Advertisement
Entertainment
ഒരു നടി പർദയിട്ട് നടന്നിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്; പ്രൈവസി പോയിക്കഴിഞ്ഞാൽ സീനാണ്: ദീപ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 26, 03:21 am
Wednesday, 26th July 2023, 8:51 am

അഭിനേതാക്കൾക്ക് പൊതു ജീവിതം ആസ്വദിക്കാൻ കഴിയാറില്ലെന്ന് നടി ദീപ തോമസ്. ഒരു നടി പർദയിട്ട് നടക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അഭിനേതാക്കൾക്ക് അവരുടെ സ്വകാര്യത നഷ്ടപ്പെടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ദീപ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സെലിബ്രിറ്റി ലൈഫിന് തീരെ പ്രൈവസി ഉണ്ടാകില്ല. ഞാൻ ഒരു ദിവസം ഒരു ചായക്കടയിൽ പോയി. അവിടെ എല്ലാവരും ഈ കുട്ടി സിനിമയിൽ ഉള്ളതല്ലേ എന്ന് പറഞ്ഞ് നോക്കി. എനിക്ക് അതൊക്കെ ഇഷ്ടമാണ്. സെൽഫി എടുക്കുന്നതും സംസാരിക്കുന്നതും ഒക്കെ. പക്ഷെ ഭക്ഷണം കഴിക്കുമ്പോൾ നമ്മളെ തന്നെ എല്ലാവരും നോക്കി നിൽക്കുന്നത് ചമ്മൽ ഉണ്ടാക്കും.

ഞാൻ ഇപ്പോൾ സെലിബ്രിറ്റി ജീവിതം തുടങ്ങുന്നതല്ലേയുള്ളു. മിക്ക പൊതു ഇടങ്ങളിലും ഞാൻ പോകാറുണ്ട്. കോഴിക്കോട് ഞാനൊരു റെഗുലർ ഫേസ് ആയി മാറിയിട്ടുണ്ട്. സെലിബ്രിറ്റി ലൈഫ് എന്നൊന്നും എനിക്കില്ല.

പക്ഷെ വലിയ അഭിനേതാക്കൾക്ക് അതൊരു പ്രശ്നമാണ്. ഞാൻ കേട്ടിട്ടുണ്ട് ഒരു നടി പർദ ഇട്ട് നടന്നുവെന്ന്. ഞാൻ ആദ്യം ഓർത്തത് അത് തള്ളി മറിക്കുന്നതാണെന്ന്. പക്ഷെ അങ്ങനെയല്ല. അവരുടെ പ്രൈവസി പോയിക്കഴിഞ്ഞാൽ സീനാണ്,’ ദീപ തോമസ് പറഞ്ഞു.

അഭിമുഖത്തിൽ കരിക്കിന്റെ വെബ് സീരീസുകളെപ്പറ്റിയും ദീപ സംസാരിച്ചു. കരിക്കിൽ വന്നപ്പോൾ മുതലാണ് തന്നെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും കൊച്ചുകുട്ടികൾ വരെ പുറത്ത് വെച്ച് തന്നെ കാണുമ്പോൾ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്നും ദീപ പറഞ്ഞു.

‘കരിക്ക് വെബ് സീരീസ് കണ്ടിട്ടാണ് എന്നെ ആളുകൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പുറത്തൊക്കെ പോകുമ്പോൾ കൊച്ചുകുട്ടികൾ വരെ എന്നെ തിരിച്ചറിയുന്നത് കാണുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ട്.

ഷോർട്ട് ഫിലിമുകൾ കണ്ടിട്ട് എന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല. കരിക്കിൽ നിന്നുമാണ് എനിക്ക് ഫോളോവേഴ്സ് കൂടുതൽ കിട്ടിയിരിക്കുന്നത്,’ ദീപ തോമസ് പറഞ്ഞു.

Content Highlights: Deepa Thomas on celebrity life and Karikku