ന്യൂദല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ പഞ്ചാബി നടന്‍ ദീപ് സിദ്ദു വീണ്ടും അറസ്റ്റിലായി. കേസില്‍ ജാമ്യം കിട്ടയതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു കേസില്‍ സിദ്ധു വീണ്ടും അറസ്റ്റിലായത്.
റിപബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച സിദ്ദുവിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
പ്രതിഷേധക്കാരെ പ്രേരിപ്പിച്ചുവെന്ന കേസിലാണ് ഫെബ്രുവരി 9ന് സിദ്ധുവിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം 14 ദിവസത്തെ റിമാന്‍ഡില്‍ സിദ്ധു കസ്റ്റഡിയിലായിരുന്നു.
30000 രൂപയുടെ സ്വന്തം ബോണ്ടിലാണ് വെള്ളിയാഴ്ച കോടതി സിദ്ധുവിന് ജാമ്യം നല്‍കിയത്.
റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടാ സംഘര്‍ഷത്തില്‍ ദീപ് സിദ്ദുവും പ്രതിപ്പട്ടികയിലുള്‍പ്പെട്ടിരുന്നു. സംഘര്‍ഷത്തിന് ശേഷം ഏകദേശം 13 ദിവസത്തോളം ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു. ഒപ്പം ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ദല്‍ഹി പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.