| Saturday, 7th March 2020, 4:17 pm

ലൈഫ് മിഷന്‍ പദ്ധതിയും കേരളത്തിലെ ഭവന രഹിതരും

നസീറ നീലോത്ത്

കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച നാലു പദ്ധതികളിലൊന്നാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫ്. ഇവയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായി ഹരിതം, ആര്‍ദ്രം, പൊതുവിദ്യഭ്യാസം എന്നീ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരി 29 നാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ വഴി 2.14 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചുവെന്ന പ്രഖ്യാപനം വന്നത്. ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടമെന്ന് ഭരണപക്ഷവും ഒരു വിഭാഗം ജനങ്ങളും വിളിക്കുമ്പോഴും പ്രഖ്യാപനത്തിനു പിന്നാലെ വിവാദങ്ങളുമുടലെടുത്തു.

വിഹിതത്തില്‍ നല്ലൊരു പങ്ക് തദ്ദേശ സ്ഥാപനങ്ങളുടേതാണെന്നും കണക്കില്‍ ചില പിശകുകളുണ്ടെന്നും കാണിച്ച് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. പി.എം.എ.വൈ (പ്രധാനമന്ത്രി ആവാസ് യോജന) യില്‍ നിന്നുള്ള കേന്ദ്ര വിഹിതത്തിന്റെ കാര്യം സര്‍ക്കാര്‍ മറച്ചുവച്ചെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി.

6521.23 കോടി രൂപ ചിലവിട്ട് ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ അത്ര തന്നെ പ്രാധാന്യത്തിലാണ് മുഖ്യ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും പരിശോധിക്കപ്പെടുന്നത്. അതിന്റെ പ്രധാന കാരണം പ്രഖ്യാപന ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശശിതരൂര്‍ എം.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ വിട്ടു നിന്നു എന്നത് തന്നെ.

ലൈഫ് പദ്ധതിയെപ്പറ്റിയും പുതിയ പ്രഖ്യാപനത്തെ പറ്റിയും വിമര്‍ശനങ്ങള്‍ ഉയരുന്ന സമയത്ത് തന്നെയാണ് കേരളത്തിലെ ഭൂരഹിതരെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാകുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നിട്ടും ഭൂമിയില്ലാത്തതിന്റെ പേരില്‍ വീട് എന്ന സുരക്ഷിതത്വം അനുഭവിക്കാന്‍ കഴിയാത്ത സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥയില്‍ പദ്ധതി കൊണ്ട് വലിയ ഗുണങ്ങളുണ്ടായോ എന്ന ചോദ്യങ്ങള്‍ ഉയരുന്നതും ഇതുകൊണ്ടുതന്നെ. സമാനതകളില്ലാത്ത നേട്ടമെന്ന അവകാശവാദത്തിനു പിന്നിലെ ലക്ഷ്യങ്ങളെയും വസ്തുതകളെയും കുറിച്ച്….

എന്താണ് ലൈഫ് മിഷന്‍ പദ്ധതി?

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് ലൈഫ് മിഷന്‍ അഥവാ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ (ലൈഫ്) പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.

ലൈഫ് പി.എം.എ.വൈ, ലൈഫ് റൂറല്‍ അര്‍ബന്‍ ഭവനപദ്ധതികള്‍, പട്ടികജാതി-വര്‍ഗ്ഗ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ഭവന പദ്ധതികള്‍ എന്നിവയെല്ലാം ലൈഫ് മിഷന് കീഴില്‍ കൊണ്ടുവരികയായിരുന്നു. ഭൂമിയുള്ള ഭവനരഹിതര്‍, വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരോ വാസയോഗ്യമല്ലാത്ത വീടുള്ളവരോ, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനം ഉള്ളവര്‍, ഭൂരഹിത-ഭവനരഹിതര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതര രോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, രോഗം അല്ലെങ്കില്‍ അപകടത്തില്‍ പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിവില്ലാത്തവര്‍, വിധവകള്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.

