Kerala News
പിറ്റേദിവസം പത്രമുണ്ടാകില്ലെന്നറിഞ്ഞുകൊണ്ടാണ് വിശേഷദിവസങ്ങള്‍ തന്നെ കൊലപാതകത്തിന് തെരഞ്ഞെടുക്കുന്നത്; അഭിമന്യു വധത്തില്‍ ദീപാ നിഷാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 15, 08:05 am
Thursday, 15th April 2021, 1:35 pm

തൃശൂര്‍: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേയും തുടങ്ങിയതല്ലെന്നും, കാലങ്ങളായുള്ള തന്ത്രമാണതെന്നും ദീപാ നിഷാന്ത് ഫേസ്ബുക്കില്‍ എഴുതി.

‘വിശേഷദിവസമാകുമ്പോള്‍ പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്. ഉള്‍പ്പേജുകളിലെ അപ്രധാനവാര്‍ത്തയായി അത് കൊടുക്കാം.  വിശേഷങ്ങളുടെ ആലസ്യത്തില്‍ മയക്കിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളും… ഉത്സവക്കാഴ്ചകള്‍ക്കിടയില്‍ ഇത് ചര്‍ച്ച ചെയ്യാനൊന്നും ചാനലുകാര്‍ക്കും സമയമുണ്ടാകില്ല,’ ദീപാ നിഷാന്ത് എഴുതി.

കൊല്ലപ്പെടുന്നത് ഇടതുപക്ഷക്കാരാകുമ്പോള്‍ ഓണ്‍ലൈന്‍മാധ്യമങ്ങള്‍ പോലും ആ വാര്‍ത്ത കൊടുക്കുമ്പോള്‍ പുലര്‍ത്തുന്ന ഒരു പ്രത്യേകതരം ജാഗ്രതയുണ്ടെന്നും കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരാണെങ്കില്‍, ‘നിങ്ങള്‍ പ്രതികരിക്കുന്നില്ലേ? വായില്‍ പഴം തിരുകിയിരിക്കുകയാണോ?’ എന്ന അശ്ലീലച്ചോദ്യവുമായി ഒരാളും നമ്മുടെ ഇന്‍ബോക്സിലും കമന്റ് ബോക്സിലും പാഞ്ഞു നടക്കില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

നിഷ്പക്ഷത എന്ന വാക്കിനര്‍ത്ഥം പല മാധ്യമങ്ങള്‍ക്കും ഇടതുവിരുദ്ധതാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആര്‍.എസ്.എസ് ക്രിമിനലുകള്‍ തല്ലിത്തകര്‍ത്ത അഭിമന്യുവിന്റെ വീടിനെപ്പറ്റി മാധ്യമങ്ങളില്‍ ഒരു സൂചനയുമില്ലെന്നും ദീപാ നിഷാന്ത് പറഞ്ഞു.

പടയണിവട്ടം ക്ഷേത്രത്തില്‍ ഇന്നലെ വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു.ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്. സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു.

 

ദീപാ നിഷാന്തിന്റെ കുറിപ്പ്

കൊല്ലുമ്പോള്‍ വിശേഷ ദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലെയും തുടങ്ങീതല്ല.
കാലങ്ങളായുള്ള തന്ത്രമാണത്..
പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്.
ഉള്‍പ്പേജുകളിലെ അപ്രധാനവാര്‍ത്തയായി അത് കൊടുക്കാം.

വിശേഷങ്ങളുടെ ആലസ്യത്തില്‍ മയക്കിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളും…
ഉത്സവക്കാഴ്ചകള്‍ക്കിടയില്‍ ഇത് ചര്‍ച്ച ചെയ്യാനൊന്നും ചാനലുകാര്‍ക്കും സമയമുണ്ടാകില്ല.

കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരാണെങ്കില്‍, ‘നിങ്ങള്‍ പ്രതികരിക്കുന്നില്ലേ? വായില്‍ പഴം തിരുകിയിരിക്കുകയാണോ?’ എന്ന അശ്ലീലച്ചോദ്യവുമായി ഒരാളും നമ്മുടെ ഇന്‍ബോക്സിലും കമന്റ് ബോക്സിലും പാഞ്ഞു നടക്കില്ല…
കമന്റുകള്‍ വാരി വിതറില്ല..
എന്തൊരു ശാന്തതയാണ്!

കായംകുളത്ത് അഭിമന്യു എന്ന പതിനഞ്ചു വയസ്സുകാരനായ കുട്ടിയെ കുത്തിക്കൊന്ന് വിഷുക്കാഴ്ചയൊരുക്കിയ ക്രിമിനല്‍ സംഘത്തിനെതിരെ പ്രതികരിക്കുന്നില്ലേ എന്ന് എന്നോടാരും ചോദിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.

കഴിഞ്ഞാഴ്ച കോതമംഗലത്ത് ഡി.വൈ.എഫ.ഐ ബ്ലോക്ക് ട്രഷറര്‍ ആയ കെ.എന്‍ ശ്രീജിത്തിനെ വാഹനം ഉപയോഗിച്ച് ഇടിച്ച് മറിച്ച് വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനല്‍ സംഘത്തെക്കുറിച്ച് എഴുതുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചോ? ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ ജിയോ പയസിന് നേരെ കഴിഞ്ഞദിവസമുണ്ടായ ഭീകരമായ ആസിഡ് ആക്രമണത്തെപ്പറ്റി എഴുതുന്നില്ലേ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചോ?
എവിടെയെങ്കിലുമത് ചര്‍ച്ചയായോ?

കൊല്ലപ്പെടുന്നത് ഇടതുപക്ഷക്കാരാകുമ്പോള്‍ ഓണ്‍ലൈന്‍മാധ്യമങ്ങള്‍ പോലും ആ വാര്‍ത്ത കൊടുക്കുമ്പോള്‍ പുലര്‍ത്തുന്ന ഒരു പ്രത്യേകതരം ജാഗ്രതയുണ്ട്! ‘ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്. ‘ എന്ന് അതീവനിഷ്‌കളങ്കമായി തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട് മാതൃഭൂമി.

കഴിഞ്ഞ വര്‍ഷം ആര്‍ എസ് എസ് ക്രിമിനലുകള്‍ തല്ലിത്തകര്‍ത്ത അഭിമന്യുവിന്റെ വീടിനെപ്പറ്റി ഒരു സൂചനയുമില്ല.
‘നിഷ്പക്ഷത’ എന്ന വാക്കിനര്‍ത്ഥം പല മാധ്യമങ്ങള്‍ക്കും ‘ഇടതുവിരുദ്ധത ‘എന്നു തന്നെയാണ്.
എന്‍.ബി:നിങ്ങളുടെ ചോദ്യം സെലക്റ്റീവാകുന്നതു പോലെ തന്നെ എന്റെ പോസ്റ്റുകളും ഉറപ്പായും സെലക്റ്റീവായിരിക്കും.
ചോദ്യം ചെയ്യാന്‍ വരണ്ട എന്നര്‍ത്ഥം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deepa Nishantn Abhi,anyu murder