തിരുവനന്തപുരം: എം.എഫ് ഹുസൈന്റെ വിഖ്യാതമായ സരസ്വതി ചിത്രം പുനരാവിഷ്‌കരിച്ച് കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ രംഗത്തെത്തിയതിനെ തുടര്‍ന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ വ്യാപക ഹെയിറ്റ് കാമ്പയിനുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത്.
സരസ്വതി ദേവിയെന്ന് പറഞ്ഞ് ദീപാ നിശാന്തിന്റെ ഫോട്ടോ വെട്ടിയൊട്ടിച്ചുകൊണ്ടായിരുന്നു സംഘപരിവാറിന്റെ കാമ്പയിന്‍. ഇത് തങ്ങളുടെ ആവിഷ്‌കാരസ്വാന്ത്ര്യമാണെന്നും തങ്ങള്‍ വിശ്വസിക്കുന്ന ദേവി ഇതാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ദീപാ നിശാന്തിന്റെ ചിത്രം പ്രചരിപ്പിച്ചിരുന്നത്.
അതേസമയം തന്നെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്ന ചിലതുകൂടി ഈ ആഹ്വാനങ്ങളിലുണ്ടെന്നും തന്റെ ഫോട്ടോ ഉപയോഗിച്ച് ഒരു പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ചാണ് ആര്‍ഷഭാരതീയരുടെ ഈ ആഹ്വാനമെന്നം പല വകുപ്പുകള്‍ പ്രകാരം ഇത് കുറ്റകരമാണെന്നും ദീപാ നിശാന്ത് പറയുന്നു. വിഷം വമിപ്പിക്കുന്ന ഇത്തരം കീടങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും ഒരു ജനാധിപത്യ രാജ്യത്തില്‍ വ്യക്തിക്ക് ഉപയോഗിക്കാവുന്ന എല്ലാ അഭിപ്രായ സ്വാതന്ത്ര്യവും തുടര്‍ന്നും ഉപയോഗിക്കുമെന്നും ദീപാ നിശാന്ത് വ്യക്തമാക്കി.
എന്നാല്‍ തെരുവില്‍ സരസ്വതിയുടെ നഗ്നരൂപം വരച്ചുവരച്ചത് ഹിന്ദുക്കളെ കളിയാക്കാനാണെന്നും അത് ചോദ്യം ചെയ്യുമ്പോള്‍ ഹിന്ദുക്കളെ തീവ്രവാദികളാക്കി മുദ്രകുത്തുകയാണ് ദീപ ടീച്ചര്‍ എന്നുമായിരുന്നു സംഘപരിവാര്‍ ആരോപണം.
അതേസമയം വിഷയത്തില്‍ ദീപാനിശാന്തിന് പിന്തുണയുമായി വി.ടി ബല്‍റാം എം.എല്‍.എയും രംഗത്തെത്തി. എസ്.എഫ്.ഐയുടെ നടപടികളുമായി നേരിട്ട് ബന്ധമില്ലാത്ത ദീപാ നിശാന്തിനെതിരായ സംഘികളുടെ സൈബര്‍ ആക്രമണം ആശ്ചര്യപ്പെടുത്തുന്നതാണെന്നും സംഘികള്‍ മുന്നോട്ടുവെക്കുന്ന ആര്‍ഷ ഭാരത സംസ്‌ക്കാരം അതിന്റെ ചുരുക്കപ്പേര് സൂചിപ്പിക്കുന്നത് പോലെ ആഭാസം എന്നാവുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സൈബര്‍ ആക്രമണങ്ങള്‍ എന്നും വി.ടി ബല്‍റാം പറഞ്ഞു.
