കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ളമുസ്ലിയാരുടെ വീഡിയോ ചര്‍ച്ചാവിഷയമായതോടെ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിഷാന്ത്.
ഒരു പെണ്‍കുട്ടി സ്റ്റേജില്‍ കയറി അവളുടെ അര്‍ഹതയ്ക്കുള്ള അംഗീകാരം കൈപ്പറ്റിയാല്‍ തകര്‍ന്നു പോകുന്നത്ര ദുര്‍ബലമാണ് സ്വന്തം വിശ്വാസമെങ്കില്‍ അതങ്ങ് തകരട്ടെ എന്നു തന്നെ കരുതേണ്ടി വരുമെന്നും ദീപ ഫേസ്ബുക്കില്‍ എഴുതി.
ആ സ്റ്റേജിലേക്ക് ‘സാദരം’ ആ പെണ്‍കുട്ടിയെ ക്ഷണിച്ച, അവളെ ഒരു വ്യക്തിയായി പരിഗണിച്ച വിശ്വാസിയോടാണ് എനിക്ക് അനുഭാവവും സ്‌നേഹവും. അതാണ് യഥാര്‍ത്ഥവിശ്വാസമെന്നും കരുതുന്നു.
മതമൗലികവാദത്തിനെതിരെ നിലകൊള്ളേണ്ടത് ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിലെ പൗരധര്‍മ്മങ്ങളിലൊന്നാണ് എന്ന ബോധ്യത്തില്‍ത്തന്നെ മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.
‘ഓരോ മതത്തിലെയും പുനരുത്ഥാന നിലപാടുകളേയും സാമ്പ്രദായിക വിശ്വാസങ്ങളേയും സമന്വയിപ്പിച്ചവര്‍ക്കു മാത്രമേ സാംസ്‌കാരികാര്‍ത്ഥത്തില്‍ ഒരു ജനതയെ മുന്നോട്ടു നയിക്കാനാകൂ എന്ന് തെളിയിച്ച ഒരു മനുഷ്യനാണ് ചിത്രത്തിലുള്ളത്.
‘പുരുഷന്‍ അധ്വാനിച്ച് നേടിയത് അവര്‍ക്കാണ്.. സ്ത്രീകള്‍ അധ്വാനിച്ച് നേടിയത് അവര്‍ക്കുമാണ് ‘ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. യാഥാസ്ഥിതിക മതമൗലികവാദികള്‍ക്ക് അതിന്റെ അര്‍ത്ഥം പിടികിട്ടാന്‍ സമയമെടുക്കും. മതയാഥാസ്ഥിതികത്വം പലപ്പോഴും ഭീഷണിയാകുന്നതും വിലങ്ങുതടിയാകുന്നതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. അത്തരമിടങ്ങളില്‍ അവരെ പലപ്പോഴും ‘വ്യക്തി’യായി പരിഗണിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.