തിരുവനന്തപുരം: ഇടതുപക്ഷത്തെ ഒരു ബദലായി കാണണമെന്നും ഇടതുപക്ഷ നിലപാടുകളോടുള്ള പ്രതീക്ഷ വലുതാണെന്നും എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ഇപ്പോഴത്തെ സംഭവങ്ങൡ പോലും ഇടതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന സുരക്ഷിതത്വത്തിലാണ് താന്‍ നില്‍ക്കുന്നതെന്നും ദീപാ നിശാന്ത് പറയുന്നു.
തന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുളള എഴുത്തുകാരിയായ ശാരദക്കുട്ടി തന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ എന്തിനാണ് അസ്വസ്ഥയാകുന്നതെന്നും ദീപാനിശാന്ത് ചോദിക്കുന്നു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദീപാ നിശാന്ത്.
“”എന്റെയത്രയും നല്ല എഴുത്തുകാരിയല്ല ദീപാ നിശാന്ത് എന്നെങ്ങാനുമാണ്, അതു ശരിതന്നെയാണെങ്കില്‍പ്പോലും, അശോകന്‍ ചരുവില്‍ പറഞ്ഞിരുന്നതെങ്കിലോ. ആളുകള്‍ എങ്ങനെയാകും പ്രതികരിക്കുക. വലിച്ചുകീറി ഒട്ടിക്കില്ലേ, സമൂഹ മാധ്യമങ്ങളിലൊക്കെ.
അദ്ദേഹത്തിന് അദ്ദേഹത്തെ വച്ചു താരതമ്യം ചെയ്യാനുള്ള അവകാശമുണ്ടല്ലോ. അതല്ലേ പറയാന്‍ പറ്റൂ. അത്ര വലിയ ഗൗരവമായിട്ടൊന്നും അതിനെ കാണേണ്ട കാര്യമുണ്ടായിരുന്നില്ല. ഒന്നാമതായി, എന്റെ എഴുത്തിന്റെ സാഹിത്യമൂല്യം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമായിരുന്നില്ല അത്.
പക്ഷേ, ഈ വിഷയം വന്നപ്പോള്‍ അത്തരം ചര്‍ച്ചകളിലേക്കൊക്കെ പലരും പോയി. അതിലെനിക്കു വിഷമമുണ്ട്. അശോകന്‍ ചരുവില്‍ എന്നെക്കുറിച്ചെഴുതിയത് ചര്‍ച്ചയാക്കി മാറ്റിയ ശാരദക്കുട്ടിയുടെ നിരവധി അനുമോദന മെസേജുകള്‍ എന്റെ ഇന്‍ബോക്‌സിലുണ്ട്.
എന്നെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട്, എഴുത്തിന് ആവേശം പകര്‍ന്നുകൊണ്ടു പലപ്പോഴായി അയച്ചവ. അവതാരിക എഴുതാമെന്നുമൊക്കെ സന്തോഷപൂര്‍വ്വം സമ്മതിച്ച്, പുസ്തകമാക്കാന്‍ പ്രോല്‍സാഹിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ശാരദക്കുട്ടി.
അങ്ങനെയൊരാള്‍ ഇത്രമാത്രം ആളുകള്‍ ആ പുസ്തകം വായിക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ അസ്വസ്ഥയാകുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പിന്നെ എഴുത്തുകാര്‍ തമ്മില്‍ താരതമ്യത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.””- ദീപാ നിശാന്ത് പറയുന്നു.
Dont Miss കലാപം തടയാന്‍ മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകള്‍; ബെഹ്‌റയുടെ അവകാശവാദത്തിന്റെ വാസ്തവം എത്ര? തള്ള് എത്ര?
ബുദ്ധിജീവികള്‍ മാത്രമല്ലല്ലോ പുസ്തകം വായിക്കുന്നത്. എന്റെ എഴുത്തു മോശമാണെങ്കില്‍ അതു വായിക്കുന്നയാളുകളെയാകെ അപമാനിക്കുന്നതിനു തുല്യമാണ്. അവരെ താഴ്ത്തിക്കെട്ടുന്നതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്തിനാണെന്നു മനസിലാകുന്നില്ല.
മറ്റൊന്ന്, എന്റെ പുസ്തകം ഗംഭീരമാണെന്നു ഞാന്‍ അവകാശപ്പെടുന്നുമില്ല. അതു വായിക്കണം എന്നാവശ്യപ്പെട്ട് ഇന്നുവരെ ഞാനൊരു പോസ്റ്റ് പോലും ഇട്ടിട്ടുമില്ല. എന്റെ പുസ്തകം മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു സ്ഥലമായി ഞാന്‍ സമൂഹ മാധ്യമത്തെ കാണുന്നില്ല. – ദീപ പറയുന്നു.
പല സെലിബ്രിറ്റികളുടേയും നിലപാടുകളൊക്കെ കാണുമ്പോള്‍ സഹതാപം തോന്നും. അവരുടെ നിലപാടിന് ഒരു ഭൂരിപക്ഷത്തിന്റെ നിലപാടിനെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടായിരിക്കെ പ്രത്യേകിച്ചും. അതു കാണുമ്പോള്‍ ഭയം തോന്നാറുണ്ട്. മൗനം എന്നത് ഒരു സെയ്ഫ് സോണാണെന്നും അതാണ് പലരും കാണിക്കുന്നതെന്നും ദീപാ നിശാന്ത് പറയുന്നു.
കലയ്ക്കും കലാകാരന്മാര്‍ക്കും രാഷ്ട്രീയം പാടില്ല എന്നൊക്കെ ഓരോരുത്തര്‍ ഉണ്ടാക്കുന്ന ഫ്രെയിമാണ്. ചിലര്‍ എന്നോട് പറയാറുണ്ട് അധ്യാപകര്‍ക്കു രാഷ്ട്രീയം പാടില്ലെന്ന്. രാഷ്ട്രീയം ഇല്ലെന്നു പറയുന്നതിനെക്കാള്‍ അങ്ങേയറ്റം അശ്ളീലമായിട്ടു വേറൊരു സംഗതിയുമില്ലെന്നും ദീപാ നിശാന്ത് പറയുന്നു.