ന്യൂദല്‍ഹി: അല്‍പ സമയം മുമ്പ് വാഹനാപകടത്തില്‍ മരിച്ച പഞ്ചാബി നടന്‍ ദീപ് സിദ്ദു നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞത് 2021ലെ റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് സമൂഹത്തിന്റെ പതാകകളുയര്‍ത്തിയതിന്റെ പേരിലായിരുന്നു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് റിപബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെയാണ് ചെങ്കോട്ടയില്‍ കര്‍ഷക സംഘടനകളുടെയും സിഖ് സമൂഹത്തിന്റെയും പതാകകള്‍ ഉയര്‍ത്തിയത്. കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതും പതാക ഉയര്‍ത്താന്‍ ആഹ്വാനം നടത്തിയതും സിദ്ദുവായിരുന്നു.
എന്നാല്‍ സിദ്ദുവിന് കര്‍ഷക സംഘടനകളുമായോ സമരവുമായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇക്കാര്യം കര്‍ഷ സംഘടന നേതാക്കളും വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല, കര്‍ഷക സമരത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതെന്നും കര്‍ഷക നേതാക്കള്‍ അന്ന് തന്നെ വ്യക്തമാക്കിയതാണ്.
കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ കീഴിലുള്ള ഒരു സംഘനടയുടെയും ഭാഗമല്ല ദീപ് സിദ്ദുവെന്നും കര്‍ഷക നേതാക്കള്‍ അക്കാലത്ത് തന്നെ വ്യക്തമാക്കിയിരുന്നു. ദീപ് സിദ്ദു കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനികളായ ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞിരുന്നു. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും പറഞ്ഞ അദ്ദേഹം ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാല്‍ ഭരണഘടനാവകാശത്തിനനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും സിഖുകാര്‍ വിശുദ്ധമായി കരുതുകയും സിഖിസത്തിന്റെ പ്രതീകമായി കരുതപ്പെടുകയും ചെയ്യുന്ന നിഷാന്‍ സാഹിബ് എന്ന പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും, ദേശീയ പതാക നീക്കം ചെയ്തില്ലെന്നുമാണ് വിവാദങ്ങളെ തുടര്‍ന്ന് ദീപ് സിദ്ദു ഫേസ്ബുക്ക് ലൈവിലൂടെ അന്ന് പ്രതികരിച്ചത്.
കര്‍ഷകര്‍ ചെങ്കോട്ടയിലെ ദേശീയ പതാക നീക്കം ചെയ്തെന്നും പകരം ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്നും അക്കാലത്ത് സംഘപരിവാര്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം വ്യാജമാണെന്നും ദീപ് സിദ്ദുവിന്റെ മുന്‍കാല ചരിത്രവും ബി.ജെ.പി നേതാക്കളുമായുള്ള അടുത്ത ബന്ധവും കര്‍ഷക സമരത്തിലുള്ള ഇയാളുടെ ഇടപെടലുകളെ സംശയകരമാക്കുകയും സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ആരാണ് ദീപ് സിദ്ദു, എന്തുകൊണ്ട് ഇയാള്‍ക്കെതിരെ വിവാദങ്ങളുയരുന്നു?
പഞ്ചാബിലെ മുക്ത്‌സര്‍ ജില്ല സ്വദേശിയാണ് ദീപ് സിദ്ദു. നിയമപഠനം പൂര്‍ത്തിയാക്കിയ ഇയാള്‍ കുറച്ച് നാള്‍ പ്രാക്ടീസ് നടത്തിയ ശേഷം സിനിമാമേഖലയില്‍ വരികയായിരുന്നു. കിംഗ്ഫിഷറിന്റെ മോഡല്‍ ഹണ്ട് അവാര്‍ഡ് നേടിയതിന് പിന്നാലെയാണ് ദീപ് സിദ്ദു അഭിനയരംഗത്തേക്ക് വരുന്നത്. 2015ല്‍ രംത ജോഗി എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും 2018ല്‍ ഇറങ്ങിയ ജോറ ദാസ് നുംബരിയ എന്ന ചിത്രത്തിലെ യുവ ഗുണ്ടാനേതാവിന്റെ വേഷമാണ് പഞ്ചാബില്‍ ദീപ് സിദ്ദുവിന് സൂപ്പര്‍ സ്റ്റാര്‍ പരിവേഷം നല്‍കിയത്.
ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു ദീപ് സിദ്ദു. സണ്ണി ഡിയോളിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടാണ് ദീപ് സിദ്ദു രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് വിവിധ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചുകൊണ്ടുള്ള സിദ്ദുവിന്റെ വീഡിയോകള്‍ ഫേസ്ബുക്കില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടുകൂടിയാണ് സിനിമാതാരം മാത്രമായിരുന്ന സിദ്ദുവിന് സാമൂഹ്യപ്രവര്‍ത്തകനെന്ന പരിവേഷം കൂടി ലഭിക്കുന്നത്. പഞ്ചാബിനെ കുറിച്ചും സിഖ് ജനതയെക്കുറിച്ചുമുള്ള ചരിത്രങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് പറയുന്ന അജ്മീര്‍ സിംഗ് എന്ന പഞ്ചാബി എഴുത്തുകാരന്റെ കൃതികളായിരുന്നു ഈ വീഡിയോകളില്‍ പ്രധാനമായും സിദ്ദു പരാമര്‍ശിച്ചിരുന്നത്.
