ഒരാള്‍ സംസാരിക്കാന്‍ വന്നാല്‍ എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് മുമ്പ് അറിയില്ലായിരുന്നെന്നും അതുകൊണ്ട് ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ കുറച്ച് മോശം അനുഭവം ഉണ്ടായിരുന്നെന്നും നടി ദീപ തോമസ്.
സിനിമ ഷൂട്ടിങ്ങിനിടെ മുടി കത്തിപ്പോവുകയും മേക്കപ്പ് പ്രൊഡക്ട്‌സ് മോശമായതിനാല്‍ ചര്‍മത്തില്‍ പ്രശ്‌നമുണ്ടായിരുന്നെന്നും പക്ഷേ പേടിച്ച് ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നും ദീപ തോമസ് പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപ ഇക്കാര്യം പങ്കുവെച്ചത്.
‘ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മുടിക്കത്തിപ്പോവുകയും മേക്കപ്പ് പ്രൊഡക്ട്‌സ് മോശമായതിനാല്‍ ചര്‍മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, പേടിച്ച് ഞാന്‍ മിണ്ടിയില്ല.
ഞാന്‍ കാരണം ലൊക്കേഷനില്‍ പ്രശ്‌നമുണ്ടാവരുത് എന്ന് കരുതിയിട്ടാണ് മിണ്ടാതിരുന്നത്. ഞാന്‍ ‘പീപ്പിള്‍ പ്ലീസറാ’യിരുന്നു. പക്ഷേ, അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോള്‍ ബോധ്യമായി. ഒരാള്‍ നമ്മളെ ഉപദ്രവിച്ചാല്‍ തിരിച്ച് നല്ലതുപോലെ പ്രതികരിക്കുക. മിണ്ടാതിരിക്കേണ്ട ഒരു ആവശ്യവുമില്ല എന്ന് ഇന്നെനിക്ക് അറിയാം,’ ദീപ പറഞ്ഞു.
സിനിമയില്‍ പുതുമുഖമായത് കൊണ്ടുതന്നെ തളര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും എളുപ്പമാണെന്നും അതൊക്കെ തരണം ചെയ്യണമെന്നും ദീപ പറഞ്ഞു. ഒരിക്കലും നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍, ചിന്തകള്‍, ഇമോഷന്‍സ് മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് താന്‍ പഠിച്ചെന്നും ചിലര്‍ അതിലൂടെ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുമെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍, ഇമോഷന്‍സ്, ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് ഞാന്‍ പഠിച്ചു. ചിലര്‍ അതിലൂടെ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കും. അതുകൊണ്ട് ഒരിക്കലും പേടിച്ച് ജീവിക്കരുത്, ആരെയും. ചില കാര്യത്തില്‍ നമ്മള്‍ നോ പറയേണ്ടി വരും. നോ പറഞ്ഞാല്‍ നോ ആണ്. ചെയ്യരുത്, ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ അത് ആരായാലും കേള്‍ക്കണം. ഏതൊരു ബന്ധത്തിലും അതിന് പ്രാധാന്യമുണ്ട്,’ ദീപ പറഞ്ഞു.
വൈറസ്, മോഹന്‍കുമാര്‍ ഫാന്‍സ്, ഹോം തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലെ നിറ സാന്നിധ്യമായ ദീപ ‘ഞാന്‍ ഇപ്പോ എന്താ ചെയ്യാ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികനിരയിലേക്ക് സ്ഥാനമുറപ്പിക്കാന്‍ ഒരുങ്ങുകയാണ്. വിജയ് മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍.