സഞ്ജുവിന്റെ തുറുപ്പുചീട്ടിന്റെ റെക്കോഡ് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ താരം; ഇവനാണ് ഗുജറാത്തിന്റെ അന്തകന്‍
Cricket
സഞ്ജുവിന്റെ തുറുപ്പുചീട്ടിന്റെ റെക്കോഡ് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ താരം; ഇവനാണ് ഗുജറാത്തിന്റെ അന്തകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th March 2024, 11:33 am

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനാണ് സാധിച്ചത്.

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ദീപക് ചഹര്‍ നടത്തിയത്. നാലു ഓവറില്‍ 28 റണ്‍സ് വിട്ടു നല്‍കി രണ്ടു വിക്കറ്റുകളാണ് താരം നേടിയത്. ഗുജറാത്ത് ഓപ്പണര്‍മാരായ ശുഭമാന്‍ ഗില്ലിനെയും, വൃദ്ധിമാന്‍ സാഹയേയുമാണ് ചഹര്‍ പുറത്താക്കിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ചെന്നൈ പേസര്‍ സ്വന്തമാക്കിയത്. ഐ. പി.എല്ലില്‍ ഒരു ഇന്നിങ് സിന്റെ ആദ്യ മൂന്ന് ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി മാറാനാണ് ദീപക് ചാഹറിന് സാധിച്ചത്. 37 വിക്കറ്റുകളാണ് ദീപക് ആദ്യ മൂന്ന് ഓവറില്‍ നേടിയത്.

 

36 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മയെ മറികടന്നു കൊണ്ടായിരുന്നു ചഹറിന്റെ മുന്നേറ്റം.

ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സിന്റെ ആദ്യ മൂന്ന് ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകളുടെ എണ്ണം

ഭുവനേശ്വര്‍ കുമാര്‍-50

ട്രെന്റ് ബോള്‍ട്ട്-41

ദീപക് ചഹര്‍-37

സന്ദീപ് ശര്‍മ-36

സഹീര്‍ ഖാന്‍ -33

മുഹമ്മദ് ഷമി-32

പ്രവീണ്‍ കുമാര്‍-29

അതേസമയം ചെന്നൈ നിരയില്‍ 23 പന്തില്‍ 51 റണ്‍സ് നേടി ശിവം ദൂബെ നിര്‍ണായകമായി. തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച നായകന്‍ റിതുരാജ് ഗെയ്ഗ്വാദ്, രചിന്‍ രവീന്ദ്ര എന്നിവരും ചെന്നൈയെ കൂറ്റന്‍ ടോട്ടലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗെയ്ക്വാദ് 36 പന്തില്‍ 46 റണ്‍സും രവീന്ദ്ര 20 പന്തില്‍ 46 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ദീപക് ചഹര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ടെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് തകര്‍ന്നടിയുകയായിരുന്നു. 31 പന്തില്‍ 37 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍.

Content Highlight: Deepak Chahar great performance against Gujarat Titans