| Tuesday, 17th April 2018, 5:38 pm

'ഒരു തൂക്കുകയര്‍ മുകളില്‍ കിടന്നാടുന്നത് ഞാന്‍ കാണുന്നുണ്ട്'; ടി.ജി മോഹന്‍ദാസിനോട് 'മാപ്പ് പറഞ്ഞ്' പരിഹസിച്ചു ദീപാ നിശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസ് വിമര്‍ശകരായ ദീപാനിശാന്തിനെതിരെയും ദീപക് ശങ്കരനാരായണനെതിരെയും കേസ് കൊടുക്കണമെന്ന ടി.ജി മോഹന്‍ദാസിന്റെ ആഹ്വാനത്തെ പരിഹസിച്ച് ദീപാ നിശാന്ത്. മാപ്പു ചോദിക്കുന്നെന്നും അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എന്നോട് ക്ഷമിക്കാന്‍ കഴിയില്ലേ എന്നും ചോദിച്ച് പരിഹസിച്ചാണ് ദീപ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്.

“ഉള്ളില്‍ പേടിയുടെ തണുപ്പ് അരിച്ചരിച്ച് കയറുന്നുണ്ട്, ടൈപ്പ് ചെയ്യുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ട്, ഇതെഴുതി പൂര്‍ത്തീകരിക്കാനാകുമോ എന്നറിയില്ല” – എന്നാണ് ദീപ പോസ്റ്റ് ആരംഭിച്ചത്.

വ്യത്യസ്ത സംസ്‌കാരങ്ങള്‍ പുലരുന്ന ഒരു ദേശത്തെ അതേ നിലയില്‍ത്തന്നെ നിലനിര്‍ത്താനാഗ്രഹിക്കുന്ന ജനാധിപത്യബോധമുള്ള വ്യക്തിയാണ് താനെന്നും നിങ്ങളുടെ മനോരോഗസമാനമായ വിദ്വേഷപ്രചാരണത്തില്‍ അടിപതറി വീഴാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ദീപ വ്യക്തമാക്കി.


Read | യു.പിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി


“ഹിന്ദുക്കളെ കൊല്ലാന്‍ ഞാനാഹ്വാനം നടത്തിയെന്ന പച്ചക്കള്ളം നിങ്ങള്‍ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം. ഏത് കളവും വിശ്വസിക്കാവുന്ന തരത്തിലുള്ള മനോനിലയുള്ള ഒരു യുക്തിഹീനജനത അത് വിശ്വസിക്കും.. നുണപ്രചാരണങ്ങളിലൂടെ അവരില്‍ വിദ്വേഷത്തിന്റെ ഉന്മാദം വളര്‍ത്തി നിങ്ങള്‍ മുന്നോട്ടു പോകണം.” ദീപ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉള്ളിൽ പേടിയുടെ തണുപ്പ് അരിച്ചരിച്ച് കയറുന്നുണ്ട്…..

ടൈപ്പ് ചെയ്യുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ട്….

ഇതെഴുതി പൂർത്തീകരിക്കാനാകുമോ എന്നറിയില്ല..

പുറത്ത് ഒരു പോലീസ് ജീപ്പിൻ്റെ ഇരമ്പലുണ്ടോ?

ബൂട്സിൻ്റെ ശബ്ദം അടുത്തടുത്ത് വരുന്നുണ്ടോ?

രാവിലെ “പത്രമുത്തശ്ശി” വായിച്ചപ്പോൾത്തൊട്ട് തുടങ്ങിയ വിറയലാണ്..

എനിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി !

അതും ആര്! അദ്ദേഹത്തെപ്പോലൊരാളോട് ഏറ്റുമുട്ടാനുള്ള ത്രാണി ഈയുള്ളവൾക്കുണ്ടോ?

അദ്ദേഹമെവിടെക്കിടക്കുന്നു! ഞാനെവിടെക്കിടക്കുന്നു! എന്നെപ്പോലൊരാളെ ശത്രുവായി കാണാൻ മാത്രം അദ്ദേഹം ചെറുതായതിലാണ് എനിക്കത്ഭുതം!

അദ്ദേഹത്തിനെപ്പോലൊരാൾക്ക് എതിരിടാൻ മാത്രം വലുപ്പം എനിക്കുണ്ടോ?

ഒരു തൂക്കുകയർ മുകളിൽ കിടന്നാടുന്നത് ഞാൻ കാണുന്നുണ്ട് !!

എന്നോടു ക്ഷമിക്കാൻ അദ്ദേഹത്തിനും കൂട്ടുകാർക്കും കഴിയില്ലേ?

“കാരുണ്യം” എന്നൊരു മൂന്നക്ഷരത്തിൻ്റെ വ്യാപ്തി അദ്ദേഹത്തിനറിയില്ലെന്നുണ്ടോ?

സുപ്രീം കോടതിയിലൊക്കെ കേസു കൊടുക്കുമെന്നും കേൾക്കുന്നു!

എനിക്ക് വല്ലോം മനസ്സിലാകുമോ?

സെക്കൻ്റ് ലാംഗ്വേജ് ഹിന്ദിയെടുത്താ മതിയായിരുന്നു!

സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാമായിരുന്നു!

എൻ്റെ പിഴ! എൻ്റെ വലിയ പിഴ!

[ പോസ്റ്റിൻ്റെ ആദ്യഭാഗം തീർന്ന് ! മേൽപ്പറഞ്ഞ ഭാഗം വിവിധ ഗ്രൂപ്പുകളിൽ ഇട്ട് നിറയ്ക്കാനാണ്… “ദീപാനിശാന്ത് മാപ്പു പറഞ്ഞു “, “കിടുകിടാ വിറച്ചു”, “പ്രാണഭയത്താൽ നിലവിളിച്ചു” എന്നിത്യാദി തലക്കെട്ടുകൾ സന്ദർഭാനുസരണം ചേർക്കാവുന്നതാണ്.തല വെട്ടിമാറ്റി ഉടൽ മറ്റൊന്നാക്കിയുള്ള ശീലമുള്ളവരാണല്ലോ… കിടുക്കും!]

ഇനി രണ്ടാം ഭാഗം!

വിമർശനാത്മകമായി പരസ്പരം ഇടപെടാൻ കഴിയുന്ന ജീവിതത്തെയാണ് ഒരു ജനാധിപത്യജീവിതമായി ഞാൻ കാണുന്നത്. എതിരഭിപ്രായങ്ങൾക്ക് ഇടമുണ്ടാകുക എന്നത് ജനാധിപത്യത്തിൻ്റെ സവിശേഷതയാണ്. അപരമതവിദ്വേഷത്താൽ നയിക്കപ്പെടുന്ന നിങ്ങൾക്കത് ബോധ്യമാകണം എന്നില്ല. ഹിംസ മാത്രം മുഖമുദ്രയാക്കിയവർക്കേ ഒരു ദാരുണക്കൊലപാതകത്തെ ന്യായീകരിച്ച് പ്രകടനം നടത്താനും ഒന്നിക്കാനും സാധിക്കൂ. സെക്കുലർ ദേശീയതയുടെ ജാഗ്രതക്കണ്ണുകളെ നിങ്ങൾ ഭയക്കും.

ഹിന്ദുക്കളെ കൊല്ലാൻ ഞാനാഹ്വാനം നടത്തിയെന്ന പച്ചക്കള്ളം നിങ്ങൾ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം. ഏത് കളവും വിശ്വസിക്കാവുന്ന തരത്തിലുള്ള മനോനിലയുള്ള ഒരു യുക്തിഹീനജനത അത് വിശ്വസിക്കും.. നുണപ്രചാരണങ്ങളിലൂടെ അവരിൽ വിദ്വേഷത്തിൻ്റെ ഉന്മാദം വളർത്തി നിങ്ങൾ മുന്നോട്ടു പോകണം.. നിങ്ങളുടെ ജന്മദൗത്യം തന്നെ മതപരമായ വിഭജനമുണ്ടാക്കി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തകർക്കുക എന്നതായിരുന്നുവല്ലോ… നിങ്ങളുടെ അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുന്ന എല്ലാവരേയും ദേശദ്രോഹികളായി ചിത്രീകരിച്ചാൽ സംഗതി എളുപ്പമാകുമല്ലോ.. അതിലൂടെ ഒരു രാഷ്ട്രത്തിൻ്റെ മതനിരപേക്ഷ സംസ്കാരത്തെ തകർക്കാൻ നിങ്ങൾക്കു കഴിയും..

നിങ്ങളുടെ മതത്തെ തകർക്കാൻ ഞാനല്ല ശ്രമിക്കുന്നത്.

എൻ്റെ മതത്തെ തകർക്കാൻ ശ്രമിക്കുന്നത് നിങ്ങളാണ്..

ഹിന്ദുമതത്തിൽ നിന്നും പുറത്തു കടക്കണമെന്നാഗ്രഹിക്കാത്ത, എൻ്റെ മതത്തെ നിങ്ങൾക്കു വിട്ടുതരാനാഗ്രഹിക്കാത്ത ,വ്യത്യസ്ത സംസ്കാരങ്ങൾ പുലരുന്ന ഒരു ദേശത്തെ അതേ നിലയിൽത്തന്നെ നിലനിർത്താനാഗ്രഹിക്കുന്ന ജനാധിപത്യബോധമുള്ള വ്യക്തിയാണ് ഞാൻ.

നിങ്ങളല്ല… ഞാനാണ് ഹിന്ദു !

നാനാജാതിമതസ്ഥരടങ്ങിയ ഇന്ത്യൻ ജനതയെ സാമാന്യമായി വിശേഷിപ്പിക്കുന്ന ഒരു പദമാണ് ഹിന്ദു..