സൈബര്‍ നിയമങ്ങളുപയോഗപ്പെടുത്തി പരാതി കൊടുക്കേണ്ട ഒരു കേസാണിതെന്നും അങ്ങനെ ചെയ്യാന്‍ ദീപാ നിശാന്ത് തയ്യാറാകുകയാണെങ്കില്‍ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
എം.എഫ്. ഹുസൈന്‍ വരച്ച ഒരു ചിത്രത്തിന്റെ പകര്‍പ്പ് ബാനറിലാക്കി ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പ്രചരണത്തിന് ഉപയോഗിച്ചതായി താനും കണ്ടിരുന്നെന്നും ആത്മപ്രകാശനസ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തില്‍ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകര്‍പ്പ് ഒരു കോളേജിനകത്ത് കാണപ്പെടുന്നതില്‍ പ്രത്യേകിച്ച് ഖിന്നതയൊന്നും ആര്‍ക്കും തോന്നേണ്ട കാര്യമില്ലെന്നും ദീപ ടീച്ചര്‍ വ്യക്തമാക്കി.
മേല്‍പരാമര്‍ശിക്കപ്പെട്ട ചിത്രം ഹിന്ദുദേവത സരസ്വതിയുടേതാണെന്നും അതുകൊണ്ട് ആ ചിത്രം “ചിലതരം ഹിന്ദുക്കളുടെ” ” ചില പ്രത്യേക വികാരങ്ങളെ” വ്രണപ്പെടുത്തുന്നുവെന്നും കേട്ടു. അങ്ങനെ തോന്നുന്നവര്‍ക്ക് അത് പറയന്‍ അവകാശമുണ്ട്. അതേസമയം തങ്ങള്‍ക്കതിഷ്ടമല്ല എന്നുള്ളതുകൊണ്ട് അതവിടെ വെക്കാന്‍ പാടില്ല എന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍, അങ്ങനെ പറയുന്നത് നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധം കൂടിയാണ്. എന്റെ അറിവില്‍ എല്ലാ പൗരന്‍മാരും സഹജമായി ഭരണഘടന അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. പൗരത്വത്തില്‍ അന്തര്‍ലീനമായ ഒരു ബാദ്ധ്യതയാണതെന്നും ദീപ ടീച്ചര്‍ പറഞ്ഞു.
ഞാന്‍ ജീവിക്കുന്നത് ഭരണഘടനാപരമായി, ജനാധിപത്യം മാത്രം പിന്തുടരാന്‍ സാധിക്കുന്ന ഒരു രാജ്യത്താണ്. ഇന്ത്യന്‍ ഭരണഘടനയോടല്ലാതെ എനിക്ക് മറ്റൊന്നിനോടും വിധേയത്വമില്ല. ഒരു പൗര എന്ന നിലയില്‍ ഈ രാജ്യത്ത് ജീവിക്കാന്‍ എനിക്ക് നിങ്ങളുടെയോ മറ്റാരുടെയുമെങ്കിലോ ദയയോ അനുവാദമോ ആവശ്യമില്ല. ഭരണഘടന എനിക്ക് നല്‍കുന്ന അവകാശങ്ങളെ സംരക്ഷിക്കാന്‍ ഞാന്‍ ജീവിക്കുന്ന രാജ്യത്തിലെ ഓരോ സ്റ്റേറ്റ് സംവിധാനത്തിനും ബാദ്ധ്യതയുണ്ട്- ദീപ ടീച്ചര്‍ പറയുന്നു.
എന്റെ അറിവില്‍ എല്ലാ പൗരന്‍മാരും സഹജമായി ഭരണഘടന അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. പൗരത്വത്തില്‍ അന്തര്‍ലീനമായ ഒരു ബാദ്ധ്യതയാണത്. പ്രത്യേകിച്ച് സത്യപ്രതിജ്ഞ ചൊല്ലി ഏറ്റെടുക്കുകയൊന്നും വേണ്ട. അല്ലാത്തപക്ഷം പൗരത്വത്തിന് ധാര്‍മ്മികമായെങ്കിലും അവര്‍ അര്‍ഹരല്ല. അങ്ങനെയുള്ളവര്‍ അവര്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന അതേ യുക്തിയില്‍ ഉടനടി പാകിസ്ഥാന്‍ വിസയ്ക്ക് ശ്രമിക്കാവുന്നതാണ്. അടുത്തകാലം വരെ ഹിന്ദുരാജ്യമായിരുന്ന നേപ്പാളിലേക്ക് ശ്രമിക്കാമായിരുന്നു. പക്ഷേ ഭീകരവാദികള്‍ക്ക് കുറച്ചുകൂടി പറ്റിയ സ്ഥലം പാകിസ്ഥാനാണ്. അവിടെയാവുമ്പോള്‍ നിങ്ങള് മച്ചാനും മച്ചാനും കൂടി എന്താച്ചാല്‍ ആയിക്കോളും. ബാക്കിയുള്ളവര്‍ക്ക് ചിലപ്പോള്‍ ഇവിടെ സമാധാനമായി ജീവിക്കാനും പറ്റിയേക്കുമെന്നും ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.
