| Wednesday, 5th October 2022, 10:56 am

ഇതാണോ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്; സിറാജിനെ പച്ചക്ക് പുലഭ്യം പറഞ്ഞ് ദീപക് ചഹര്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തിലെ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫീല്‍ഡിങ്ങിനിടെ വരുത്തിയ ഒരു പിഴവിന് സഹതാരം മുഹമ്മദ് സിറാജിനെ അധിക്ഷേപിക്കുന്ന ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെ ക്യാച്ച് കംപ്ലീറ്റ് ചെയ്യാന്‍ സിറാജിന് സാധിക്കാതെ വന്നതോടെയാണ് ചഹര്‍ നിലവിട്ട് പെരുമാറിയത്.

ചഹറിന്റെ സ്‌പെല്ലിലെ നാലാം ഓവറിലായിരുന്നു സംഭവം. ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്തുകൊണ്ട് റിലി റൂസോ ടി-20യിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

തൊട്ടടുത്ത പന്തില്‍ ട്രസിറ്റണ്‍ സ്റ്റബ്‌സിനെ പുറത്താക്കിയ ചഹറിന്റെ അടുത്ത ഡെലിവറി നേരിടാനെത്തിയത് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തച്ചുതകര്‍ത്ത ഡേവിഡ് മില്ലറായിരുന്നു.

മില്ലറിനെതിരെയുള്ള ആദ്യ പന്ത് ഡോട്ടാക്കാന്‍ ചഹറിനായി. എന്നാല്‍ അടുത്ത പന്ത് നോ ബോളാവുകയായിരുന്നു. തുടര്‍ന്നുവന്ന മൂന്ന് പന്തില്‍ മൂന്ന് സിക്‌സറടിച്ചുകൊണ്ടായിരുന്നു മില്ലര്‍ ചഹറിന് സൈന്‍ ഓഫ് നല്‍കിയത്.

എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ മില്ലറിനെ പുറത്താക്കാനുള്ള സകല സാധ്യതയും ഇന്ത്യക്കുണ്ടായിരുന്നു. അഞ്ചാം പന്ത് സ്ലോ ഡെലിവറിയായി ആയിട്ടായിരുന്നു ചഹര്‍ എറിഞ്ഞത്. ആ പന്തും മില്ലര്‍ സിക്‌സറിന് തൂക്കാന്‍ ശ്രമിച്ചു, എന്നാല്‍ വേണ്ടത്ര ദൂരം അടിക്കാന്‍ മില്ലറിനായില്ല.

ബൗണ്ടറി ലൈനിന് തൊട്ടടുത്ത് വെച്ച് സിറാജ് ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ താരത്തിന്റെ കാല് ബൗണ്ടറി റോപ്പില്‍ തട്ടുകയും സിക്‌സറാവുകയുമായിരുന്നു.

ഇതോടെ എല്ലാ നിയന്ത്രണവും വിട്ട ചഹര്‍ സിറാജിനെ അധിക്ഷേപിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അവസാന ഓവറില്‍ വഴങ്ങിയ മൂന്ന് സിക്‌സറടക്കം നാല് ഓവറില്‍ 12.00 എക്കോണമിയില്‍ 48 റണ്‍സാണ് ചഹര്‍ വിട്ടുനല്‍കിയത്.

സിറാജും മോശം രീതിയിലാണ് പന്തെറിഞ്ഞത്. നാല് ഓവറില്‍ 44 റണ്‍സാണ് സിറാജ് വഴങ്ങിയത്.

Content Highlight: Deepak Chahar abused Muhammed Siraj

We use cookies to give you the best possible experience. Learn more