| Saturday, 2nd March 2019, 5:18 pm

പ്രളയാനന്തരം കൊടുംതാപം; കേരളത്തിലെ ജീവനേയും ജീവിതത്തേയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നതെങ്ങനെ

ആര്യ. പി

വരാനിരിക്കുന്ന അഞ്ചു വര്‍ഷം, അതായത് 2019 മുതല്‍ 2023 വരെയുള്ള കാലളവില്‍ ലോകം കൊടുചൂടിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഡബ്ല്യു.എം.ഒ( World Meteorological Organization)യുടെ പഠനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഡബ്ല്യു.എം.ഒ) നേതൃത്വത്തില്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയ 1850നു ശേഷം ഇന്നേവരെയുണ്ടായ ഏറ്റവും കാഠിന്യമേറിയ ചൂട് ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളിലായിരുന്നെന്നും പഠനം വ്യക്തമാക്കുന്നു. അതില്‍ 2016 ലായിരുന്നു ഏറ്റവും കാഠിന്യമേറിയ ചൂട് അനുഭവപ്പെട്ടത്. ലോകത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട 20 വര്‍ഷങ്ങളും ഇക്കഴിഞ്ഞ 22 വര്‍ഷത്തിനിടെയാണുണ്ടായത്.

ഇതിന് പിന്നാലെ തന്നെയാണ് 2019 ലെ വേനല്‍ക്കാലം കേരളത്തില്‍ ചൂട് വര്‍ധിക്കുമെന്നുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പും പുറത്തുവന്നത്.

മാര്‍ച്ച് മുതല്‍ മെയ് വരെ കൂടിയ താപനിലയിലും ശരാശരി താപനിലയിലും 0.5 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെസഫിക് സമുദ്രത്തില്‍ ഇപ്പോള്‍ എല്‍നിനോ സാഹചര്യം നിലനില്‍ക്കുന്നുവെന്നും ഇത് വേനല്‍ക്കാലത്തിന് ശേഷം ദുര്‍ബലമാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം പാലാക്കാടാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. (37.1 ഡിഗ്രി)


“അത്രയ്ക്ക് ആവേശമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി നിങ്ങള്‍ തന്നെ യുദ്ധം ചെയ്‌തോ” യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരോട് ബുദ്ഗാമില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യ


രാജ്യാന്തര തലത്തില്‍ കാലാവസ്ഥ സംബന്ധിച്ചു ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡബ്ല്യു.എം.ഒ റിപ്പോര്‍ട്ടിലുള്ളത്. ലോകത്തു ചൂടേറുന്നത് അപ്രതീക്ഷിതമായുണ്ടായ കാര്യമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഭൂമിക്കു ഭീഷണിയാകും വിധം താപനിലയില്‍ വന്‍വര്‍ധനവാണ് വരും വര്‍ഷങ്ങളിലുണ്ടാവുക. ഇക്കാര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഭരണതലത്തില്‍ തന്നെ നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

ലോകത്തു കഴിഞ്ഞ വര്‍ഷമുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളുടെ (Weather etxreme) പട്ടികയില്‍ കേരളത്തിലെ വെള്ളപ്പൊക്കത്തെ ഉള്‍പ്പെടുത്തി 2018 നവംബറില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയതിനു ശേഷമുള്ള ഡബ്ല്യു.എം.ഒയുടെ പ്രധാന പഠനങ്ങളിലൊന്നാണ് ഇത്.

വര്‍ഷങ്ങളായി തുടരുന്ന ആഗോളതാപനത്തിന്റെ തിരിച്ചടികള്‍ ഇതിനോടകം പലയിടത്തും പ്രകടമായിക്കഴിഞ്ഞു. തീരമേഖലകളിലെ വെള്ളപ്പൊക്കം, സൗരവാതം, കൊടുംമഴ, ആവാസവ്യസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഉദാഹരണം. മനുഷ്യരുടെ പ്രവര്‍ത്തനം മൂലമല്ലാതെ എല്‍നിനോ പോലുള്ള പ്രതിഭാസങ്ങളും കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പോന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന കാലാവസ്ഥാ വകുപ്പ് പുറത്തു വിട്ടിരിക്കുന്ന മോഡല്‍ അവലോകന റിപ്പോര്‍ട്ട് പ്രകാരം വരും നാളുകളില്‍ കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുവാനും, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ 5-3-2019ന് ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്.


ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി


വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന സമയങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.

വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ പഠനം കേരളത്തിനും ബാധകമാണെന്നും വലിയൊരു പ്രളയത്തിന് ശേഷം കേരളം ഇനി നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളി ഉയര്‍ന്ന ചൂട് തന്നെയാണെന്നുമാണ് കേരളത്തിലെ കാലാവസ്ഥ ഗവേഷണ കേന്ദ്രവും വ്യക്തമാക്കുന്നത്.

പ്രളയം ഉണ്ടായ മറ്റിടങ്ങളിലെല്ലാം ആ വര്‍ഷത്തെ ചൂട് കൂടുതലാവാന്‍ സാധ്യതയുണ്ടെന്നാണെന്നാണ്. അത്തരത്തില്‍ ചൂട് കൂടുന്ന അവസ്ഥയിലേക്കാണ് കേരളവും പോകുന്നതെന്നാണ് മനസിലാക്കുന്നതെന്ന് -കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. പ്രതീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഈയടുത്തിടയ്ക്കാണ് ഐ.എം.ഡി (ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപാര്‍ട്മെന്റ്) ചൂടിനെപ്പറ്റിയുള്ള പ്രവചനം ആരംഭിച്ചത് ചൂട് കാലത്തുള്ള പ്രവചനങ്ങള്‍ എങ്ങനെയായിരിക്കണം, ചൂട് എങ്ങനെയാവും എന്നതിനെ പറ്റി ഐ.എം.ഡി ചിന്തിച്ചു തുടങ്ങിയത് തന്നെ ഈയടുത്തിടയ്ക്കാണ്. എല്ലാ ജില്ലകളിലും വരള്‍ച്ച അനുഭവിക്കുന്ന രീതിയും എല്ലാ ജില്ലകളേയും വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കുന്നത് പോലും രണ്ട് മൂന്ന് വര്‍ഷത്തിനിടെയാണ്. -അദ്ദേഹം പറയുന്നു.

ഉയര്‍ന്ന ചൂടും ജലലഭ്യതയും

കേരളത്തെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന നിലയിലുള്ള ചൂട് കാര്യമായി ബാധിക്കുന്നത് ജലലഭ്യതയുമായി ബന്ധപ്പെട്ട് തന്നെയാണ്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കില്‍ ഏറ്റവും ചൂട് കൂടിയ നാല് വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ ചൂട് ലഭിച്ചത് പാലക്കാടാണ്. 2016 ലും 2017 ലും ചൂട് ഗണ്യമായി വര്‍ധിച്ചതോടെ കുടിവെള്ളത്തിനായി വാട്ടര്‍ വെന്റിങ് മെഷീന്‍സ് പഞ്ചായത്ത് തലത്തില്‍ വെക്കണമെന്ന ഒരു നിര്‍ദേശം വരെ വന്നു.

യഥാര്‍ത്ഥത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായിട്ടും അല്ലാതെയുമുള്ള ചില പുഴ പുനരുദ്ധീകരണ പദ്ധതികളല്ലാതെ പ്രാദേശിക തലത്തില്‍ ഇതിന്റെയൊരു പ്രാധാന്യം മനസിലാക്കിയുള്ള പദ്ധതികള്‍ ഇതുവരെ ഉണ്ടായിട്ടില്ല. പദ്ധതികള്‍ പലതും നിര്‍ദേശിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതിനെ ഒരു ഫോളോഅപ്പിലൂടെ ഒരു ദീര്‍ഘകാല പദ്ധതിയായി കാണുന്ന രീതി ഇതുമായി ബന്ധപ്പെട്ട് വന്നിട്ടില്ല.

