കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെ പ്രതിഷേധിക്കുന്ന ദളിത് ഗവേഷക വിദ്യാര്‍ഥി ദീപ പി. മോഹന് നിരാഹാര സമരം അവസാനിപ്പിച്ചു. ദീപയുടെ ആവശ്യം സര്‍വകലാശാല അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
ദീപക്ക് 2024 വരെ ഗവേഷണത്തിനുള്ള സമയം നീട്ടിനല്‍കാനും മുടങ്ങിയ ഫെലോഷിപ്പ് നല്‍കാനും തീരുമാനമായി. വി.സി. സാബു തോമസുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് വകുപ്പില്‍ നിന്ന് മാറ്റാനും തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ ഡ്രാഫ്റ്റ് തനിക്ക് ലഭിച്ചതായി ദീപ പറഞ്ഞു.
2011ലായിരുന്നു ദീപ പി. മോഹന്‍ നാനോ സയന്‍സില്‍ എം.ഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും തുടങ്ങി. പക്ഷേ, ദളിത് വിദ്യാര്‍ത്ഥിയായ തനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷമായി എം.ജി സര്‍വകലാശാലയുടെ ജാതി വിവേചനത്തിനെതിരെ പോരാട്ടത്തിലാണ് ദീപ പി. മോഹനന്‍.
ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ദീപയ്ക്ക് അനുകൂലമായ കോടതി വിധികള്‍ക്കും അധികൃതര്‍ ചെവികൊടുത്തില്ല. ഒരുപാട് നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയിത്.