം തട്ടകത്തില്‍ ചെന്നൈ ഗുജറാത്തിനെ 63 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമാണ് നേടിയത്.

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ദീപക് ചഹര്‍ നടത്തിയത്. നാലു ഓവറില്‍ 28 റണ്‍സ് വിട്ടു നല്‍കി രണ്ടു വിക്കറ്റുകളാണ് താരം നേടിയത്. ഗുജറാത്ത് ഓപ്പണര്‍മാരായ ശുഭമാന്‍ ഗില്ലിനെയും, വൃദ്ധിമാന്‍ സാഹയേയുമാണ് ചഹര്‍ പുറത്താക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ചാഹര്‍ സ്വന്തമാക്കുകയാണ്. ഐ.പി.എല്ലില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത് താരം ആകാനാണ് ദീപക്കിന് സാധിച്ചത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്റെ പേസ് ബൗളര്‍ സന്ദീപ് ശര്‍മയെ മറികടന്നാണ് ദീപക് ഈ നേട്ടം കൈവരിച്ചത്.

ഐപിഎല്‍ ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ് എന്ന ക്രമത്തില്‍

ഭുവനേശ്വര്‍ കുമാര്‍ – 61

ദീപക് ചാഹര്‍ – 56

സന്ദീപ് ശര്‍മ – 55

ചെന്നൈക്ക് വേണ്ടി ദീപക് ചാഹറിന് പുറമെ മുസ്തഫിസൂര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ് പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഡാരില്‍ മിച്ചലും മതീഷ പതിരാന ഓരോ വിക്കറ്റുകളും നേടി.

ശിവം ദുബെയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോറിലെത്തിയത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ശിവം സ്വന്തമാക്കിയിരുന്നു. ശിവം 23 പന്തില്‍ നിന്ന് 5 സിക്സും രണ്ടു ഫൊറും അടക്കമാണ് ഗുജറാത്തിനെതിരെ തകര്‍ത്താടിയത്. ക്യാപ്റ്റന്‍ ഋതുരാജ് 36 പന്തില്‍ നിന്ന് 46 റണ്‍സും രചിന്‍ രവീന്ദ്ര 20 പന്തില്‍ നിന്ന് 46 റണ്‍സും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനു വേണ്ടി സായി സുദര്‍ശന്‍ 31 പന്തില്‍ നിന്ന് 37 റണ്‍സും ഡേവിഡ് മില്ലര്‍ 16 പന്തില്‍ നിന്ന് 21 റണ്‍സ് ഓപ്പണര്‍ വൃദ്ധിമാന്‍സാഹ 17 പന്തില്‍ നിന്ന് 21 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. എന്നിരുന്നാലും ചെന്നൈ ബൗളിങ് നിരക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ടൈറ്റന്‍സിന് കഴിഞ്ഞില്ല.

ഗുജറാത്തിനു വേണ്ടി റാഷിദ് ഖാന്‍ 49 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ സായി കിഷോര്‍, സെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: Deepak Chahar In Record Achievement

We use cookies to give you the best possible experience. Learn more