കേവലം പാര്‍പ്പിടം എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ലൈഫ് പദ്ധതിയെന്ന് സര്‍ക്കാര്‍ പറയുന്നു. പേരു പോലെ തന്നെ ജീവിക്കാനാവശ്യമായ, അതിജീവനം സാധ്യമാക്കുന്ന ക്ഷേമപദ്ധതിയിനത്തിലാണ് ലൈഫില്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍. അതുകൊണ്ടു തന്നെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജീവനോപാധി കണ്ടെത്തുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഗുണഭോക്താക്കള്‍ക്ക് സുഗമമായ സാമൂഹിക ജീവിതത്തിന് ആവശ്യമായ അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ പറയുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2,14,000 ത്തിലധികം വീടുകള്‍ പണിത് അര്‍ഹരായവര്‍ക്ക് നല്‍കിയെന്നും ഇതിനായി 6,552.23 കോടി രൂപ ചിലവായെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ പെട്ടിട്ടും പലകാരണങ്ങളാല്‍ വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന വീടുകളില്‍ 96.58 ശതമാനം വീടുകളും ഇതോടെ പൂര്‍ത്തീകരിച്ചെന്ന് പറയുന്നു. 15 വര്‍ഷത്തിലധികമായി പണി പൂര്‍ത്തിയാക്കാത്ത വീടുകളും ഇക്കൂട്ടത്തില്‍ പെടുമെന്നാണ് വിവരം.

തീരദേശ പരിപാലന നിയമം ബാധകമായ സ്ഥലങ്ങളില്‍, നിയമപ്രകാരം 400 ചതുരശ്ര അടിയില്‍ കുറഞ്ഞ വിസ്തൃതിയില്‍ മാത്രമേ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നിര്‍മ്മിക്കാനാവൂ. അല്ലാത്ത സ്ഥലങ്ങളില്‍ പരമാവധി 420 ചതുരശ്രയടി തറ വിസ്തീര്‍ണ്ണം നിലനിര്‍ത്തേണ്ടതാണ്.

എന്നാല്‍ 600 ച. അടിയില്‍ കൂടുതല്‍ തറവിസ്തീര്‍ണ്ണം ഉള്ള കെട്ടിടങ്ങള്‍ക്ക് അവസാന ഗഡു നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി ഉപഭോക്താവ് അധിക തുക കണ്ടെത്തിയിട്ടുണ്ടെങ്കില്‍ മാത്രം വീട് പണി മുഴുവന്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ ലൈഫ് പദ്ധതി വഴിയുള്ള മുഴുവന്‍ ധനസഹായവും നല്‍കുകയുള്ളു.

ഗുണഭോക്താക്കളെ കണ്ടെത്തുന്നത്?

കേന്ദ്രസര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക- ജാതി സെന്‍സസ് പ്രകാരം (എസ്ഇസിഡി) ലഭ്യമായ ഭൂരഹിതരുടെ പട്ടികയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പക്കലുള്ള, വിവിധ പദ്ധതികളിലേയ്ക്കായി തയ്യാറാക്കിയ ഭൂരഹിതരുടേയും ഭവനരഹിതരുടേയും പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്‍വ്വേ നടത്തി അര്‍ഹരായവരെയാണ് കണ്ടെത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇതിനു പുറമേ പട്ടികയില്‍പെടാത്ത അര്‍ഹരായ കുടുംബങ്ങളെ സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 2017ല്‍ കുടുംബശ്രീ വഴി കണക്കെടുപ്പും നടത്തി.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം നേരത്തേ ഗ്രാമസഭകള്‍ക്കായിരുന്നു. എന്നാല്‍ കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം പരസ്യമായി രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി പലപ്പോഴും ആശ്രയിക്കുന്ന കുടുംബശ്രീ സംവിധാനം ഇത്തരമൊരു സര്‍വ്വേ നടത്താന്‍ പര്യാപ്തമല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

കേരളത്തിലെ ഭൂരഹിതര്‍-ഭവനരഹിതര്‍

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തില്‍ പൊതുവിഭാഗത്തില്‍ (കോര്‍പറേഷനില്‍) 53,255 ഭൂരഹിത ഭവനരഹിതരുണ്ടെന്നാണ് കണക്ക്. പട്ടികജാതി വിഭാഗത്തില്‍ 4259 പേര്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 494 പേര്‍ക്കും സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ഇത്തരത്തില്‍ കേരളത്തില്‍ വിവിധ കോര്‍പറേഷനുകള്‍ക്ക് കീഴിലായി 58,008 ഭൂമിയില്ലാത്ത കുടുംബങ്ങളുണ്ട്.

മുനിസിപ്പാലിറ്റികളിലാണെങ്കില്‍ പൊതുവിഭാഗത്തില്‍ 44,229 പേര്‍ക്കും, പട്ടികജാതി 4122, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്ന് 693 കുടുംബങ്ങള്‍ക്കും ഇത്തരം അടിസ്ഥാന സൗകര്യങ്ങളില്ല. ഗ്രാമ പ്രദേശങ്ങളില്‍ ഇത് പൊതുവിഭാഗത്തില്‍ 177625 പേരും, പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളിലായി യഥാക്രമം 46178, 6561 പേര്‍ക്കും ഭൂമിയും വീടും ഇല്ല.