വരട്ടാറിലും മീനച്ചിലാറിലും മറ്റും പുഴ പുനരുജ്ജീകരണങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ പ്രാദേശിക തലത്തില്‍ എന്താണ് നമ്മുടെ ആവശ്യം, എന്താണ് ചെയ്യാന്‍ പറ്റുന്നത് എന്നിങ്ങനെയുള്ള ആലോചനകളൊന്നും നടക്കുന്നില്ലെന്ന് വേണം കരുതാന്‍- ഡോ. പ്രതീഷ് പറയുന്നു.

കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡിന്റെ 2016 ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 65 ശതമാനം കുഴല്‍ക്കിണറുകളും ഭൂഗര്‍ഭ ജലശോഷണത്തിന്റെ പ്രതിസന്ധിയിലാണ്. മഴവെള്ളക്കൊയ്ത്തിനും ഭൂഗര്‍ഭജല പുനരുജ്ജീവിനത്തിനുമുള്ള പദ്ധതികളൊന്നും കാര്യമായ വിജയം കണ്ടെത്തിയിട്ടില്ല. കേരളത്തില്‍ 26 ബ്ലോക്കുകളില്‍ ഭൂഗര്‍ഭജലനിരപ്പ് അപകടകരമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ അതിയന്നൂര്‍, കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, എന്നീ ബ്ലോക്കുകളിലാണ് ഇതേറ്റവും രൂക്ഷം.

2015 ലും2016 ലും പാലക്കാട്, തൃശൂര്‍, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ഹീറ്റ് വേവ് രേഖപ്പെടുത്തിയിരുന്നെങ്കിലും 2017 ല്‍ അത് ഉണ്ടായിരുന്നില്ലെന്നും ഈ വര്‍ഷം അത്രയും തീവ്രമല്ലെങ്കിലും ചൂട് കൂടിയ മാസം തന്നെയായിരിക്കും നമുക്ക് മുന്‍പിലുള്ളതെന്നുമാണ് കുസാറ്റ്( Cochin University of Science and Technology) ലെ ശാസ്ത്രജ്ഞന്‍ ഡോ. അഭിലാഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

വടക്കേ ഇന്ത്യയില്‍ എല്ലാം ഉള്ളതുപോലെ ഒരു ഹീറ്റ് വേവ്‌സ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഹീറ്റ് വേവ് എന്നാല്‍ 41, 42 ഡിഗ്രി ചൂട് രണ്ട് മൂന്ന് ദിവസം കൂടി നില്‍ക്കുന്ന അവസ്ഥയാണ്. അതായത് നമുക്ക് ശരാശരി ലഭിക്കേണ്ട ചൂട് മൂന്നോ നാലോ ഡിഗ്രി കൂടി നില്‍ക്കുക. അതാണ് ഹീറ്റ് വേവ്‌സ്. ഈ സീസണില്‍ അത് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേരളത്തെ സംബന്ധിച്ച് ആവശ്യത്തിലേറെ മഴ ലഭിക്കുന്ന സംസ്ഥാനമാണ്. എന്നാല്‍ ഇത്രയും ജലലഭ്യതയുള്ള സ്ഥലത്ത് കടുത്ത ജലദൗര്‍ലഭ്യവും അനുഭവപ്പെടുന്നു. കേരളത്തില്‍ നമുക്ക് ഒരു വര്‍ഷം ശരാശരി 300 സെന്റിമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. അതേസമയം 50 സെന്റിമീറ്റര്‍ പോലും വര്‍ഷം മഴ കിട്ടാത്ത സ്ഥലങ്ങളും ഉണ്ട്. മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളില്‍ മഴ ലഭിക്കാറുണ്ട്. അതിന് ശേഷം ഇടവപ്പാതി സീസണ്‍ ലഭിക്കും. അതിന് ശേഷവും തുലാവര്‍ഷം ഉണ്ട്. ഇങ്ങനെ മൂന്ന് സീസണിലും മഴ ലഭിക്കാറുണ്ട്. എന്നിട്ടും നമുക്ക് ജലം ലഭിക്കുന്നില്ലെങ്കില്‍ അത് നമ്മുടെ വികലമായ വാട്ടര്‍ മാനേജ്‌മെന്റ് സംവിധാനം കൊണ്ട് തന്നെയാണെന്ന് പറയേണ്ടി വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ആഗോളതാപനത്തിന്റെ ഭാഗമായിട്ടാണ് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നത്. എല്‍നിനോ പ്രതിഭാസം കാരണവും ചൂട് വര്‍ധിക്കുന്നുണ്ട്. 2015,2016ല്‍ വലിയ ചൂട് അനുഭവപ്പെട്ടു. അതേസമയം 2017 ല്‍ ചൂട് കുറയുകയും ചെയ്തു. എല്‍നിനോയില്‍ ഉണ്ടാകുന്ന മാറ്റം കാരണം ചില വര്‍ഷങ്ങളില്‍ കൂടിയും കുറഞ്ഞും കൊണ്ടിരിക്കും.

നിലവില്‍ ഈ വര്‍ഷം തന്നെ നമുക്ക് ചൂട് അനുഭവപ്പെട്ടു തുടങ്ങി. ഇത് കേരളത്തെ മാത്രമല്ല എല്ലായിടത്തും ബാധിക്കുന്ന വിഷയമാണ്. മനുഷ്യരേക്കാള്‍ കൂടുതല്‍ ബാക്കിയുള്ള ജീവജാലങ്ങളിലാണ് ഇത് കൂടുതല്‍ അനുഭവപ്പെടുന്നത്. ജന്തുക്കളിലും സസ്യങ്ങളിലും അത് പ്രതിഫലിക്കുന്നു. – അദ്ദേഹം പറയുന്നു.

മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്നു

കാലാവസ്ഥയിലെ മാറ്റം മനുഷ്യരുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്ന് വിവിധ ശാസ്ത്രജ്ഞരും ആരോഗ്യവകുപ്പും ഒരേസ്വരത്തില്‍ പറയുന്നു. ആരോഗ്യമായി ബന്ധപ്പെട്ട കാര്യങ്ങളും പലരും ശ്രദ്ധിക്കാറില്ല. കേരളത്തിന് പുറത്ത് പക്ഷേ അത്തരത്തിലുള്ള പഠനങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

ജലദൗര്‍ലഭ്യം ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന ഏത് തരത്തിലുള്ള വെള്ളത്തെയും ഉപയോഗിക്കാന്‍ ശ്രമിക്കും. ആ വെള്ളം മലിനമായിരിക്കും അല്ലെങ്കില്‍ പെട്ടെന്ന് അപായപ്പെടുത്താത്ത, എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വസ്തുക്കള്‍ ചേര്‍ന്ന വെള്ളമായിരിക്കും. ഇത് കിഡ്‌നി സംബന്ധമായ അസുഖത്തിലേക്ക് എത്തിക്കും. ആ സമയത്ത് ഏതെങ്കിലും മരുന്ന് കഴിച്ച് മാറ്റും. പക്ഷേ ഇതൊരു തുടര്‍ച്ചയായി എല്ലാ വര്‍ഷങ്ങളിലും വരുമ്പോള്‍ അതൊരു പ്രശ്നമായി മാറും. – ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ചെന്നൈയില്‍ നടന്ന പഠനത്തില്‍ ഈ വസ്തുത ചൂണ്ടിക്കാട്ടുന്നുണ്ട്. വെള്ളമില്ലാത്ത സമയത്ത് ചെന്നൈ നിവാസികള്‍ പ്രധാനമായും ആശ്രയിക്കുന്നത് റിസര്‍വോയറിനെയാണ്. അല്ലെങ്കില്‍ ബോര്‍വെല്ലില്‍ നിന്നുള്ള വെള്ളം. ഇത്തരം വെള്ളത്തെ ആശ്രയിക്കുന്നതോടുകൂടി അന്യവസ്തുക്കള്‍ ശരീരത്തില്‍ വന്ന് ചേരുകയും രോഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

