'ഒരാക്രമണം ഏതു സ്ത്രീയും പ്രതീക്ഷിക്കേണ്ട സാഹചര്യമാണുള്ളത്; ബലാത്സംഗം സമൂഹത്തിന് ക്രൂരമായ തമാശയായി മാറി': ദീപ നിശാന്ത്
Kerala News
'ഒരാക്രമണം ഏതു സ്ത്രീയും പ്രതീക്ഷിക്കേണ്ട സാഹചര്യമാണുള്ളത്; ബലാത്സംഗം സമൂഹത്തിന് ക്രൂരമായ തമാശയായി മാറി': ദീപ നിശാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th August 2018, 7:33 am

കൊച്ചി: സ്ത്രീകള്‍ക്കെതിരെ തുടരുന്ന അതിക്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ദീപ നിശാന്ത്.കുടുംബങ്ങളിലെ വരെ അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് സ്ത്രീകള്‍ക്ക് ഇന്ന് നേരിടേണ്ടി വരുന്നത്.

അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ കുടുംബത്തില്‍ പിറക്കാത്തവരായി കാണുന്നവരാണ് ഇന്നത്തെ സമൂഹം. എതിര്‍ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ പലവഴികളില്‍ ശ്രമം നടക്കുന്നുണ്ട്.

ആ ശ്രമങ്ങളെ എതിര്‍ക്കാതെ നിസ്സംഗതയോടെ അതിനോടൊപ്പം മുന്നോട്ടുനീങ്ങുകയാണ് ഇന്നത്തെ തലമുറ. സ്ത്രീയെ എല്ലാക്കാലത്തും ഒരു ഇരമാത്രമായി കാണാനാണ് പുരുഷാധിപത്യസമൂഹത്തിന് താല്‍പ്പര്യം.

ഈ ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടണമെങ്കില്‍ സ്ത്രീ സ്വയം പോരാടണം. ആദ്യം സ്വന്തം മനസ്സിനോടും പിന്നെ വ്യവസ്ഥിതിയോടും. ഇതത്ര എളുപ്പമല്ല- ദീപ നിശാന്ത് പറഞ്ഞു.

മലയാളസിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ടുവെന്ന് അവര്‍ തന്നെ തുറന്നുപറഞ്ഞപ്പോള്‍ അത് വരെ തെറ്റെന്ന് പറഞ്ഞവരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍, ആ തുറന്നുപറച്ചില്‍ ധൈര്യപൂര്‍വമുള്ള, പുരോഗമനപരമായ നിലപാടായിരുന്നു.


ALSO READ; മൂന്നു മാസത്തെ പോരാട്ടത്തിനൊടുവില്‍ വിജയം; പുതുച്ചേരി ദ്രൗപതി അമ്മന്‍ കോവിലില്‍ ദളിതര്‍ക്ക് പ്രവേശിക്കാം


ഏതുഘട്ടത്തിലും പൊതുയിടത്തില്‍ ഒരാക്രമണം ഏതു സ്ത്രീയും പ്രതീക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ബലാത്സംഗം ഈ സമൂഹത്തിന് ക്രൂരമായ തമാശയായി മാറിയിട്ടുണ്ട്.

ആക്രമിക്കപ്പെടുന്ന പെണ്ണിന്റെ മനസ്സിന് എല്ലാ പിന്തുണയും നല്‍കി അവള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ജനാധിപത്യപരവും പുരോഗമനപരവുമായ നിലവാരത്തിലേക്ക് സമൂഹമെത്തുന്നത് എന്ന് ദീപ പറഞ്ഞു.

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി “സ്ത്രീപക്ഷസമരങ്ങളുടെ പ്രസക്തി” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.