എന്നെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്ന ചിലതുകൂടി ഈ ആഹ്വാനങ്ങളിലുണ്ട്. ചിത്രത്തിലെ രൂപത്തിനുപകരം (അത് സരസ്വതിയാണെന്നാണ് അവര്‍ പറയുന്നത്!) അതേ കോളേജിലെ ടീച്ചറായ എന്റെ തുണിയില്ലാത്ത ചിത്രം വച്ചുകൂടേ എന്ന്. അങ്ങനെ ചുമ്മാ പറയുകയല്ല.
എന്റെ ഒരു ഫോട്ടോ (ഫുള്‍ തുണിയൊക്കെയുണ്ട്, മറ്റത് കിട്ടാഞ്ഞിട്ടാവും!) എടുത്ത് അതുവച്ച് ഒരു പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ചാണ് ആര്‍ഷഭാരതീയരുടെ ആഹ്വാനം.സംഭവം പല വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. (അപ്പോള്‍പ്പിന്നെ സരസ്വതിയോ എന്ന് ചോദിക്കില്ലെന്ന് കരുതുന്നു. അത്രയെങ്കിലും ബുദ്ധി കാണുമെന്നും. എന്റെ പ്രതീക്ഷ അവിടെയും തെറ്റിക്കരുത്!). ദീപ ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
“ഹൈന്ദവതീവ്രവാദികളേ………..,
ചരിത്രത്തിന് എങ്ങനെ തലകുത്തിനിന്നാലും നിങ്ങളുടെ വിഷയമാവാന്‍ കഴിയില്ലെന്നറിയാം.അക്കാദമികമായി നോക്കിയാല്‍ എന്റെയും വിഷയം അതല്ല. പക്ഷേ സാമാന്യബോധമുള്ള (ആ വ്യവസ്ഥയിലും നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ വരില്ല!) ആരെയുമെന്ന പോലെ ചരിത്രമെന്നത് എന്നെയും ചൂഴ്ന്നുനില്‍ക്കുന്ന ഒന്നാണ്. നിങ്ങളെപ്പോലെ ചരിത്രത്തില്‍ നിന്ന് വിടുതല്‍ നേടി സംസ്‌കാരശൂന്യതയുടെ വിഷനീലവെളിച്ചത്തില്‍ ആറാടിനില്‍ക്കാനുള്ള ഭാഗ്യം സിദ്ധിച്ചവളല്ല ഞാനെന്നര്‍ത്ഥം! ശകലം ചരിത്രം ഇവിടെ കണ്ടേക്കും! വിറളി പിടിക്കരുത്!
ഞാന്‍ ജീവിക്കുന്നത് ഭരണഘടനാപരമായി, ജനാധിപത്യം മാത്രം പിന്തുടരാന്‍ സാധിക്കുന്ന ഒരു രാജ്യത്താണ്. ഇന്ത്യന്‍ ഭരണഘടനയോടല്ലാതെ എനിക്ക് മറ്റൊന്നിനോടും വിധേയത്വമില്ല. ഒരു പൗര എന്ന നിലയില്‍ ഈ രാജ്യത്ത് ജീവിക്കാന്‍ എനിക്ക് നിങ്ങളുടെയോ മറ്റാരുടെയുമെങ്കിലോ ദയയോ അനുവാദമോ ആവശ്യമില്ല തന്നെ. ഭരണഘടന എനിക്ക് നല്‍കുന്ന അവകാശങ്ങളെ സംരക്ഷിക്കാന്‍ ഞാന്‍ ജീവിക്കുന്ന രാജ്യത്തിലെ ഓരോ സ്റ്റേറ്റ് സംവിധാനത്തിനും ബാദ്ധ്യതയുണ്ടുതാനും.
