വാക്‌സ് ചെയ്യാനോ പുരികം ത്രെഡ് ചെയ്യാനോ പാടില്ലെന്ന് പറഞ്ഞു; ഡാര്‍ക്കാകുമെന്ന് കരുതി ടെന്‍ഷനടിച്ചു: ദീപ തോമസ്
Entertainment
വാക്‌സ് ചെയ്യാനോ പുരികം ത്രെഡ് ചെയ്യാനോ പാടില്ലെന്ന് പറഞ്ഞു; ഡാര്‍ക്കാകുമെന്ന് കരുതി ടെന്‍ഷനടിച്ചു: ദീപ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2024, 9:09 pm

അപ്പന്‍ എന്ന പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘പെരുമാനി’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പെരുമാനി എന്ന വ്യത്യസ്തമായ ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ പറഞ്ഞത്.

വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചത് ദീപ തോമസായിരുന്നു. പെരുമാനിയുടെ പ്രൊമോഷന്റെ ഭാഗമായി ഡ്രീം സ്‌ക്രീന്‍ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദീപ.

‘പെരുമാനിയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് ഫാത്തിമ എന്നാണ്. അവിടെ നാട്ടിന്‍പുറത്തുള്ള ഒരു നാടന്‍ കഥാപാത്രമാണ്. എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു കഥാപാത്രമായിരുന്നു ഇത്. ഞാന്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ല. എങ്കിലും ഈ കഥാപാത്രം എനിക്ക് കുറച്ച് സ്‌പെഷ്യലാണ്.

ഞാന്‍ ഇതിന് വേണ്ടി ചെറിയ ട്രാന്‍സ്‌ഫോര്‍മേഷനൊക്കെ നടത്തിയിട്ടുണ്ട്. കുറച്ചു വണ്ണമൊക്കെ വെച്ചിട്ടുണ്ട്. ഏകദേശം ആറു കിലോയൊക്കെ വര്‍ധിപ്പിച്ചു. മജൂക്ക ആദ്യം തന്നെ ഒരു കാര്യം പറഞ്ഞിരുന്നു, മേക്കപ്പോ അങ്ങനെയുള്ള ഒരു പരിപാടിയും ചെയ്യരുത് എന്ന്. അത്രയും റോ ആകണമെന്ന് പറഞ്ഞിരുന്നു.

പുരികം ത്രെഡ് ചെയ്യാന്‍ പാടില്ലെന്നും വാക്‌സ് ചെയ്യരുതെന്നും പറഞ്ഞു. ഇങ്ങനെ ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ എനിക്ക് ഒരുപാട് എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. ആ കഥാപാത്രം നന്നായി വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്.

സുലേഖ മനസില്‍ എന്ന സിനിമ കണ്ടിട്ടാണ് മജൂക്ക എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. മറ്റു സിനിമകളൊന്നും അദ്ദേഹം കണ്ടിരുന്നില്ല. മജൂക്കയുടെ സിനിമയെന്ന് കേട്ടപ്പോള്‍ ഒരു ഡാര്‍ക്ക് പരിപാടിയാകും എന്നാണ് കരുതിയത്. അദ്ദേഹത്തിന്റെ അപ്പന്‍ സിനിമ അങ്ങനെ ഉള്ളതായിരുന്നല്ലോ. അതുകൊണ്ട് എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു,’ ദീപ തോമസ് പറഞ്ഞു.


Content Highlight: Deepa Thomas Talks About Perumani Movie