ചുരുക്കത്തില്‍ സംസ്ഥാനത്ത് ഭൂരഹിത ഭവനരഹിതര്‍ 337416 പേരാണ്. ഇതില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കിടയില്‍ 54,559 പേര്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കിടയില്‍ 7748 പേരുമാണുള്ളത്. പൊതുവിഭാഗത്തിലിത് 2,75,109 പേരാണ്. സ്ഥലമുണ്ടായിട്ടും വീടില്ലാത്തവരുടെ കണക്കുകള്‍ ഇതിന്റെ പുറത്താണ്.

ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ നിര്‍ണ്ണായകമാവുക ഈ കുടുംബങ്ങളാകും. കാരണം മൂന്നാംഘട്ടത്തിലാണ് ഭൂരഹിത-ഭവനരഹിത കുടുംബങ്ങളെ പരിഗണിക്കുന്നത് എന്നത് തന്നെ. ഇവര്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ മുതല്‍ സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധിയുള്ള ഘട്ടമാണ് മൂന്നാംഘട്ടം.

നിലവില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങാനായി ഗ്രാമ പ്രദേശങ്ങളില്‍ മൂന്ന് സെന്റില്‍ കുറയാത്ത ഭൂമിക്ക് പരമാവധി തുകയായി രണ്ടുലക്ഷം രൂപയാണ് പൊതുവിഭാഗത്തിന് നല്‍കുന്നത്. എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കിത് 2.25 ലക്ഷം രൂപയാണ്. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പൊതുവിഭാഗത്തിന് 2.70 ലക്ഷം രൂപയും പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ലക്ഷവും രൂപയാണ്.

കോര്‍പറേഷനുകളിലെത്തുമ്പോള്‍ ഇത് യഥാക്രമം 5.25 ലക്ഷവും 6 ലക്ഷവും രൂപ വീതം നല്‍കും. എന്നാല്‍ ഗ്രാമ-നഗര പ്രദേശങ്ങളില്‍ ഭൂമി വാങ്ങാന്‍ ഈ തുക അപര്യാപ്തമായിരിക്കേ അടിസ്ഥാന ജനവിഭാഗങ്ങളെ സംബന്ധിച്ച് ഇതും വലിയ പ്രതിസന്ധിയാണുയര്‍ത്തുന്നത്.

ലൈഫ് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമാണോ?

മൂന്ന് ഘട്ടങ്ങളിലായാണ് ലൈഫ് പദ്ധതി പൂര്‍ത്തിയാക്കുക. ഒന്നാംഘട്ടത്തില്‍ 2001-2016 കാലഘട്ടത്തില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ടു വീടു പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയവര്‍ക്ക് വീട് പണി പൂര്‍ത്തിയാക്കുവാന്‍ തുക നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

ഇത്തരത്തിലുണ്ടായിരുന്ന 54,098 വീടുകളില്‍ 52,050 ഭവനങ്ങള്‍ പൂര്‍ത്തിയാക്കി എന്നും സര്‍ക്കാര്‍ പറയുന്നു. നിര്‍മ്മാണം എവിടെ വെച്ചാണ് നിന്നുപോയതെന്ന് കണ്ടെത്തി അതിനനുസൃതമായിട്ടായിരുന്നു തുക അനുവദിച്ചത്. ഇത്തരത്തില്‍ 670 കോടിയോളം സര്‍ക്കാര്‍ ചിലവിട്ടെന്നാണ് കണക്ക്.

രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരെ കണ്ടെത്തി വീടു നിര്‍മ്മിക്കാന്‍ 4 ലക്ഷം രൂപയാണ് ലൈഫ് മിഷന്‍ വഴി നല്‍കിയത്. ഇത്തരത്തിലുള്ള 1,84,255 ഗുണഭോക്താക്കളെ സര്‍വ്വേയിലൂടെ കണ്ടെത്തിയിരുന്നു. ഈ ഘട്ടത്തില്‍ 74,814 വീടുകളാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ലൈഫ് പി.എം.എ.വൈ (നഗരം) പദ്ധതി പ്രകാരം 48,445 ഭവനങ്ങളും പി.എം.എ.വൈ (ഗ്രാമം) വഴി 16,647 ഭവനങ്ങളും നിര്‍മ്മിച്ചു.

