| Monday, 10th January 2022, 6:39 pm

ശരിക്കും 'വനിതകളുടെ വഴികാട്ടി' അവള്‍ തന്നെയാണ്; വനിതയ്ക്ക് പരോക്ഷ വിമര്‍ശനം, അതിജീവിച്ച നടിക്ക് പിന്തുണയുമായി ദീപ നിശാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി അധ്യാപികയും ആക്ടിവിസ്റ്റുമായ ദീപ നിശാന്ത്. താന്‍ നേരിട്ട അതിക്രമത്തിന് ശേഷം അനുഭവിച്ച വേദനകളും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നതുമുള്‍പ്പെടെയുള്ള തന്റെ നിലപാടും വ്യക്തമാക്കി ഇന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

അതിജീവിതയുടെ കുറിപ്പില്‍ പ്രഹര ശേഷിയുള്ള വാചകങ്ങള്‍ ഉണ്ടെന്ന് ദീപ ചൂണ്ടിക്കാട്ടി. ‘സൂര്യനെല്ലി’പെണ്‍കുട്ടിയായും ‘വിതുര ‘ ‘പെണ്‍കുട്ടിയായുമൊക്കെ വിശേഷിപ്പിച്ച് ഇരവത്കരിച്ചും സഹതപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും മുഖ്യധാരാസമൂഹം അരികുവത്കരിച്ച നിരവധി പെണ്‍കുട്ടികളുടെ തൊണ്ടയില്‍ കുരുങ്ങി മരിച്ചിട്ടുണ്ടാവും ഇത്തരം വാക്കുകളെന്ന് ദീപ പറയുന്നു.

വാദിയേയും പ്രതിയേയും കല്യാണം കഴിപ്പിച്ച് ഒത്തുതീര്‍പ്പിനു ശ്രമിക്കുന്ന ജഡ്ജിമാരുള്ള ഒരു നാട്ടില്‍ പീഡനക്കേസിന്റെ വിചാരണ സ്ത്രീകളെ സംബന്ധിച്ച് അത്ര സുഗമമായിരിക്കില്ലെന്നും ജനപ്രതിനിധികളടക്കമുള്ള മനുഷ്യര്‍ സ്വന്തം മനസ്സിലെ അഴുക്കുകള്‍ ചാനല്‍ ചര്‍ച്ചകളില്‍ കുടഞ്ഞിടുന്ന ഒരു കാലത്ത് ശാരീരികമായി ഏറ്റുവാങ്ങേണ്ടി വന്ന അതിക്രമത്തേക്കാള്‍ ഭീകരമായിരിക്കും മാധ്യമ വിചാരണകളിലും കോടതിമുറികളിലും സൈബറിടത്തിലും അവള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന വെര്‍ബല്‍ റേപ്പുകളെന്നും ദീപ പറഞ്ഞു.

ശരിക്കും ‘വനിതകളുടെ വഴികാട്ടി’ അവള്‍ തന്നെയാണെന്നും കൂട്ടിച്ചേര്‍ത്ത ദീപ വനിത മാസികയെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റാരോപിതനായ ദിലീപിനേയും കുടുംബത്തേയും കവര്‍ പേജില്‍ കൊടുത്ത വനിതക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും ആക്രമണത്തെ അതിജീവിച്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും നടി കുറിപ്പില്‍ പറഞ്ഞു.

പൃഥ്വിരാജ്, ടൊവിനോ തോമസ്, ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, തുടങ്ങി നിരവധി പേരാണ് അക്രമം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ അതിജീവിതയ്ക്ക് പിന്തുണയമായി രംഗത്ത് എത്തി.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്കു സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട് ‘ പ്രഹരശേഷിയുള്ള ചില വാചകങ്ങളുണ്ട്… മേല്‍ക്കൊടുത്ത വാചകങ്ങള്‍ അത്തരത്തിലുള്ളതാണ്. താന്‍ നേരിടേണ്ടി വന്ന അതിക്രമത്തിനെതിരെ നിയമപരമായി നീങ്ങുന്ന ഒരു പെണ്‍കുട്ടിയുടെ വാക്കുകളാണിത്…

‘സൂര്യനെല്ലി’പെണ്‍കുട്ടിയായും ‘വിതുര ‘ ‘പെണ്‍കുട്ടിയായുമൊക്കെ വിശേഷിപ്പിച്ച് ഇരവത്കരിച്ചും സഹതപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും മുഖ്യധാരാസമൂഹം അരികുവത്കരിച്ച നിരവധി പെണ്‍കുട്ടികളുടെ തൊണ്ടയില്‍ കുരുങ്ങി മരിച്ചിട്ടുണ്ടാവും ഇത്തരം വാക്കുകള്‍..

വാദിയേയും പ്രതിയേയും കല്യാണം കഴിപ്പിച്ച് ഒത്തുതീര്‍പ്പിനു ശ്രമിക്കുന്ന ജഡ്ജിമാരുള്ള ഒരു നാട്ടില്‍ പീഡനക്കേസിന്റെ വിചാരണ സ്ത്രീകളെ സംബന്ധിച്ച് അത്ര സുഗമമായിരിക്കില്ല.. ജനപ്രതിനിധികളടക്കമുള്ള മനുഷ്യര്‍ സ്വന്തം മനസ്സിലെ അഴുക്കുകള്‍ ചാനല്‍ ചര്‍ച്ചകളില്‍ കുടഞ്ഞിടുന്ന ഒരു കാലത്ത് ശാരീരികമായി ഏറ്റുവാങ്ങേണ്ടി വന്ന അതിക്രമത്തേക്കാള്‍ ഭീകരമായിരിക്കും മാധ്യമ വിചാരണകളിലും കോടതിമുറികളിലും സൈബറിടത്തിലും അവള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന വെര്‍ബല്‍ റേപ്പുകള്‍..

അതിനിടയിലും പതറാതെ അവള്‍ മുന്നോട്ടു പോവുകയാണ്… നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയാണ്..
ശരിക്കും ‘വനിതകളുടെ വഴികാട്ടി’ അവള്‍ തന്നെയാണ്…
പ്രിയപ്പെട്ടവളേ ….അഭിവാദ്യങ്ങള്‍… നീതി ലഭിക്കട്ടെ?

അവളെ അധിക്ഷേപിക്കുന്ന/ അവനെ ന്യായീകരിക്കുന്ന ഒരു കമന്റും ഇവിടെ നിലനിര്‍ത്തില്ല. കമന്റും കളയും. ബ്ലോക്കും ചെയ്യും.

നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര’

5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്.

എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: deepa nisanth’s facebook post supporting actress who had been attacked in kochy

We use cookies to give you the best possible experience. Learn more