| Monday, 29th May 2023, 8:05 pm

ക്വാളിഫയറില്‍ മുംബൈക്ക് കൊടുക്കേണ്ടി വന്ന വില ആറാം കിരീടമാണ്; ഗില്ലിന് ജീവന്‍ കൊടുത്ത് ധോണിപ്പട! അവനിനി ജീവനെടുക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ഫൈനല്‍ മത്സരത്തിന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മഴ പെയ്‌തേക്കാമെന്ന പ്രവചനമുള്ളതിനാലാണ് തങ്ങള്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പതിവുപോലുള്ള വെടിക്കെട്ട് തുടക്കമായിരുന്നില്ല ടൈറ്റന്‍സിന് ഓപ്പണര്‍മാര്‍ നല്‍കിയത്. ദീപക് ചഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ വൃദ്ധിമാന്‍ സാഹ – ശുഭ്മന്‍ ഗില്‍ കൂട്ടുകെട്ടില്‍ നാല് റണ്‍സ് മാത്രമാണ് പിറന്നത്.

തുഷാര്‍ ദേശ്പാണ്ഡേയായിരുന്നു രണ്ടാം ഓവര്‍ എറിയാനെത്തിയത്. ദേശ്പാണ്ഡേയുടെ ഓവറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിധി തന്നെ മാറ്റി മറിച്ചേക്കാന്‍ സാധ്യതയുള്ള ഒരു മൊമെന്റും പിറന്നിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തിലായിരുന്നു അത് നടന്നത്.

ബാക്ക്വാര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ച സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ ക്യാച്ച് ദീപക് ചഹര്‍ താഴെയിടുകയായിരുന്നു. ഗില്‍ മൂന്ന് റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ചഹര്‍ ഗില്ലിനെ താഴെയിട്ടു കളഞ്ഞത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം കിരീടമോഹം പോലും തകര്‍ക്കാന്‍ സാധ്യതയുള്ള തെറ്റായിരുന്നു അത്.

ഇതിന് പിന്നാലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡ് ഗില്ലിന്റെ ക്യാച്ച് കൈവിട്ടതിനെ കുറിച്ചായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞുകൊണ്ടിരുന്നത്. വ്യക്തിഗത സ്‌കോര്‍ 30ല്‍ നില്‍ക്കവെയായിരുന്നു ഡേവിഡ് ഗില്ലിനെ താഴെയിട്ടത്. തുടര്‍ന്ന് 99 റണ്‍സ് കൂടി നേടിയാണ് ഗില്‍ തന്റെ കരിയറിലെ മൂന്നാം ഐ.പി.എല്‍ സെഞ്ച്വറി തികച്ചത്.

അതേസമയം, മത്സരത്തിലെ നാല് ഓവര്‍ പിന്നിട്ടപ്പോള്‍ ടൈറ്റന്‍സ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 38 റണ്‍സ് എന്ന നിലയിലാണ്. പത്ത് പന്തില്‍ നിന്നും 17 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 14 പന്തില്‍ നിന്നും 21 റണ്‍സുമായി സാഹയുമാണ് ക്രീസില്‍.

ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, മോഹിത് ശര്‍മ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ചെന്നൈ സൂപ്പര്‍ കിങ്സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ്, ഡെവോണ്‍ കോണ്‍വേ, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, അംബാട്ടി റായിഡു, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, മതീശ പതിരാന, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ.

Content highlight: Deepak Chahar dropped Shubman Gill’s catch

We use cookies to give you the best possible experience. Learn more