| Saturday, 6th November 2021, 8:38 am

കളക്ടറുടേത് നിരുത്തരവാദിത്തപരമായ സമീപനം; ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല; ഗുരുതര ആരോപണവുമായി ദീപ പി. മോഹനന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എം.ജി സര്‍വകലാശാലയ്‌ക്കെതിരായ ജാതിവിവേചന ആരോപണത്തില്‍ ജില്ലാ കളക്ടറുടേത് നിരുത്തരവാദിത്തപരമായ സമീപനമാണെന്ന് ദീപ പി. മോഹനന്‍. കളക്ടര്‍ നേരിട്ടെത്തി വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കുകയും, എന്നാല്‍, പിറ്റേന്ന് കളക്ടര്‍ സര്‍വകലാശാലയിലെത്തിയില്ല എന്നും ദീപ പറയുന്നു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ദീപ ഇക്കാര്യം സൂചിപ്പിക്കുന്നത്.

‘ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് 02/11/2021നാണ് ഞാന്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചത് കളക്ടര്‍ 03/11/2021ന് നേരിട്ടെത്തി വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്തി എനിക്കെതിരെ നടന്നിട്ടുള്ള ജാതി വിവേചനത്തിന് പരിഹാരം കാണുമെന്ന തഹസീല്‍ദാരുടെ ഉറപ്പിന്മേലാണ്.

എന്നാല്‍ പിറ്റേന്ന് കളക്ടര്‍ സര്‍വകലാശാലയില്‍ എത്തിയില്ല. മാത്രമല്ല വയ്യാതെ കിടക്കുന്ന ഞാന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പ്രശ്‌നത്തില്‍ ഇടപെടൂ എന്ന് ഒരു മാധ്യമ സുഹൃത്ത് വഴി അറിയിക്കുകയും ചെയ്തു.

അങ്ങനെ ഞാന്‍ ഒപ്പിട്ട പരാതി വയ്യാതെയാണെങ്കിലും ഡ്രാഫ്റ്റ് ചെയ്ത് സ്‌കാന്‍ ചെയ്ത് ഇ-മെയില്‍ ചെയ്തു കൊടുത്തു.
എന്നിട്ടും കളക്ടര്‍ സര്‍വകലാശാലയില്‍ എത്തിയില്ല. തുടര്‍ന്ന് എന്നോട് കളക്‌ട്രേറ്റിലേക്ക് ചര്‍ച്ചക്ക് പങ്കെടുക്കാന്‍ ചെല്ലാന്‍ പറഞ്ഞ് കത്ത് കൊടുത്തുവിടുകയാണുണ്ടായത്,’ ദീപ പറയുന്നു.

കോട്ടയം വരെ യാത്ര ചെയ്ത് പോകാന്‍ കഴിയാഞ്ഞതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും, വെള്ളിയാഴ്ച കളക്‌ട്രേറ്റില്‍ നടന്നത് ഏകപക്ഷീയമായ ചര്‍ച്ചയാണെന്നും ദീപ പറയുന്നു.

ജീവന്‍ അപകടത്തിലാണ് എന്ന് അങ്ങോട്ട് അറിയിച്ചിട്ടു പോലും കളക്ടര്‍ തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും ദീപ ആരോപിക്കുന്നു.

എം.ജി സര്‍വകലാശാലയില്‍ ഗവേഷണത്തിനെത്തിയ തന്നോട് ജാതീയപരമായ വിവേചനം കാണിക്കുന്നുവെന്നായിരുന്നു ദീപയുടെ പരാതി. നാനോ സയന്‍സസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെയാണ് ദീപയുടെ ആരോപണം.

താനൊരു ദളിത് വിദ്യാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ ആരോപണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ദീപ നിയമ പോരാട്ടത്തിലാണ്.

നിരാഹാര സമരം തുടങ്ങിയപ്പോള്‍ വൈസ് ചാന്‍സിലര്‍ സാബു തോമസ് ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും, താന്‍ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ദീപയോട് പറഞ്ഞിരുന്നു.

