| Monday, 22nd August 2022, 1:06 pm

'ഇത് പൊക്കിക്കൊണ്ടു തന്നവര്‍ പറയാന്‍ വഴിയില്ലെന്നറിയാം'; ജയശങ്കറിന്റെ പോസ്റ്റില്‍ ദീപാ നിശാന്തിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ‘കാലിക്കറ്റ് സര്‍വകലാശാല ബി.എ. മലയാളം പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ തിരിച്ചുനല്‍കിയ അധ്യാപകര്‍’ എന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ജയശങ്കര്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. താനടക്കം ആറ് അധ്യാപകരുടെ പേരുകള്‍ ലിസ്റ്റ് ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനാണ് ദീപ നിശാന്ത് കമന്റ് സെക്ഷനില്‍ തന്നെ മറുപടി കൊടുത്തിരിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പരിഗണിക്കപ്പെട്ട, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ കൂടിയായ പ്രിയ വര്‍ഗീസിന്റെ പേരും ജയശങ്കര്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുണ്ട്.

‘കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമര്‍പ്പിച്ച 2018-19ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടത്’ എന്ന് പറഞ്ഞുകൊണ്ടാണ് ജയശങ്കര്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

”2019 ഫെബ്രുവരിയില്‍ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റര്‍ ഉത്തരക്കടലാസ് പരിശോധനാ ക്യാമ്പില്‍ തൃശൂര്‍ ശ്രീ. കേരളവര്‍മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ തങ്ങള്‍ക്കു ലഭിച്ച 165 ആന്‍സര്‍ ബുക്കില്‍ വെറും 35 എണ്ണം നോക്കി മാര്‍ക്കിട്ടു. ബാക്കി 130 എണ്ണം തിരിച്ചുകൊടുത്തു.

അധ്വാനശീലരും കര്‍ത്തവ്യ വ്യഗ്രരുമായ ആ ആറു ഗുരുശ്രേഷ്ഠര്‍ താഴെ പറയുന്നവരാണ്.

1) ഡോ. രാജേഷ് എം.ആര്‍
2) ദീപ ടി.എസ്
3) പ്രിയ വര്‍ഗീസ്
4) ഡോ. ടി.കെ. കല മോള്‍
5) ഡോ. ബ്രില്ലി റാഫേല്‍
6) ഡോ. എസ്. ഗിരീഷ് കുമാര്‍.

ഇവരില്‍ രണ്ടാം പേരുകാരി പ്രമുഖ കവിതാ മോഷ്ടാവും സാംസ്‌കാരിക നായികയുമാണ്- ദീപ നിശാന്ത്. മൂന്നാം പേരുകാരി നിയുക്ത കണ്ണൂര്‍ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍.

ഇവരുടെ ശ്രമഫലമായി റിസള്‍ട്ട് ആറുമാസം വൈകി എന്നും ഓഡിറ്റ് റിപ്പോര്‍ട്ട് തുടരുന്നു.

എന്നിട്ടോ? ഒരു പാരിതോഷികവും ലഭിച്ചില്ല. കാരണം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ശ്രീ. കേരളവര്‍മ കോളേജും ഭരിക്കുന്നത് അധ്വാനിക്കുന്നവരുടെ പാര്‍ട്ടിയാണ്,” എന്നായിരുന്നു ജയശങ്കറിന്റെ പോസ്റ്റ്.

ഇതിനാണ് പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ തന്നെ ദീപ നിശാന്ത് മറുപടി നല്‍കിയിരിക്കുന്നത്.

സ്ഥിരമായി ക്യാമ്പില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ കാരണം അവരുടെ ജോലി കൂടി ക്യാമ്പില്‍ ഹാജരാകുന്ന അധ്യാപകര്‍ എടുക്കേണ്ട സാഹചര്യം ആവര്‍ത്തിച്ചപ്പോള്‍ ഒരു പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്നും എല്ലാ അധ്യാപകരും ഹാജരാകുകയാണെങ്കില്‍ നോക്കേണ്ടി വരുമായിരുന്ന ഉത്തരക്കടലാസുകള്‍ നോക്കുകയും ബാക്കി തിരികെ ഏല്‍പ്പിക്കുകയുമാണ് ചെയ്തതെന്നും ദീപ നിശാന്ത് കമന്റില്‍ പറയുന്നു.

ഈ പ്രതിഷേധത്തിന് ശേഷം എല്ലാ അധ്യാപകരും കൃത്യമായി ക്യാമ്പുകളില്‍ ഹാജരാകാറുണ്ടെന്നും പ്രതിഷേധം കൊണ്ട് ഒരു വിദ്യാര്‍ത്ഥിയുടേയും റിസള്‍ട്ട് വൈകിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെക്കേഷനുകളിലടക്കം മൂല്യനിര്‍ണയ ക്യാമ്പുകളില്‍ സ്ഥിരമായി ഹാജരാകുന്ന ആളുകളുടെ പേര് ഇങ്ങനെ കാണുമ്പോള്‍ പൊതുജനം വിശ്വസിച്ചേക്കും, അതിനിടയില്‍ യഥാര്‍ത്ഥപ്രതികള്‍ സമര്‍ത്ഥമായി മറഞ്ഞിരിക്കുകയും ചെയ്യുമെന്നും ദീപ നിശാന്ത് പറഞ്ഞു.