പട്ടികജാതി (17,340), പട്ടികവര്‍ഗ്ഗ (972) ഫിഷറീസ് (3632) വകുപ്പുകള്‍ക്ക് കീഴില്‍ നിര്‍മ്മിച്ച വീടുകളും മൂന്നാംഘട്ടത്തിലെ 362 വീടുകളും ചേരുമ്പോഴാണ് ഇപ്പോള്‍ പ്രഖ്യാപിച്ച 2,14,262 ഭവനങ്ങളാവുന്നത്.

മൂന്നാംഘട്ടത്തിലേക്ക് (ഭൂരഹിതരായ ഭവനരഹിതര്‍) കടന്ന ഇടുക്കിയില്‍ 210 വീടുകളും എറണാകുളത്ത് 12 ഭവനങ്ങളും കോഴിക്കോട് 140 ഉം ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ തിരുവനന്തപുരത്താണ്. 32,426 കുടുംബങ്ങള്‍. ഏറ്റവും കുറവ് ഉപഭോക്താക്കളുള്ളത് ആലപ്പുഴ ജില്ലയിലാണ്.

രണ്ടാംഘട്ടത്തില്‍ 5851.23 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നത്. ലൈഫ്- പി.എം.എ.വൈ നഗരം പദ്ധതിയില്‍ 2263.63 കോടിയും ലൈഫ്-പി.എം.എ.വൈ ഗ്രാമം പദ്ധതി വഴി 612.60കോടി രൂപയുമാണ് ചിലവാക്കിയത്.

2836.23 കോടി രൂപയാണ് ലൈഫ്-പി.എം.എ.വൈ പദ്ധതി പ്രകാരം ചിലവിട്ടത്. അതായത് പി.എം.എ.വൈ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്. അതുകൊണ്ടാണ് പ്രതിപക്ഷം ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ച വീടുകളുടെ അവകാശവദാം സംസ്ഥാന സര്‍ക്കാര്‍ എടുക്കുമ്പോള്‍ അതിനെതിരെ രംഗത്തെത്തുന്നതും. ഈ പദ്ധതി പ്രകാരം വീടു നിര്‍മ്മാണത്തിന് 4 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ പകുതിയോ അതിലധികമോ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നല്‍കുന്നത്.

ലൈഫ്-പി.എം.എ.വൈ പദ്ധതിയില്‍ നഗരമേഖലകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 2 ലക്ഷം രൂപയും കേന്ദ്രവിഹിതത്തില്‍ നിന്നുള്ള 1.5 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ വക 50000 രൂപയുമാണ് ഭവന നിര്‍മ്മാണത്തിന് നല്‍കുന്നത്. നേരത്തേ 3 ലക്ഷം രൂപയായിരുന്നു വീട് നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നത്.

കേന്ദ്രസര്‍ക്കാര്‍ 1.5 ലക്ഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍, ഗുണഭോക്താവ് എന്നിവര്‍ ചേര്‍ന്ന് 50000 രൂപവീതവും കണ്ടെത്തണമായിരുന്നു. ലൈഫിന്റെ പുതിയ പദ്ധതി പ്രകാരം ഉപഭോക്താവ് ഇത്തരത്തില്‍ പണം കണ്ടെത്തേണ്ടതില്ല. പകരം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 50000ത്തില്‍ നിന്നും 1.5 ലക്ഷമാക്കി ഉയര്‍ത്തി.

അധികമായി വരുന്ന ഈ തുക കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയായി ഉണ്ട്. അതേസമയം അടുത്ത വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ നിന്ന് ഈ തുക കുറയ്ക്കും. വായ്പ തിരിച്ചടവിനുള്ള തുകയായി കണ്ട് സംസ്ഥാന വിഹിതം കുറയ്ക്കുന്നതോടെ ഫലത്തില്‍ പദ്ധതിവിഹിതം കുറയുകയാണെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നഗര പ്രദേശങ്ങളിലേതുപോലെ ഗ്രാമ പ്രദേശങ്ങളിലും വീടു നിര്‍മ്മാണത്തിന് 4 ലക്ഷം രൂപയാണ് നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2,30,000 രൂപയും കേന്ദ്രസര്‍ക്കാര്‍ 1,20,000 രൂപയും നല്‍കും. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 50000 രൂപ. ഉപഭോക്താവ് വിഹിതം നല്‍കേണ്ടതില്ല.