കഴിഞ്ഞ ദിവസം ഞാന്‍ പഠിപ്പിക്കുന്ന ശ്രീ കേരളവര്‍മ്മ കോളേജില്‍ ഒരു വിദ്യാര്‍ത്ഥിസംഘടന, ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ വരച്ച ഒരു ചിത്രത്തിന്റെ പകര്‍പ്പ് ഒരു ബാനറിലാക്കി അവരുടെ സംഘടനയുടെ പ്രചരണത്തിന് ഉപയോഗിച്ചതായി ഞാനും കണ്ടിരുന്നു. ആത്മപ്രകാശനസ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തില്‍ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകര്‍പ്പ് ഒരു കോളേജിനകത്ത് കാണപ്പെടുന്നതില്‍ പ്രത്യേകിച്ച് ഖിന്നതയൊന്നും ആര്‍ക്കും തോന്നേണ്ട കാര്യമില്ല.
എനിക്കും തോന്നിയില്ല. ഇനി അതിലെ അതിലെ നഗ്‌നതയുടെ രേഖാരൂപമാണ് വിഷയമെങ്കില്‍, നിങ്ങളീ മലയാളം സംസ്‌കൃതം ക്ലാസിലൊന്നും കേറിയിട്ടില്ല അല്ലേ? ശാകുന്തളമൊക്കെ ക്ലാസ്സില്‍ എങ്ങനെ തല്ലിപ്പൊളിക്കുമെന്നാ?മണിപ്രവാളകൃതികളൊക്കെ സിലബസ്സില്‍ ഇപ്പോഴുമുണ്ടല്ലോ അല്ലേ? അതൊക്കെ വിഷയം വേറെ….. തല്‍ക്കാലം അതു വിടാം….
മേല്‍പരാമര്‍ശിക്കപ്പെട്ട ചിത്രം ഹിന്ദുദേവത സരസ്വതിയുടേതാണെന്നും (ഹുസൈന്റെ ചിത്രത്തിന്റെ പേര് എന്റെ അറിവില്‍ “സരസ്വതി ” എന്ന് മാത്രമാണ് ! “ഗോഡസ് സരസ്വതി ” എന്നല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക!) അതുകൊണ്ട് ആ ചിത്രം “ചിലതരം ഹിന്ദുക്കളുടെ” ” ചില പ്രത്യേക വികാരങ്ങളെ” വ്രണപ്പെടുത്തുന്നുവെന്നും കേട്ടു. അങ്ങനെ തോന്നുന്നപക്ഷം അത് പറയാന്‍ (തീര്‍ച്ചയായും ഭരണഘടനാപരമായിത്തന്നെ!) അങ്ങനെ തോന്നുന്നവര്‍ക്ക് അവകാശമുണ്ട്. അത്രയും ശരി.
അതേ സമയം തങ്ങള്‍ക്കതിഷ്ടമല്ല എന്നുള്ളതുകൊണ്ട് അതവിടെ വെക്കാന്‍ പാടില്ല എന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍, അങ്ങനെ പറയുന്നത് നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധം കൂടിയാണ്. എന്റെ അറിവില്‍ എല്ലാ പൗരന്‍മാരും സഹജമായി ഭരണഘടന അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. പൗരത്വത്തില്‍ അന്തര്‍ലീനമായ ഒരു ബാദ്ധ്യതയാണത്. പ്രത്യേകിച്ച് സത്യപ്രതിജ്ഞ ചൊല്ലി ഏറ്റെടുക്കുകയൊന്നും വേണ്ട. അല്ലാത്തപക്ഷം പൗരത്വത്തിന് ധാര്‍മ്മികമായെങ്കിലും അവര്‍ അര്‍ഹരല്ല. അങ്ങനെയുള്ളവര്‍ അവര്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന അതേ യുക്തിയില്‍ (ആ യുക്തിയില്‍ എനിക്ക് വിശ്വാസമുണ്ടെന്നല്ല !) ഉടനടി പാകിസ്ഥാന്‍ വിസയ്ക്ക് ശ്രമിക്കാവുന്നതാണ്. അടുത്തകാലം വരെ ഹിന്ദുരാജ്യമായിരുന്ന നേപ്പാളിലേക്ക് ശ്രമിക്കാമായിരുന്നു. പക്ഷേ ഭീകരവാദികള്‍ക്ക് കുറച്ചുകൂടി പറ്റിയ സ്ഥലം പാകിസ്ഥാനാണ്. അവിടെയാവുമ്പോള്‍ നിങ്ങള് മച്ചാനും മച്ചാനും കൂടി എന്താച്ചാല്‍ ആയിക്കോളും. ബാക്കിയുള്ളവര്‍ക്ക് ചിലപ്പോള്‍ ഇവിടെ സമാധാനമായി ജീവിക്കാനും പറ്റിയേക്കും.