മനുഷ്യരെ നേരിട്ട് ബാധിക്കുന്ന സൂര്യഘാതമാണ് മറ്റൊരു പ്രശ്‌നം. ക്രമാതീതമായി ഉയരുന്ന ചൂട് നിത്യേന ചെയ്തുകൊണ്ടിരിക്കുന്ന ജോലികളെ എങ്ങനെ ബാധിക്കുന്നു എന്നതും പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണെന്ന് ആരോഗ്യവകുപ്പ് വിദഗ്ധര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മറ്റൊന്ന് മരണനിരക്കാണ്. ഇത്തരം കാലാവസ്ഥാ വ്യതിയാന സമയങ്ങളില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് എങ്ങനെ പ്രതിഫലിക്കുന്നു എന്ന് വ്യക്തമല്ല. പക്ഷേ തീര്‍ച്ചയായും അതിന്റെ പ്രത്യാഘാതം ഇവിടെയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ചൂട് കൂടുന്നത് കൊണ്ട് പൊല്യൂഷന്‍ എഫക്ട് അന്തരീക്ഷത്തില്‍ വര്‍ധിക്കും. മഴയുടെ കുറവ് കൂടി ആകുമ്പോള്‍ അത് മനുഷ്യരുടെ ആരോഗ്യത്തെ നേരിട്ട് ബാധിച്ചുതുടങ്ങുമെന്നാണ് ഈ വിഷയത്തില്‍ ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.

മഴ-കൃഷി മണ്ണ്

മഴ കുറഞ്ഞ വര്‍ഷങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 1984 മുതല്‍ 86 വരെ മഴ കുറഞ്ഞുനില്‍ക്കുന്ന സമയമായിരുന്നു. 2002 മുതല്‍ 2004 വരേയും മഴ കുറവായിരുന്നു. പക്ഷേ അത് സ്വാഭാവികമായിട്ടുള്ള വ്യതിയാനങ്ങള്‍ മാത്രമായിരുന്നു. ഇപ്പോള്‍ അതിന്റെ അനന്തരഫലങ്ങള്‍ കൂടുന്നു എന്ന് വേണം കരുതാന്‍. അതില്‍ മനുഷ്യരുടെ പങ്ക് വലുത് തന്നെയാണ്. ഭൂവിനിയോഗത്തിലുളള പ്രശ്‌നങ്ങളാണ് ഏറ്റവും കൂടുതല്‍ നമ്മെ ബാധിക്കുന്നതെന്നും കുസാറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. അഭിലാഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“”കേരളത്തെ സംബന്ധിച്ച് ആവശ്യത്തിലേറെ മഴ ലഭിക്കുന്ന സംസ്ഥാനമാണ്. എന്നാല്‍ ഇത്രയും ജലലഭ്യതയുള്ള സ്ഥലത്ത് തന്നെ ജലദൗര്‍ലഭ്യവും നേരിടുകയാണ്. കേരളത്തില്‍ നമുക്ക് ഒരു വര്‍ഷം ശരാശരി 300 സെന്റിമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. അതേസമയം വര്‍ഷത്തില്‍ 50 സെന്റിമീറ്റര്‍ പോലും മഴ കിട്ടാത്ത സ്ഥലങ്ങളും ഉണ്ട്. മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളില്‍ മഴ ലഭിക്കാറുണ്ട്. അതിന് ശേഷം ഇടവപ്പാതി സീസണ്‍ ലഭിക്കും. അതിന് ശേഷവും തുലാവര്‍ഷം ഉണ്ട്. ഇങ്ങനെ മൂന്ന് സീസണിലും മഴ ലഭിക്കാറുണ്ട്. എന്നിട്ടും നമുക്ക് ജലം ലഭിക്കുന്നില്ലെങ്കില്‍ അത് നമ്മുടെ വികലമായ വാട്ടര്‍ മാനേജ്‌മെന്റ് സംവിധാനം കൊണ്ട് തന്നെയാണെന്ന് പറയേണ്ടി വരും.

