ന്യൂദല്‍ഹി: പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹാനപകടത്തില്‍ മരിച്ചു. ദില്ലിയിലെ കെ.എം.പി ഹൈവേയിലാണ് അപകടം നടന്നത്. കര്‍ഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് ദീപ് സിദ്ദു.
കുണ്ട്‌ലി-മനേഷര്‍-പല്‍വാല്‍ എക്‌സ്‌പ്രെസ് ഹൈവേയില്‍വെച്ചായിരുന്നു അപകടം. ഫെബ്രുവരി 15ന് രാത്രി 9.30ന് സിദ്ദു സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്ന് എന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍പെട്ട നടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. കര്‍ഷകര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഏറെ വൈകിയാണ് സിദ്ദുവിനെതിരെ കേസെടുത്തത്.
ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും ഇദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും കര്‍ഷകര്‍ ആരോപണം ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസം ജയിലില്‍ കിടന്ന നടന്‍ ഏപ്രിലില്‍ ജാമ്യം ലഭിച്ച് പുറത്തുവന്നത്.
പഞ്ചാബിലെ മുക്ത്സര്‍ ജില്ല സ്വദേശിയാണ് ദീപ് സിദ്ദു. നിയമപഠനം പൂര്‍ത്തിയാക്കിയ ഇയാള്‍ കുറച്ച് നാള്‍ പ്രാക്ടീസ് നടത്തിയ ശേഷം സിനിമാമേഖലയില്‍ വരികയായിരുന്നു. കിംഗ്ഫിഷറിന്റെ മോഡല്‍ ഹണ്ട് അവാര്‍ഡ് നേടിയതിന് പിന്നാലെയാണ് ദീപ് സിദ്ദു അഭിനയരംഗത്തേക്ക് വരുന്നത്. 2015ല്‍ രംത ജോഗി എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും 2018ല്‍ ഇറങ്ങിയ ജോറ ദാസ് നുംബരിയ എന്ന ചിത്രത്തിലെ യുവ ഗുണ്ടാനേതാവിന്റെ വേഷമാണ് പഞ്ചാബില്‍ ദീപ് സിദ്ദുവിന് സൂപ്പര്‍ സ്റ്റാര്‍ പരിവേഷം നല്‍കിയത്.
ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ദീപ് സിദ്ദു. സണ്ണി ഡിയോളിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടാണ് ദീപ് സിദ്ദു രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് വിവിധ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചുകൊണ്ടുള്ള സിദ്ദുവിന്റെ വീഡിയോകള്‍ ഫേസ്ബുക്കില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടുകൂടിയാണ് സിനിമാതാരം മാത്രമായിരുന്ന സിദ്ദുവിന് സാമൂഹ്യപ്രവര്‍ത്തകനെന്ന പരിവേഷം കൂടി ലഭിക്കുന്നത്. പഞ്ചാബിനെ കുറിച്ചും സിഖ് ജനതയെക്കുറിച്ചുമുള്ള ചരിത്രങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് പറയുന്ന അജ്മീര്‍ സിംഗ് എന്ന പഞ്ചാബി എഴുത്തുകാരന്റെ കൃതികളായിരുന്നു ഈ വീഡിയോകളില്‍ പ്രധാനമായും സിദ്ദു പരാമര്‍ശിച്ചിരുന്നത്.
CONTENT HIGHLIGHTS: Deep Sidhu, Punjabi actor who hit headlines during farmers’ protest, dies in road accident