ഇനി തങ്ങള്‍ക്കിഷ്ടമല്ല, അതുകൊണ്ട് ഒരു കലാസൃഷ്ടിയുടെ കോപ്പി ഒരു കോളേജില്‍ വക്കാന്‍ പാടില്ല എന്ന് പറയുന്നതിനുമപ്പുറം ബലം പ്രയോഗിച്ച് ആയുധങ്ങളുപയോഗിച്ച് സംഘടിതമായി വേറൊരു ഇന്ത്യന്‍ പൗരന്റെ ഭരണഘടനാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുകയുമാണെന്ന് കരുതുക. അപ്പോള്‍ ഭരണഘടനാവിരുദ്ധതയിലും നില്‍ക്കില്ല പ്രശ്‌നം. അതിന്റെ പേരാണ് ഭീകരവാദം. അതിന് പാക്കിസ്ഥാനില്‍ പോയാല്‍ മതിയാവില്ല. സ്റ്റേറ്റ് നിയമപരമായി നീങ്ങുന്നപക്ഷം നിലവിലുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍ അനുസരിച്ച് വിചാരണ നേരിടേണ്ടിവരും.
ഇതിലെനിക്കെന്ത് കാര്യം എന്ന് ചോദിച്ചാല്‍, ശരിയാണ്. ഏതൊരു ഇന്ത്യന്‍ പൗരനുമുള്ള ബാദ്ധ്യതയിലപ്പുറമൊന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ എനിക്കുമില്ല കാര്യം. പക്ഷേ, അത്തരം വിശാലാര്‍ത്ഥത്തിലല്ലാതെ എന്നെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്ന ചിലതുകൂടി ഈ ആഹ്വാനങ്ങളിലുണ്ട്. ചിത്രത്തിലെ രൂപത്തിനുപകരം (അത് സരസ്വതിയാണെന്നാണ് അവര്‍ പറയുന്നത്!) അതേ കോളേജിലെ ടീച്ചറായ എന്റെ തുണിയില്ലാത്ത ചിത്രം വച്ചുകൂടേ എന്ന്. അങ്ങനെ ചുമ്മാ പറയുകയല്ല. എന്റെ ഒരു ഫോട്ടോ (ഫുള്‍ തുണിയൊക്കെയുണ്ട്, മറ്റത് കിട്ടാഞ്ഞിട്ടാവും!) എടുത്ത് അതുവച്ച് ഒരു പോസ്റ്ററുണ്ടാക്കി പ്രചരിപ്പിച്ചാണ് ആര്‍ഷഭാരതീയരുടെ ആഹ്വാനം.സംഭവം പല വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്.