പകരം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നും 20 ശതമാനം ലൈഫ് പദ്ധതിക്കായി മാറ്റി വയ്ക്കുകയായിരുന്നെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

നാല് ലക്ഷം രൂപയ്ക്ക് വീടു പൂര്‍ത്തിയാക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമായിരിക്കെ ചെറിയ വിസ്തൃതിയില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെ മറികടക്കാന്‍ നിര്‍ദ്ദിഷ്ഠ തുകയ്ക്കുള്ളില്‍ വീടു പണി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നതായി അവകാശപ്പെടുന്നുണ്ട്.

ഇത്തരത്തില്‍ മാതൃകാപരമായ തീരുമാനമായിരുന്നു തൊഴിലുറപ്പ് പദ്ധതിയില്‍പെട്ട തൊഴില്‍ ദിനങ്ങളില്‍ 90 ദിവസം സ്വന്തം വീടിന്റെ പണിക്കായി ചിലവഴിക്കാമെന്നത്. വീടു പണിക്ക് മേല്‍നോട്ടം വഹിക്കുകയും പങ്കെടുക്കുകയും ചെയ്യാമെന്നിരിക്കെ കൂലിയും കൂടെ കിട്ടുമെന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു എന്ന് ഉപഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എന്നാല്‍ സാധന സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഫലത്തില്‍ ഇവ എത്തിയില്ല എന്ന് പലരും പരാതിപ്പെടുന്നുണ്ട്. ഉയര്‍ന്ന സ്ഥലങ്ങളില്‍, റോഡ് സൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ധനസഹായത്തിനുള്ളില്‍ നിന്ന് വീടുകളുണ്ടാക്കുക എന്നത് അസാധ്യമായിരുന്നു.

ഉയര്‍ന്ന നിര്‍മ്മാണ ചിലവും വീട് നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ എത്തിക്കലും കൂടിയാകുമ്പോള്‍ നല്ലൊരു സംഖ്യ ഇതിനായി തന്നെ ചിലവാകുമെന്ന് മലയോര പ്രദേശങ്ങളിലെ ഉപഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും മറ്റും മേല്‍നോട്ടത്തില്‍ അവരുടെ സഹായത്തോടു കൂടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു പലരും.

നിയോജകമണ്ഡല ആസ്തിവികസന ഫണ്ട്, ഹഡ്‌കോ വായ്പ, സഹകരണ സംഘങ്ങളില്‍ നിന്നുള്ള വായ്പ, കിഫ്ബി, ബജറ്റ് അലോക്കേഷന്‍, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, സി.എസ്.ആര്‍ ഫണ്ട്, സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കിയ ഭൂമി, സ്‌പോണ്‍സറിങ്, പൊതുസമൂഹത്തില്‍ നിന്നുള്ള സംഭാവന ഇതെല്ലാം ചേര്‍ന്നതാണ് ഫണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.

അതിനു പുറമേ കേന്ദ്രസര്‍ക്കാര്‍ ധനസഹായം കൂടിയാകുമ്പോഴേ ലൈഫ് പദ്ധതി പൂര്‍ത്തികുന്നുള്ളൂ. എന്നാല്‍ പദ്ധതിയുടെ രൂപീകരണവും സുഗമമായ നടത്തിപ്പുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ്.

താമസിക്കാന്‍ വീടില്ലാത്തവര്‍ ഉപഭോക്താക്കളില്‍പെടുമെന്ന് പറയുമ്പോള്‍ വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവരെ ഈ ഘട്ടത്തില്‍ ഉള്‍ക്കോള്ളിക്കേണ്ടതില്ലെന്ന് ലൈഫ് മിഷന്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇവ കണ്ടെത്തുന്നതിനായി റ്റി.പി.റ്റിഎയെ നിയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ക്കാവശ്യമായ ധനസഹായം നല്‍കുന്നതിനായി വിശദമാര്‍ഗ്ഗനിര്‍ദേശം പിന്നീട് നല്‍കുമെന്നുമാണ് വെബ്‌സൈറ്റില്‍ പറയുന്നത്.

എന്നാല്‍ തടി, ഷീറ്റ് എന്നിവ കൊണ്ട് മാത്രം നിര്‍മ്മിച്ചിട്ടുള്ള താല്‍ക്കാലിക ഭവനങ്ങളെ ഭവനരഹിതരായി പരിഗണിക്കും. മാത്രമല്ല ഭൂമിയുള്ള ഭവനരഹിതരുടെ മാനദണ്ഡത്തില്‍ 25 സെന്റ് സ്ഥലമാണ് പരിധി.