കാലാവസ്ഥ മാറ്റവും മനുഷ്യന്റെ ഇടപെടലുകളും കൂടിയാകുമ്പോള്‍ അതിന്റെ പ്രത്യാഘാതം വലുതാകുന്നു. വീട്ടില്‍ പോലും വെള്ളത്തെ താഴോട്ട് ഇറക്കാന്‍ അനുവദിക്കുന്നില്ല. സര്‍ക്കാരിന്റെ ഹരിതകേരള മിഷന്റെ ഭാഗമായി വാട്ടര്‍ റിസോഴ്‌സുകളെല്ലാം പുനര്‍ജീവിപ്പിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. പക്ഷേ അതുകൊണ്ട് തന്നെ കാര്യമില്ല. വ്യാപകമായി അത് ഉണ്ടാകുന്നില്ല””. – അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മരങ്ങള്‍ വെട്ടിനശിപ്പിച്ച് സ്വാഭാവികമായുണ്ടാകുന്ന ഭൂപ്രകൃതിയെ മനുഷ്യന്‍ നശിപ്പുകളഞ്ഞു. മഴയും ചൂടും കൂടിയും കുറഞ്ഞും നില്‍ക്കുന്ന അവസ്ഥ നേരത്തെയും ഉണ്ട്. പക്ഷേ അന്നൊന്നും അത് അത്ര ബാധിച്ചിരുന്നില്ല. അതിനെ നേരിടാനുള്ള സ്വാഭാവിക സംവിധാനങ്ങള്‍ അന്നുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റത്തെ പ്രതിരോധിക്കാനുള്ള സംവിധാനം ഇല്ലാതാകുന്നു. മനുഷ്യനെപ്പോലെ തന്നെ സ്വാഭാവികമായ പ്രതിരോധ ശേഷി പ്രകൃതിക്കും നഷ്ടമാകുന്നു. പ്രതിരോധ സംവിധാനങ്ങളായിരുന്ന വാട്ടര്‍ഷെഡും തണ്ണീല്‍തടങ്ങളും എല്ലാം നശിപ്പിച്ചു കഴിഞ്ഞു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് കൂടുന്ന സമയങ്ങളില്‍ പൂക്കേണ്ടിയിരുന്ന കണിക്കൊന്ന ഫെബ്രുവരിയില്‍ തന്നെ പൂക്കാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് ചെടികളിലുണ്ടാക്കുന്ന പ്രതികരണം. അപ്രതീക്ഷിതമായ ഈ ചൂട് കൂടുന്നത് കാര്‍ഷിക വിളകളേയും ബാധിക്കുന്നു. മാര്‍ച്ചില്‍ മാത്രം പൂക്കേണ്ടിയിരുന്ന മാവുകള്‍ ഒരുമാസം മുന്‍പേ പൂക്കുന്നു.

സംസ്ഥാനത്ത് വയനാട്ടിലാണ് മഴയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നത്. ഇടുക്കിയിലും ആലപ്പുഴയിലും വലിയ തോതില്‍ കുറവുണ്ടായിട്ടില്ല. പാലക്കാട്ടും പുനലൂരിലും വയനാട്ടിലും വലിയ ചൂട് രേഖപ്പെടുത്തപ്പെടുന്നു.

“”കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അടുത്ത കാലത്തുണ്ടാകുന്ന ജലദൗര്‍ലഭ്യവും താപതരംഗങ്ങളും വരള്‍ച്ചയും സൂര്യാഘാതവുമെല്ലാം കേരളവും ഇതിന്റെ ദുരിതങ്ങളില്‍ നിന്ന് മോചിതമല്ല എന്നതിന്റെ തെളിവാണ്””- ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ വിജ്ഞാനവ്യാപന വിഭാഗം തലവനായ ഡോ. ജോസ് ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക മേഖലയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിന് കര്‍ഷക പങ്കാളിത്തത്തോടെ താഴെത്തട്ടില്‍ പരിസ്ഥിതി സൗഹൃദപരമായ കൃഷിരീതികള്‍ നടപ്പാക്കുന്നതിനും ജലസംരക്ഷണത്തിനും അടിയന്തിര പദ്ധതികള്‍ നടപ്പാക്കണം. ഇതോടൊപ്പം ചെറുകിട നാമമാത്ര കര്‍ഷകരെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിക്കുന്നതിനുള്ള ബാധ്യതയും ഗവണ്‍മെന്റിനുണ്ട്.””- അദ്ദേഹം പറയുന്നു.