മുസൽമാൻമാരും പാർസികളും സിക്കുകാരും ജൈനരും ബൗദ്ധരും ക്രൈസ്തവരുമടങ്ങുന്ന സമസ്ത ഇന്ത്യക്കാരും ഹിന്ദുക്കളാണ്…

“ഹിന്ദുത്വ ” എന്ന ലേഖനത്തിലൂടെ നിങ്ങളുടെ താത്വികാചാര്യൻ മുസ്ലീം വിരുദ്ധമായ സ്വത്വത്തിൻ്റെ അടിസ്ഥാനത്തിൽ നിർവചിച്ച ഹിന്ദുവല്ല ഞാൻ…

നിങ്ങളുടെ മനോരോഗസമാനമായ വിദ്വേഷപ്രചാരണത്തിൽ അടിപതറി വീഴാൻ ഉദ്ദേശിച്ചിട്ടില്ല!

എന്നെയും കുടുംബാംഗങ്ങളേയും അപകീർത്തിപ്പെടുത്തുന്ന നിങ്ങളുടെ ആർഷഭാരതീയപ്പോസ്റ്റുകൾ പലരും അയച്ചുതരുന്നുണ്ട്…

എനിക്ക് തെല്ലും അത്ഭുതം തോന്നിയില്ല എന്നതാണ് സത്യം…

ചാണകത്തിൽ പുളയ്ക്കുന്ന പുഴുക്കളിൽ നിന്ന് മനുഷ്യരാരെങ്കിലും പട്ടുനൂൽ പ്രതീക്ഷിക്കുമോ??

തുടരൂ…. നന്മകൾ….!

” നിഷ്പക്ഷത,

പറക്കാനറയ്ക്കുന്ന പക്ഷിയാണെങ്കിൽ,

ഞാനതിനെ തീറ്റിപ്പോറ്റിയിട്ടില്ല!

നിഷ്പക്ഷത,

കയ്യാലപ്പുറത്തെ തേങ്ങയുടെ,

താടിക്കു കയ്യും കൊടുത്തുള്ള ഇരിപ്പാണെങ്കിൽ,

ഞാനതു പൊതിച്ചു നോക്കിയിട്ടില്ല !””

ആകയാൽ ഞാൻ നിഷ്പക്ഷയല്ല!


Read | ‘വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കണം’; മതേതര-ജനാധിപത്യ പാര്‍ട്ടികളുമായി സഖ്യമാകാമെന്ന് വി.എസ് അച്യുതാനന്ദന്‍


സോഷ്യല്‍ മീഡിയില്‍ ആര്‍.എസ്.എസിനെതിരെ നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ എല്ലാ സ്വാഭിമാന ഹിന്ദുക്കളും ദീപാ നിശാന്തിനും ദീപക് ശങ്കരനാരായണനുമെതിരെ കേസ് കൊടുക്കണമെന്നാണ് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവ് ടി ജി മോഹന്‍ദാസ് ആഹ്വാനം ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ മേല്‍വിലാസം പരസ്യമാക്കിക്കൊണ്ട് ഇവര്‍ക്കതിരെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എല്ലാ “സ്വാഭിമാന ഹിന്ദുക്കളും” കേസ് കൊടുക്കണമെന്നാണ് ടി ജി മോഹന്‍ദാസ് ആവശ്യപ്പെട്ടത്.


Read | ‘നോട്ട് ക്ഷാമത്തിന് കാരണം ജനങ്ങളില്‍ നിന്ന് അടിച്ച് മാറ്റിയ കാശ് മോദി നീരവ് മോദിക്ക് കൊടുത്തത്’; പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ സമയം കിട്ടിയാല്‍ മോദി പിന്നെ എഴുന്നേല്‍ക്കാന്‍ മടിക്കുമെന്നും രാഹുല്‍ ഗാന്ധി


അതേസമയം ദീപാ നിശാന്തിനെതിരെ താന്‍ കേസോ പൊലീസ് കംപ്ലെയിന്റോ ഇതുവരെ കൊടുത്തിട്ടില്ലെന്നും ഇനി കൊടുത്തുകൂടെന്നുമില്ലെന്നും മറ്റൊരു ട്വീറ്റില്‍ ടി.ജി മോഹന്‍ദാസ് പറയുന്നു. തെറ്റിദ്ധാരണമാറ്റാന്‍ വേണ്ടിയാണ് ഇതുപറയുന്നത്” എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

“അധ്യാപികയുടെ വാണി പവിത്രമാണ് ദീപാ..ചെറുപ്പത്തിന്റെ തിളപ്പില്‍ അത് നശിപ്പിക്കരുതെന്ന”” ഉപദേശവും ടി.ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരുന്നു.

കത്വയില്‍ എട്ടുവയസുകാരി കൊലപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമതിരെ വിമര്‍ശനവുമായി ദീപാ നിശാന്തും ദീപക് ശങ്കരനാരായണനും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ ട്വിറ്ററില്‍ ബി.ജെ.പി ഐടി സെല്ലിന്റെ നേതൃത്വത്തില്‍ വിദ്വേഷ പ്രചരണവും കൊലവിളിയും നടന്നുവരികയായിരുന്നു. ഈ പ്രചരണത്തിന്റെ ഭാഗമായിക്കൊണ്ടാണ് ഇരുവരുടെയും മേല്‍വിലാസം കൂടി പങ്കുവച്ചുകൊണ്ട് ബിജെപി നേതാവ് രംഗത്തെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more