തൃശൂര്‍: അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കുമെന്ന ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ അധ്യാപിക ദീപ നിഷാന്ത്. സുരേഷ് ഗോപിയുടെ ചിന്തകളുടെ ഇരുട്ട് നിറഞ്ഞ ശ്മശാനഭൂവില്‍ എന്നെങ്കിലും സൂര്യനുദിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനേ പറ്റൂവെന്ന് ദീപ നിഷാന്ത് പറഞ്ഞു.
മതവിശ്വാസവും മതഭ്രാന്തും ഒന്നല്ലെന്നും ഒരു ക്രൈമിന്റെ കൂട്ടുപ്രതിയായാണ് അദ്ദേഹം ദൈവത്തെ കാണുന്നതെങ്കില്‍ അതിനോളം വൃത്തികെട്ട ഒരു സങ്കല്‍പ്പം വേറെയില്ലെന്നും ദീപ നിഷാന്ത് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘ഒരു പ്രാക്ക് വീഡിയോ കണ്ടു. കഷ്ടം തോന്നി. മുതിര്‍ന്നവരുടെ പാവക്കരടിയാണ് ദൈവമെന്ന് പറഞ്ഞത് ഓഷോയാണ്. കുട്ടികള്‍ ടെഡ്ഡി ബെയറിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍, അവര്‍ വിശ്വസിക്കുന്നത് എല്ലാ പേടികളില്‍ നിന്നും ആപത്തുകളില്‍ നിന്നും ടെഡ്ഡി തങ്ങളെ രക്ഷിക്കുമെന്നാണ്.
അതുപോലെ തന്നെയാണ് മുതിര്‍ന്നവര്‍ ദൈവത്തെ വിശ്വസിക്കുന്നതും.
വലിയ സങ്കടങ്ങളില്‍ നിന്നും പിടിച്ചുകയറ്റാന്‍, തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്താന്‍, ചുറ്റുമുള്ള മനുഷ്യരോട് പങ്കുവെക്കാനാകാത്ത സങ്കടങ്ങള്‍ പങ്കുവെക്കാന്‍ ഒരാള്‍. അതൊക്കെ മനോഹരമാണ്. അതിലപ്പുറം ഏത് തെറ്റും മൂടിവെക്കുന്ന, തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന, തങ്ങളെ മാത്രം രക്ഷിക്കുന്ന, മതമൗലികവാദം മുഖമുദ്രയാക്കിയ, അപരമതവിദ്വേഷം വെച്ചു പുലര്‍ത്തി അപരനെ ദ്രോഹിക്കുന്ന, നിങ്ങള്‍ ക്വട്ടേഷന്‍ കൊടുത്താല്‍ അതേറ്റെടുക്കാനിരിക്കുന്ന, ഒരു ക്രൈമിന്റെ കൂട്ടുപ്രതിയായാണ് നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ കാണുന്നതെങ്കില്‍ അതിനോളം വൃത്തികെട്ട ഒരു സങ്കല്‍പ്പം വേറെയില്ല! മതവിശ്വാസവും മതഭ്രാന്തും ഒന്നല്ല.
നിങ്ങളുടെ ചിന്തകളുടെ ഇരുട്ട് നിറഞ്ഞ ശ്മശാനഭൂവില്‍ എന്നെങ്കിലും സൂര്യനുദിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനേ പറ്റൂ,’ ദീപ നിഷാന്ത് പറഞ്ഞു.
അവിശ്വാസികളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്നും അവരുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരുന്ന് താന്‍ പ്രാര്‍ത്ഥിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്. ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ഒരാളെ പോലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ ശിവരാത്രി ആഘോഷത്തിനിടയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
കുട്ടികള്‍ക്കിടയില്‍ സ്‌നേഹം വളര്‍ത്തിയെടുക്കാനും അച്ചടക്കം വളര്‍ത്താനുമൊക്കെ വിശ്വാസം നല്ലൊരു ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Deepa Nishant against BJP leader and actor Suresh Gopi’s statement