എന്നാല്‍ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തില്‍ ദീപ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് താഹിസില്‍ദാര്‍ എത്തി ചര്‍ച്ച നടത്തിയത്.

നിരാഹാരം ആരംഭിച്ചതിനു ശേഷം, ഏത് സാഹചര്യത്തിലും തനിക്ക് മരണം പോലും സംഭവിക്കാം എന്ന് കാണിച്ച് ദീപ എഴുതിയ കത്തും ചര്‍ച്ചയായിരുന്നു.

നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാല്‍ അതിന് പരിപൂര്‍ണ്ണ ഉത്തരവാദികള്‍ വൈസ് ചാന്‍സിലര്‍ സാബു തോമസ്, ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍, റിസര്‍ച്ച് ഗൈഡ് ഡോ. രാധാകൃഷ്ണന്‍ ഇ.കെയും ഈ ഭരണകൂടവും മാത്രമായിരിക്കും എന്നാണ് ദീപ കത്തില്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി എം.ജി യൂണിവേഴ്സിറ്റിയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി. മോഹനന്‍.

ദീപയ്ക്ക് അനുകൂലമായ കോടതി വിധികള്‍ക്കും അധികൃതര്‍ ചെവി കൊടുത്തില്ല. നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്.

2011ലാണ് ദീപ പി. മോഹനന്‍ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശനം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും തുടങ്ങി. പക്ഷേ, ദളിത് വിദ്യാര്‍ത്ഥിയായ ദീപക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിക്കാതിരിക്കുകയായിരുന്നു. ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ദീപയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കോട്ടയം കളക്ടറുടെ ഇടപെടലില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. തികച്ചും നിരുത്തരവാദിത്തപരവും നിരാഹാര സമരം നടത്തുന്ന എന്നെ അവഹേളിക്കുന്ന നിലയിലുമാണ് സമീപനം ഉണ്ടായിരിക്കുന്നത്.

ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് 02/11/2021നാണ് ഞാന്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചത് കളക്ടര്‍ 03/11/2021ന് നേരിട്ടെത്തി വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്തി എനിക്കെതിരെ നടന്നിട്ടുള്ള ജാതി വിവേചനത്തിന് പരിഹാരം കാണുമെന്ന തഹസീല്‍ദാരുടെ ഉറപ്പിന്മേലാണ്.

എന്നാല്‍ പിറ്റേന്ന് കളക്ടര്‍ സര്‍വകലാശാലയില്‍ എത്തിയില്ല. മാത്രമല്ല വയ്യാതെ കിടക്കുന്ന ഞാന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പ്രശ്‌നത്തില്‍ ഇടപെടൂ എന്ന് ഒരു മാധ്യമ സുഹൃത്ത് വഴി അറിയിക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ ഒപ്പിട്ട പരാതി വയ്യാതെയാണെങ്കിലും ഡ്രാഫ്റ്റ് ചെയ്ത് സ്‌കാന്‍ ചെയ്ത് ഇ-മെയില്‍ ചെയ്തു കൊടുത്തു.

എന്നിട്ടും കളക്ടര്‍ സര്‍വകലാശാലയില്‍ എത്തിയില്ല. തുടര്‍ന്ന് എന്നോട് കളക്ട്രേറ്റിലേക്ക് ചര്‍ച്ചക്ക് പങ്കെടുക്കാന്‍ ചെല്ലാന്‍ പറഞ്ഞ് കത്ത് കൊടുത്തുവിടുകയാണുണ്ടായത്.

കോട്ടയം വരെ യാത്ര ചെയ്തു പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ചര്‍ച്ചക്ക് പോകാതിരുന്നത്. ജീവന്‍ അപകടത്തിലാണ് എന്ന് അങ്ങോട്ട് അറിയിച്ചിട്ടു പോലും കളക്ടര്‍ എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇന്നലെ കളക്ട്രേറ്റില്‍ നടന്നിരിക്കുന്നത് എന്റെ സാനിധ്യമില്ലാത്ത ഏകപക്ഷീയ ചര്‍ച്ചയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Deepa P Mohanan against Kottayam Collector

We use cookies to give you the best possible experience. Learn more