(അപ്പോള്‍പ്പിന്നെ സരസ്വതിയോ എന്ന് ചോദിക്കില്ലെന്ന് കരുതുന്നു. അത്രയെങ്കിലും ബുദ്ധി കാണുമെന്നും. എന്റെ പ്രതീക്ഷ അവിടെയും തെറ്റിക്കരുത്!). അതവിടെ നില്‍ക്കട്ടെ. സാമൂഹ്യവശത്തിനേക്കാള്‍ അതെന്റെ വ്യക്തിപരമായ പ്രശ്‌നമാണ് മുഖ്യമായും, അതിനുള്ള നടപടി ഒരു പൊതുസ്ഥലത്തല്ല ചര്‍ച്ച ചെയ്യേണ്ടത്. അത് ചര്‍ച്ച ചെയ്യുന്നിടത്ത് വെച്ച് നമ്മളിനിയും കാണേണ്ടി വരുമെന്ന് ഞാനുറപ്പു തരുന്നു!ധ ഇത് സത്യം! സത്യം! സത്യം!പ
ബാക്കിയുള്ളത് അതിന്റെ പൊതുപ്രസക്തിയാണ്. അവിടെയും നിയമയുക്തി തല്‍ക്കാലം നമുക്ക് വിടാം. അതിന് പ്രസക്തിയില്ലാത്തതുകൊണ്ടല്ല. അതിന്റെ ആവശ്യം പോലും ഇല്ലാത്തതുകൊണ്ടാണ്. സാംസ്‌കാരികമായ കീഴ്വഴക്കങ്ങളും മര്യാദകളുമാണ് പൊതുവെ അപരന്റെ ജീവിതത്തിന്‍മേലുള്ള നമ്മുടെയൊക്കെ അധികാരത്തെ നിത്യജീവിതത്തില്‍ നിയന്ത്രിക്കുന്നത്. അവിടെ നില്‍ക്കാത്ത തര്‍ക്കങ്ങളെ മാത്രമേ നിയമമണ്ഡലത്തിലേക്കും അതിന്റെ സാമൂഹ്യഗണിതത്തിലേക്കും താരതമ്യേന യാന്ത്രികമായ അതിന്റെ നിര്‍ണ്ണയരീതികളിലേക്കും നീട്ടേണ്ടതുള്ളൂ.
സരസ്വതിയെ ഹൈന്ദവക്ഷേത്രങ്ങളിലും പൗരാണികസംസ്‌കാരങ്ങളിലും എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നന്വേഷിക്കുന്നതാണല്ലോ ഏറ്റവും എളുപ്പം. ഹിന്ദുതീവ്രവാദികള്‍ തങ്ങളുടെ തന്നെ പൗരാണികക്ഷേത്രങ്ങള്‍ പൊളിച്ചുകളയണമെന്ന് പറയില്ലെന്ന് ആശിക്കുന്നു. ഇതിനോടൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ നോക്കുക. അതില്‍ ഏറ്റവും അവസാനം കൊടുത്തതാണ് എം എഫ് ഹുസൈന്റെ “സരസ്വതി ” എന്ന ചിത്രം. (ഹുസൈന്‍ വരച്ചത് സരസ്വതീദേവിയെയാണെന്ന് ഞാന്‍ അംഗീകരിക്കുകയല്ല, അങ്ങനെ പറയാന്‍ ഹുസൈനിനു മാത്രമേ അവകാശമുള്ളൂ) അദ്ദേഹമാകട്ടെ ഹിന്ദു ഭീകരവാദികളുടെ നിരന്തരമായ ഭീഷണി മൂലം ഇന്ത്യ വിട്ടുപോകേണ്ടിവരികയും പിന്നീട് മരണപ്പെടുകയും ചെയ്തുതാനും. അപ്പോള്‍ ഇനി ആ ചിത്രത്തിന്റെ മേല്‍ വ്യാഖ്യാനങ്ങള്‍ മാത്രമേ നമുക്കു സാധിക്കൂ. അത്തരമൊരു വ്യാഖ്യാനം എന്ന നിലയില്‍ ആ രൂപം സരസ്വതിയുടേതാണെന്ന് ഒരു വാദത്തിനുവേണ്ടിത്തന്നെ കരുതുക.
അങ്ങനെയെങ്കില്‍ നമുക്ക് മറ്റ് സരസ്വതീരൂപങ്ങള്‍ കൂടി ഒന്ന് നോക്കാം. ഇതോടൊപ്പം ചില ചിത്രങ്ങള്‍ ചേര്‍ക്കുന്നു. വിശദാംശങ്ങള്‍ താഴെ:
ഒന്നാമത്തെയും രണ്ടാമത്തെയും ചിത്രങ്ങള്‍ – കല്ലില്‍ തീര്‍ത്ത ജ്ഞാനസരസ്വതീ ശില്പം – സ്ഥലം ഗംഗൈകൊണ്ട ചോളപുരം, തമിഴ്‌നാട് .
