| Thursday, 25th March 2021, 8:07 am

അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്ത്. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോട് കൂടി തന്നെയാണ് നടന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച രേഖകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ധാരണപത്രം ഒപ്പിടുന്നത് വരെയുള്ള നടപടികള്‍ നടന്നതെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ച ഫെബ്രുവരി രണ്ട് വരെയുള്ള നടപടികളെ കുറിച്ചുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

നേരത്തെ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ഒരു ധാരണാപത്രത്തെക്കുറിച്ച് പി.ആര്‍.ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.എന്നാല്‍ ഈ വാര്‍ത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഫയലില് എം.ഡി പ്രശാന്ത് നായര്‍ എഴുതിയ കുറിപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമായി ഇക്കാര്യം അവതരിപ്പിക്കണം എന്ന് പറയുന്നു. പി.ആര്‍.ഡി വഴി വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശിച്ചുവെന്നും കുറിപ്പിലുണ്ട്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പി.എം മനോജ് എന്നിവരുമായി വിവിധ ഘട്ടങ്ങളില്‍ അമേരിക്കന് കമ്പനിയുമായുള്ള ചര്‍ച്ചകളെ കുറിച്ച് കെ.എസ്.ഐ.എന്‍.സി അറിയിച്ചിട്ടുണ്ടെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു.

ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ദിനേശ് ഭാസ്‌ക്കര്‍ക്ക് ഇക്കാര്യം അറിയിച്ച് സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ദിനേശ് ഭാസ്‌ക്കര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ധാരണപത്രത്തിന്റെ ഫയലില്‍ കെ.എസ്.ഐ.എന്‍.സി എം.ഡി പ്രശാന്തിന്റെ കുറിപ്പില്‍ ദിനേശ് ഭാസ്‌ക്കറുമായി ചര്‍ച്ച ചെയ്‌തെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നും പറഞ്ഞിരിക്കുന്നു. ഫെബ്രുവരി രണ്ടിന് അയച്ച ഈ സന്ദേശത്തില്‍ 1200 കോടി രൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ കിട്ടിയെന്നുമുണ്ട്. അന്നേ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Deep Sea fishing controversy new documents shows CM’s office knew about it

We use cookies to give you the best possible experience. Learn more