ന്യൂദല്‍ഹി: ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഉള്‍പ്പെടെ ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴ വിധിച്ച് സുപ്രീംകോടതി. മത്സരിച്ച സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് രേഖകള്‍ പരസ്യമാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും മറ്റ് അഞ്ച് പാര്‍ട്ടികള്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഉത്തരവ് പാലിക്കാത്തതിന് സി.പി.ഐ.എമ്മിനും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും 5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ഭാവിയില്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ രേഖകള്‍ പ്രഖ്യാപിക്കുന്നതിലും വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലും കക്ഷികള്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഒരു മൊബൈല്‍ ആപ്പ് സൃഷ്ടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍ കേസുകളുടെ രേഖകള്‍ കക്ഷികള്‍ പരസ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
അതേസമയം, ഹൈക്കോടതികളുടെ അനുമതിയില്ലാതെ എം.പിമാര്‍ക്കും, എം.എല്‍.എ മാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എം.പിമാരും എം.എല്‍,എമാരും പ്രതികളായ ക്രിമിനല്‍ കേസുകളുടെ വിചാരണ വേഗത്തില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിലെ അമിക്കസ്‌ക്യൂറി വിജയ് ഹന്‍സാരിയയുടെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
” ബന്ധപ്പെട്ട ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാര്‍ക്കോ എം.എല്‍.എമാര്‍ക്കോ എതിരെയുള്ള കേസുകള്‍ പിന്‍വലിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നത് ഉചിതമാണെന്ന് ഞങ്ങള്‍ കരുതുന്നു,” സുപ്രീംകോടതി പറഞ്ഞു.