മൂന്നാമത്തെ ചിത്രം – പുരാതന ജൈനക്ഷേത്രത്തില്‍ നിന്നുള്ള സരസ്വതീ ശില്പം. ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍.
നാലാമത്തെ ചിത്രം – സരസ്വതീദേവിയുടെ ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ശില്പം.
ഇനി അവസാനത്തെ ചിത്രം – എം എഫ് ഹുസൈന്‍ വരച്ച സരസ്വതി.
സത്യം പറ!ഇതില്‍ ഏത് കാണുമ്പോഴാണ് നിങ്ങള്‍ക്ക്, നിങ്ങളുടെ തന്നെ കണ്ണുവച്ച്, കൂടുതല്‍ നഗ്‌നത തോന്നുന്നത്?
എന്നാപ്പിന്നെ പൊളിക്കല്‍ തുടങ്ങിക്കോട്ടെ ലേ.. ആദ്യം വന്നവര്‍ക്കാണല്ലോ ആദ്യം. ആ നിലക്ക് ഏറ്റവും പഴയതില്‍ നിന്നുതന്നെ നമുക്ക് തുടങ്ങിയാലോ? വേണോ???
നിലവിലുള്ള ഒരു ചരിത്ര നിര്‍മ്മിതിയും നശിപ്പിക്കരുത് എന്നു തന്നെയാണ് എന്റെ എളിയ അഭിപ്രായം. അതിപ്പോ ബാബറി മസ്ജിദായാലും ശരി വിഗ്രഹമായാലും ശരി. നശിപ്പിക്കാന്‍ പാടില്ല തന്നെ… നിങ്ങള്‍ക്കീ പൊളിക്കലിലൊക്കെയാണല്ലോ ഹരം. അതുകൊണ്ട് ചോദിച്ചെന്നു മാത്രം!
എന്തോ ഒരു വശപ്പെശക് തോന്നുന്നില്ലേ? നിങ്ങള്‍ കണ്ടിട്ടുള്ള സരസ്വതീരൂപം, ഒരുമാതിരി മറാഠി സ്ത്രീകളെപ്പോലുള്ള രൂപമാണെന്നല്ലേ? ബ്ലൗസൊക്കെ ഇട്ട്, സാരിയൊക്കെ ഉടുത്ത്…!
പ്രിയപ്പെട്ട തീവ്രവാദികളേ, അത് രവിവര്‍മ്മ വരച്ചതാണ്. അതേന്ന്! നമ്മടെ രാജാ രവിവര്‍മ്മ തന്നെ!. അതിനുമുമ്പ് സരസ്വതിക്ക് എന്നല്ല, ഒട്ടുമിക്ക ദേവീദേവന്മാര്‍ക്കും വസ്ത്രമില്ല. എല്ലായ്‌പോഴും, ചില്ലറ അപവാദങ്ങള്‍ കാണുമായിക്കാം) സരസ്വതി നഗ്‌നസരസ്വതിയാണ്.പോട്ടെ, നമ്മുടെ ചോറ്റാനിക്കരയമ്മ ബ്ലൗസിന്റെ മേല്‍ പട്ടുസാരിയും പുതച്ചാണോ നില്‍പ്പ്? എത്ര അമ്പലങ്ങളില്‍ നിങ്ങള്‍ പാതിയോ മുഴുവനോ നഗ്‌നമല്ലാത്ത സരസ്വതീവിഗ്രഹങ്ങള്‍ കണ്ടിട്ടുണ്ട്?
ചുരുങ്ങിയത് അമ്പലത്തിലെങ്കിലും ഇടക്കൊക്കെ ഒന്ന് പോയി നോക്കണം. പറ്റുമെങ്കില്‍ തമിഴ്‌നാട്ടിലെങ്കിലും. സാംസ്‌കാരികവൈജാത്യങ്ങളെപ്പറ്റി അല്ലറ ചില്ലറ ധാരണയൊക്കെ ഉണ്ടാവുന്നത് നല്ലതാണ്. ചുരുങ്ങിയത് കുറച്ചുകൂടി ഭേദപ്പെട്ട വിഡ്ഢിത്തം പറയാം.