| Wednesday, 27th January 2021, 9:41 am

ദീപ് സിദ്ദു കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണ്, സൂക്ഷിക്കണം; ചെങ്കോട്ടയിലെ സംഭവങ്ങളുടെ ഉത്തരവാദിത്തം സിദ്ദുവിനെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് ആവര്‍ത്തിച്ച് കര്‍ഷക നേതാക്കള്‍. കര്‍ഷക സമരത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതും പതാക ഉയര്‍ത്തിയതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ദീപ് സിദ്ദു കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞത്. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

”ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് മതപരമായ നിറം നല്‍കുന്നത് അപലപനീയമാണ്. നമ്മുടെ പ്രതിഷേധം കര്‍ഷകരുടെ മാത്രം ഒരു ബഹുജന പ്രസ്ഥാനമാണ്, അത് മതപരമല്ല. ദീപ് സിദ്ദു ചെയ്തുകൂട്ടിയ കാര്യങ്ങളെ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നു, അയാള്‍ സര്‍ക്കാറിന്റെ ഏജന്റ് ആണെന്ന് ഞങ്ങള്‍ കരുതുന്നു. പല തവണ അയാള്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ സംസാരിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്തിട്ടുണ്ട്,” ഗുര്‍നം സിംഗ് പറഞ്ഞു.

ചെങ്കോട്ടയിലേക്ക് പോകാന്‍ തങ്ങള്‍ ആഹ്വാനം നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി നേരത്തെ അറിയിച്ചിരുന്നു.

പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചിരുന്നു. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.

നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദല്‍ഹി ഐ.ടി.ഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് കൊല്ലപ്പെട്ടത്.

പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. അതേസമയം ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ദല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.

എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചുവെന്നും ആ വെടിവെപ്പിലാണ് ട്രാക്ടര്‍ മറിഞ്ഞതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Deep Sidhu & government agencies behind rampage: Farmers

We use cookies to give you the best possible experience. Learn more