പഞ്ചാബില്‍ കര്‍ഷക പ്രതിഷേധം ശക്തമായപ്പോള്‍ കാര്‍ഷിക നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ സിദ്ദു പങ്കെടുക്കാന്‍ തുടങ്ങി. 2021 സെപ്റ്റംബര്‍ 25ന് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഹരിയാന അതിര്‍ത്തിയില്‍ വിളിച്ചു ചേര്‍ത്ത ധര്‍ണക്ക് നിരവധി പേരായിരുന്നു എത്തിച്ചേര്‍ന്നത്.
പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ പേര്‍ ഈ പരിപാടിക്കെത്തിയതോടെ ദീപ് സിദ്ദു അവിടെ അനിശ്ചിതകാല പ്രതിഷേധം ആരംഭിക്കുകയായിരുന്നു. മാധ്യമങ്ങള്‍ വലിയ ശ്രദ്ധയോടെയായിരുന്നു ഈ പരിപാടി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതോടുകൂടി വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി പഞ്ചാബിനായി പോരാടണമെന്ന് ആഹ്വാനം ചെയ്യുന്ന പുതിയ പ്ലാറ്റ്‌ഫോമും ദീപ് സിദ്ദു ആരംഭിച്ചു.
കര്‍ഷക പ്രതിഷേധത്തിലെ താരസാന്നിധ്യമെന്ന നിലയില്‍ സിദ്ദു മാധ്യമശ്രദ്ധ നേടിയെങ്കിലും ഇയാള്‍ക്കെതിരെ തുടക്കം മുതല്‍ തന്നെ കര്‍ഷക സംഘടനകള്‍ രംഗത്തുവന്നു. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനായി തന്റെ താരപരിവേഷം സിദ്ദു ഉപയോഗിക്കുകയാണെന്നായിരുന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞിരുന്നത്.
താങ്ങുവിലയെ സംബന്ധിച്ചു മാത്രമല്ല ഈ പ്രതിഷേധങ്ങളെന്നും പഞ്ചാബിന്റെയും ഫെഡറല്‍ സംവിധാനത്തിന്റെയും നിലനില്‍പ്പിന് കൂടി വേണ്ടിയാണ് ഇവയെന്നും എന്ന നിലയിലുള്ള സിദ്ദുവിന്റെ പ്രസ്താവനകളെ ചൂണ്ടിക്കാട്ടിയായിരുന്നു കര്‍ഷക സംഘടനകള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്.
ഇതേ ഘട്ടത്തില്‍ തന്നെ പ്രധാനമന്ത്രിക്കും സണ്ണി ഡിയോളിനുമൊപ്പം സിദ്ദു നില്‍ക്കുന്നതിന്റെ ചിത്രങ്ങളും കര്‍ഷക സംഘടനകള്‍ പുറത്തുവിട്ടു. കര്‍ഷക പ്രതിഷേധത്തെ വഴി തിരിച്ചുവിടാനുള്ള ആര്‍.എസ്.എസ്-ബി.ജെ.പി അജണ്ടയാണ് സിദ്ദു നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും സംഘടനകള്‍ പറഞ്ഞിരുന്നു.
ട്രാക്ടര്‍ റാലിയില്‍ കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത് ദീപ് സിദ്ദു തന്നെയാണെന്നാണ് സ്വരാജ് ഇന്ത്യ തലവന്‍ യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നത്. ചെങ്കോട്ടയില്‍ പ്രശ്നങ്ങളുണ്ടായതിന്റെ മുമ്പുള്ള രാത്രിയില്‍ സിംഗു അതിര്‍ത്തിയിലും ഇയാള്‍ അക്രമത്തിന് പ്രേരണ നല്‍കിയെന്നും യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങളെല്ലാം കൂടി ചൂണ്ടിക്കാട്ടി അന്നു തന്നെ ദീപ് സിദ്ദുവിനെതിരെ കടുത്ത നിലപാടുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരരുന്നു.
ഫെബ്രുവരി 15ന് രാത്രി 9.30നാണ് ദില്ലിയിലെ കെ.എം.പി ഹൈവേയിലുണ്ടായ അപകടത്തില്‍ ദീപ് സിദ്ദു മരണപ്പെട്ടത്.
കുണ്ട്‌ലി-മനേഷര്‍-പല്‍വാല്‍ എക്‌സ്‌പ്രെസ് ഹൈവേയില്‍വെച്ചായിരുന്നു അപകടം. സിദ്ദു സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്ന് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ പെട്ട സിദ്ദു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
CONTENT HIGHLIGHTS: Deep Sidhu, who was killed in a road accident, was the one who led the farmers to the Red Fort