| Saturday, 5th March 2022, 9:21 am

ഇത് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ തൂങ്ങിച്ചാവും, ചെയ്താല്‍ ഞാന്‍ നിങ്ങളെ തല്ലിക്കൊല്ലും; ലൂസിഫറിനായി പൃഥ്വിയെ വിളിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ മുഖത്തില്‍ തുടങ്ങിയതാണ് പൃഥ്വിരാജും സംഗീതസംവിധായകന്‍ ദീപക് ദേവും തമ്മിലുള്ള ബന്ധം. ഈ ചിത്രത്തിലാണ് പൃഥ്വിരാജ് ആദ്യമായി ഗായകനായത്. ‘പുതിയ മുഖം’ എന്ന ഗാനം പിന്നെ തരംഗമാകുന്ന കാഴ്ചയാണ് മലയാള സിനിമ കണ്ടത്.

പിന്നീട് താന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലും സംഗീതസംവിധാനം ചെയ്യാനായി പൃഥ്വി തെരഞ്ഞെടുത്തത് ദീപക് ദേവിനെയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ലൂസിഫറിലേക്ക് ദീപക് ദേവ് സംഗീത സംവിധാനം ചെയ്യാന്‍ എത്തിയതിന് പിന്നില്‍ രസകരമായ സംഭവങ്ങളുണ്ട്.

ലൂസിഫര്‍ പ്രഖ്യാപനത്തിന് പിന്നാലെ താന്‍ പൃഥിയെ മ്യൂസിക് ചെയ്യുന്നതാരാണെന്ന് അറിയാന്‍ വിളിച്ചെന്നും എന്നാല്‍ പൃഥ്വി നിങ്ങള്‍ ചെയ്താല്‍ ശരിയാവില്ല എന്നാണ് പറഞ്ഞതെന്നും താനപ്പോള്‍ പിള്ളേരെ പോലെ വാശി പിടിച്ചെന്നും ദീപക് പറയുന്നു. മൂവി മാന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് പൃഥ്വിരാജുമായുള്ള രസകരമായ സംഭവം വിവരിച്ചത്.

‘ലൂസിഫറിന് മുമ്പോ ശേഷമോ ഒരു സംവിധായകനെയോ പ്രൊഡ്യൂസറെയോ വിളിച്ച് ചാന്‍സ് ചോദിക്കേണ്ടി വന്നിട്ടില്ല. അങ്ങനെ ചോദിച്ച് ചെയ്യുന്നിതില്‍ താല്‍പര്യവുമില്ല. പക്ഷേ ലൂസിഫറിന്റെ പ്രഖ്യാപനം കണ്ടതോടെ ഞാന്‍ പൃഥ്വിരാജിനെ ഒരു അവകാശത്തോടെ തന്നെ വിളിച്ച് പടത്തിന്റെ കാര്യം ചോദിച്ചു.

അത് ഈ വര്‍ഷമൊന്നുമില്ല, അടുത്ത വര്‍ഷമേയുള്ളൂവെന്നാണ് പൃഥ്വി പറഞ്ഞത്. ആരാ മ്യൂസിക്കെന്ന് ഞാന്‍ ചോദിച്ചു. ജീവിതത്തിലാദ്യമായാണ് അങ്ങനെ ചോദിക്കുന്നത്. ‘ആരാണെന്ന് തീരുമാനിച്ചിട്ടില്ല, ആന്റണി പെരുമ്പാവൂരല്ലേ പ്രൊഡ്യൂസര്‍, ആരെ വെച്ചാലെന്താ,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ഒരു കാര്യം ഞാന്‍ പറയാം, ഞാന്‍ തന്നെയാണ് മ്യൂസിക് ഡയറക്ടര്‍ എന്ന് ഞാന്‍ പറഞ്ഞു. അതെങ്ങനെ ശരിയാവും, അത് ശരിയാവില്ല എന്ന് പുള്ളിയും പറഞ്ഞു. അത് വേണമെന്ന് പറഞ്ഞ് പിള്ളേര് വാശി പിടിക്കുന്നതുപോലെ ഞാന്‍ വാശി പിടിച്ചു. പുള്ളി പറഞ്ഞത് നമ്മള്‍ തമ്മില്‍ എപ്പോഴും അടിയാണെന്നാണ്. ഇത്രയും വലിയ സുഹൃത്തായിട്ട് നിങ്ങളുടെ പടം ഞാന്‍ മ്യൂസിക് ചെയ്യാതെ വേറെ ഒരാള് ചെയ്താല്‍ പിന്നെ ഞാന്‍ പോയി തൂങ്ങിച്ചത്താല്‍ പോരെയെന്ന് ഞാനും പറഞ്ഞു.

അപ്പോള്‍ പൃഥ്വി പറഞ്ഞത് ഇങ്ങനെയാണ്, ‘നിങ്ങള്‍ ചെയ്തില്ലെങ്കില്‍ പോയി തൂങ്ങിച്ചാകും, നിങ്ങള്‍ ചെയ്താല്‍ നമ്മള്‍ അടിയായി ഞാന്‍ നിങ്ങളെ തല്ലിക്കൊല്ലും. എങ്ങനെയായാലും മരണം ഉറപ്പാണ്,’. ഒരു സുഹൃത്തിന്റെ കൈ കൊണ്ട് മരിക്കുന്നതാണ് എനിക്കിഷ്ടമെന്ന് പറഞ്ഞ് ഞാന്‍ സെന്റിയടിച്ചു. ആ നോക്കട്ടെയെന്ന് പൃഥ്വി പറഞ്ഞു. ഞാന്‍ തന്നെ ചെയ്യുമെന്ന് ഒരു ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞിട്ടാണ് ഞാന്‍ ഫോണ്‍ വെച്ചത്,’ ദീപക് പറഞ്ഞു.

‘അത് കഴിഞ്ഞയുടനെ മല്ലികയാന്റീനെ വിളിച്ചു. ഈ പൃഥ്വിയെന്താണിത്, മ്യൂസിക് ചെയ്യാന്‍ ആളെ തീരുമാനിച്ചിട്ടില്ലെന്ന് പറയുന്നു എന്ന് ഞാന്‍ പറഞ്ഞു. അവന്‍ വെറുതെ പറയുന്നതാണ്, ഇന്നലെ ദീപകാണ് മ്യൂസിക് ചെയ്യുന്നതെന്ന് എന്നോട് പറഞ്ഞതാണെന്ന് മല്ലികയാന്റി പറഞ്ഞു. അത് കേട്ടപ്പോള്‍ സമാധാനമായി. അപ്പോള്‍ അത് പിടിച്ചുവലിച്ചതാണെന്ന തോന്നലും പോയി. എന്നാല്‍ ഫ്രണ്ട്ഷിപ്പിന്റെ ബേസിസിലല്ല, നിങ്ങള്‍ ചെയ്താല്‍ ശരിയാവുമെന്ന് തോന്നീട്ടാണ് വര്‍ക്ക് തരുന്നതെന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്,’ ദീപക് കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് രണ്ടാമത് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും ദീപക് ദേവ് തന്നെയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്.


Content Highlight: deepak about a funny experience with prithviraj

We use cookies to give you the best possible experience. Learn more