ദീപ നിശാന്ത് പോസ്റ്റ് ചെയ്ത കമന്റിന്റെ പൂര്‍ണഭാഗം;

”കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ എത്ര കോളേജുകളുണ്ടെന്നും അതില്‍ എത്ര മലയാളം അധ്യാപകരുണ്ടെന്നും അന്വേഷിക്കുക. അവരില്‍ എത്ര പേര്‍ സ്ഥിരമായി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കുന്നുണ്ട് എന്ന് സമയമുണ്ടെങ്കില്‍ അന്വേഷിക്കുക.

മേല്‍പ്പറഞ്ഞ പേരുകാര്‍ സര്‍വീസില്‍ കയറിയതിനു ശേഷം എത്ര ക്യാമ്പ് നടന്നിട്ടുണ്ട് എന്നും അതില്‍ ഏതൊക്കെ ക്യാമ്പുകളില്‍ അവര്‍ പങ്കെടുക്കാതിരുന്നിട്ടുണ്ട് എന്നും അന്വേഷിക്കുക. ഉത്തരം കിട്ടും.

ക്യാമ്പില്‍ സ്ഥിരമായി പങ്കെടുക്കാത്ത അധ്യാപകരുണ്ട്. അവരുടെ ജോലി കൂടി ക്യാമ്പില്‍ ഹാജരാകുന്ന അധ്യാപകര്‍ എടുക്കേണ്ടി വരുന്ന സാഹചര്യം ആവര്‍ത്തിച്ചപ്പോള്‍ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ അധ്യാപകരും ഹാജരാകുകയാണെങ്കില്‍ നോക്കേണ്ടി വരുമായിരുന്ന ഉത്തരക്കടലാസുകള്‍ എത്രയാണെന്ന് നിജപ്പെടുത്തി അത് നോക്കുകയും ബാക്കി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ആ പ്രതിഷേധത്തിന് ഞങ്ങള്‍ക്ക് ശിക്ഷ ലഭിക്കുകയാണെങ്കില്‍ ഒരൊറ്റ പേപ്പര്‍ പോലും നോക്കാതെ വീട്ടിലിരുന്ന അധ്യാപകരെ യൂണിവേഴ്‌സിറ്റി എന്തുചെയ്യും?

ഈ പ്രതിഷേധത്തിന് ശേഷം അതുവരെ വീട്ടിലിരുന്നവരെല്ലാം കൃത്യമായി ക്യാമ്പുകളില്‍ ഹാജരാകാറുണ്ട്. അതുകൊണ്ടുതന്നെ അമിതഭാരം ഒരാള്‍ക്കും വരുന്നുമില്ല എന്ന വ്യത്യാസം കൂടി ഉണ്ടായിട്ടുണ്ട് എന്നും അങ്ങയെ ഓര്‍മിപ്പിക്കട്ടെ.

മേല്‍പ്പറഞ്ഞ പ്രതിഷേധം കൊണ്ട് ഒരു വിദ്യാര്‍ത്ഥിയുടേയും റിസള്‍ട്ട് വൈകിയിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാനടത്തിപ്പും റിസള്‍ട്ടും അതിന് മുമ്പ് നടന്നിരുന്ന പോലെ തന്നെ നടന്നിട്ടുണ്ട്. എല്ലാവരും പങ്കെടുക്കുകയാണെങ്കില്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിക്കേണ്ട ക്യാമ്പുകള്‍ ആളുകള്‍ വരാത്തതിനാല്‍ ഒന്നും രണ്ടും ആഴ്ചകള്‍ നീണ്ടുപോകുമ്പോള്‍ ക്ലാസ്സില്‍ ഹാജരാകുന്ന വിദ്യാര്‍ത്ഥികളുടെ പഠിപ്പും ഭാവിയുമൊന്നും ആരുടേയും വൈകാരികവിക്ഷോഭങ്ങളില്‍ ഇടം പിടിക്കാത്തത് വിചിത്രമാണ്.

വെക്കേഷനുകളിലടക്കം മൂല്യനിര്‍ണയ ക്യാമ്പുകളില്‍ സ്ഥിരമായി ഹാജരാകുന്ന ആളുകളുടെ പേര് ഇങ്ങനെ കാണുമ്പോള്‍ പൊതുജനം വിശ്വസിച്ചേക്കും എന്നൊരു മെച്ചം ഇത്തരം ആരോപണങ്ങള്‍ക്കുണ്ട്. സമര്‍ത്ഥമായി അതിനിടയില്‍ യഥാര്‍ത്ഥപ്രതികള്‍ മറഞ്ഞിരിക്കുകയും ചെയ്യും.

ഇത് പൊക്കിക്കൊണ്ടു തന്നവര്‍ ഇതൊന്നും പറഞ്ഞു തരാന്‍ വഴിയില്ലെന്നറിയാം. വെറുതെ പറഞ്ഞെന്നേയുള്ളു. അങ്ങ് ജോലി തുടര്‍ന്നോളു.

Content Highlight: Deepa Nisanth replies to the Facebook post of Adv. A. Jayashankar

We use cookies to give you the best possible experience. Learn more