ക്ലൈമറ്റ് സ്മാര്‍ട്ട് കൃഷിരീതികള്‍ പിന്തുടരുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാം. കാര്‍ഷികോത്പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുന്നതില്‍ സുസ്ഥിരമായ കൃഷിരീതികള്‍ മാത്രം പിന്തുടരുക, കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടുന്ന കൃഷി രീതികള്‍ വികസിപ്പിച്ചെടുക്കുക,

മണ്ണ്, ജലം, ജനിതകവൈവിധ്യം, ഊര്‍ജ്ജം എന്നിവയുടെ സുസ്ഥിരമായ പരിപാലനത്തില്‍ ഊന്നല്‍ നല്‍കുന്നവയായിരിക്കണം കാലാവസ്ഥാ മാറ്റത്തോട് പൊരുതുന്ന കൃഷിരിതികള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന താപനില ഏഷ്യയില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ നെല്ലുത്പാദനം ഗണ്യമായി കുറക്കും. ഗോതമ്പ്, മക്കച്ചോളം, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉത്പാദനത്തിലും കുറവുണ്ടാകും. ഇന്ത്യയില്‍ കാലാവസ്ഥാ വ്യതിയാനം ഇന്നത്തെ നിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ 2020 നു ശേഷം പ്രമുഖ ഭക്ഷ്യധാന്യവിളകളുടെ ഉത്പാദനത്തില്‍ കാര്യമായ കുറവുണ്ടാകും. 1900 നും 2000 നും ഇടയില്‍ ഇന്ത്യയിലെതാപനില 0.4 ശതമാനം ഉയര്‍ന്നതായാണ് കണക്ക്. അന്തരീക്ഷതാപനിലയില്‍ ഒരു ഡിഗ്രിസെല്‍ഷ്യസില്‍ അധികം വര്‍ധനവുണ്ടായാല്‍ ഗോതമ്പുത്പാദനത്തില്‍ വലിയ കുറവുണ്ടാകും. -ഡോ. ജോസ് ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന ചൂടും മത്സ്യബന്ധന മേഖലയും

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മത്സ്യബന്ധനമേഖലയേയും വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് സി.എം.എഫ്.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം.അബ്ദുസ്സമദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. എല്‍ നിനോ ഏറ്റവും കൂടുതലായി ബാധിച്ചത് കേരളത്തിന്റെ തീരത്താണ്. ഏറ്റക്കുറച്ചില്‍ കണ്ടതും കേരള തീരത്ത് തന്നെയായിരുന്നു.”” അദ്ദേഹം പറഞ്ഞു.

എല്‍നിനോ സമുദ്രത്തിലെ എല്ലാ ജീവജാലങ്ങളേയും ബാധിക്കുമെന്നും ജലത്തെ അരിച്ചുപെറുക്കി ഭക്ഷണമാക്കുന്ന എല്ലാത്തിനേയും ബാധിക്കുമെന്നുമാണ് സിറ്റിസണ്‍ സൈന്റിസ്റ്റും ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് (എഫ്.എം.എല്‍) സ്ഥാപകനുമായ റോബര്‍ട്ട് എഫ്.എം ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

നമ്മുടെ പഠനങ്ങള്‍ എല്ലായ്‌പ്പോഴും മനുഷ്യകേന്ദ്രീകൃതമാണ്. എത്രയോ ജീവജാലങ്ങള്‍ കടലിലുണ്ട്. ആ ജീവജാലങ്ങളെ ബാധിക്കുന്നതുപോലെ മത്സ്യങ്ങളേയും ബാധിക്കും.

ചൂടുകൂടുന്നത് കൊണ്ട് സ്വാഭാവികമായ ആവാസ ഇടങ്ങളില്‍ നിന്നും മത്സ്യങ്ങള്‍ അവര്‍ക്ക് പറ്റുന്ന ആവാസ ഇടങ്ങളിലോട്ട് മാറിപ്പോകുന്നുണ്ട്. ഇത്രയും കാലം ഉണ്ടായിരുന്ന സ്വാഭാവിക ഇടങ്ങളില്‍ അത് ഇനി ഉണ്ടാവില്ല. അതിന് കുറവ് സംഭവിക്കും.

മരങ്ങള്‍ വെട്ടിനശിപ്പിച്ച് സ്വാഭാവികമായുണ്ടാകുന്ന ഭൂപ്രകൃതിയെ മനുഷ്യന്‍ നശിപ്പുകളഞ്ഞെന്നും ഇതോടെ ഇതെല്ലാം ചേരുന്ന നമ്മുടെ കാലാവസ്ഥയും തകിടം മറിഞ്ഞെന്നുമാണ് അദ്ദേഹം പറയുന്നത്.

പ്രളയം പുനര്‍നിര്‍മാണം

പ്രളയത്തിന് പിന്നാലെ പുനര്‍നിര്‍മാണം നടക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് അനുസൃതമായി നമ്മുടെ ഇടങ്ങളെ ഉപയോഗിക്കാന്‍ സാധിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

“”സമൂഹത്തില്‍ താഴെക്കിടയിലുള്ളവര്‍ക്ക് ഒരുപക്ഷേ അത് പെട്ടെന്ന് സാധ്യമാകണമെന്നില്ല. വീട് വെക്കുമ്പോള്‍ പണം കുറവുള്ളവന് ഷീറ്റ് ഇട്ടേ പറ്റൂ. ഇത്തരത്തില്‍ നമ്മുടെ വീടും വീടുമായി ബന്ധപ്പെട്ട നിര്‍മിതികളെ കുറിച്ചും ഒരു വീണ്ടുവിചാരം നടത്തേണ്ട സമയം കൂടിയാണ് ഇത്. എങ്ങനെയാണ് മാറുന്ന കാലാവസ്ഥയില്‍ ഇതിനെ അതിജീവിക്കാന്‍ പറ്റുക, എത്രത്തോളം ഗ്രീന്‍കവര്‍ ഉണ്ടാവണം ഇതൊക്കെ ആലോചിക്കണം.

നമ്മള്‍ മണ്ണുപോലും കാണരുത് എന്ന അര്‍ത്ഥത്തില്‍ വീടിന് ചുറ്റും ഇന്റര്‍ലോക് ചെയ്യുന്നു. സ്വഭാവികമായും ഇത് ചൂടിനെ ആഗിരണം ചെയ്യും ചൂട് കുറയുന്ന സമയത്ത് ആഗിരണം ചെയ്തതിനെ പുറത്തുവിടുകയും ചെയ്യും. അങ്ങനെയാരു പ്രോസസും നമ്മുടെ ലിവിങ് എന്‍വിയോണ്‍മെന്റിനെ ബാധിക്കുന്നുണ്ട്””.

ആഗോള താപനം യാഥാര്‍ത്ഥ്യമാണ്. ഭൂമി ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങളുടെ സൃഷ്ടിയാണ് അത് എന്ന് കാലാവസ്ഥയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഒരുവിഭാഗം വ്യക്തികള്‍ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് നോക്കിക്കഴിഞ്ഞാല്‍ അതില്‍ 60 ശതമാനവും പുറന്തള്ളിയിരിക്കുന്നത് വികസിത രാജ്യങ്ങളാണ്.

പക്ഷേ അതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് കൂടുതലും വികസ്വര രാജ്യങ്ങളായ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ആഫ്രിക്ക തുടങ്ങിയവയാണ്.

വികസിത രാജ്യങ്ങളിലും കത്രീനയും റീത്തയും വില്‍മയും ദുരന്തം വിതയ്ക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ കഴിയുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങള്‍ക്ക് അതിനാവുന്നില്ല.

കൂടുതല്‍ വെള്ളം ലഭിക്കുന്ന അവസ്ഥയേയും വരള്‍ച്ചയേയുമാണ് കേരളത്തിന് നേരിടേണ്ടത്. പ്രളയവും വരള്‍ച്ചയും പ്രവചനം അസാധ്യമാക്കുന്നു. ഏറ്റവും കൂടിയ ചൂടും ഏറ്റവും കുറഞ്ഞ ചൂടും ഒരേ കാലഘട്ടത്തില്‍ തന്നെ ലഭിക്കുന്ന രീതിയുമുണ്ട്. ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണം മാത്രമേ കേരളത്തെ രക്ഷപ്പെടുത്തുകയുള്ളൂ.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more