അതേസമയം റേഷന്‍കാര്‍ഡ് ഉണ്ടെങ്കിലേ വീട് ലഭിക്കൂവെന്നും വീടുണ്ടെങ്കിലേ റേഷന്‍കാര്‍ഡ് ലഭിക്കൂ എന്ന സ്ഥിതിയാണുള്ളതെന്ന വിമര്‍ശനവും പരാതികളും ഉണ്ട്. ഒരു റേഷന്‍കാര്‍ഡില്‍ പേരുള്ളവരേയാണ് ഒരു കുടുംബമായി സര്‍ക്കാര്‍ കണക്കാക്കുന്നത്.

ഒരു കാര്‍ഡില്‍ പേരുള്ളവരില്‍ ആര്‍ക്കെങ്കിലും സ്വന്തമായി ഭവനമുണ്ടെങ്കില്‍ ആ കാര്‍ഡില്‍ പേരുള്ള ആരേയും ഗുണഭോക്താവായി പരിഗണിക്കില്ല. അതേസമയം കാര്‍ഡില്ലാത്ത കുടുംബങ്ങളെ നിലവിലെ മാര്‍ഗ്ഗരേഖ പ്രകാരം പരിഗണിക്കാനും സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഗിരിവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്കിടയ്ക്ക് ഇത്തരം നിബന്ധനകള്‍ വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് 2019 ആഗസ്റ്റ് 5 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മേല്‍പറഞ്ഞ രണ്ടു മാനദണ്ഡങ്ങളിലും ചെറിയ ഇളവ് സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നത്.

പട്ടികജാതി, മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ പെട്ട ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക്, ’25 സെന്റില്‍ കൂടുതല്‍ ഭൂമിയുണ്ടാകരുത്, ഒരു റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു കുടുംബത്തിന് ഒരു വീട് ‘ എന്നീ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ച് തുക നല്‍കാവുന്നതാണ് എന്ന് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍. എന്നാല്‍ ഇതേ സാഹചര്യത്തിലുള്ള ആദിവാസി കുടുംബങ്ങളുടെ കാര്യത്തില്‍ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയതായി കാണുന്നില്ല.

മൂന്നാംഘട്ടം

പദ്ധതി ഒരു ഘട്ടത്തില്‍ കൂടി വ്യാപിച്ചു നില്‍ക്കുന്നതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ (2020-21) മൂന്നാംഘട്ടം പൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതില്‍ 1,06,925 അര്‍ഹരായവരെ കണ്ടെത്തുകയും 524.05 ഏക്കര്‍ ഭൂമി കണ്ടെത്തിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ് നിര്‍മ്മാണ വിഭാഗത്തിന്റെ (എഞ്ചിനീയറിങ്) സ്ഥലം പരിശോധനകള്‍ പൂര്‍ത്തിയായാലുടന്‍ നിര്‍മ്മാണ പദ്ധതികളിലേക്ക് കടക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുതരുന്നു. ഇവിടങ്ങളില്‍ ഏതെങ്കിലും ജാതിയുടേയോ മതത്തിന്റെയോ ബോധപൂര്‍വ്വമായ കേന്ദ്രീകരണം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പു പറയുന്നുണ്ട്.

പ്രതിപക്ഷത്തിന്റെ ആരോപണം

സര്‍ക്കാരിന്റെ ലൈഫ് പദ്ധതി തട്ടിപ്പാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെബ്രുവരി 29 ന് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ പ്രഖ്യാപിച്ച നാല് പദ്ധതികളില്‍ മൂന്നെണ്ണവും പരാജയമായത് കൊണ്ടാണ് അവയെപ്പറ്റി സംസാരിക്കാത്തതെന്നും വീട് പണിത് നല്‍കിയത് സര്‍ക്കാരല്ലെന്നും തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് ഭവനങ്ങള്‍ പണിതതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചിരുന്നു.

സര്‍ക്കാരിന് ഒരു വീടിന് ഒരു ലക്ഷം രൂപ മാത്രമാണ് ചിലവെന്നും അത് പോലും നല്‍കിയില്ല. മാത്രമല്ല യു.ഡി.എഫ് കാലത്ത് വീടു പണി ഭൂരിഭാഗവും പൂര്‍ത്തിയായ, പണി പൂര്‍ത്തിയാകാന്‍ കുറച്ചു സമയം മാത്രം കൂടിയെടുക്കുന്ന 52,000 വീടുകളും കണക്കില്‍ പെടുത്തിയെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്.

ഇവയുടെ പണി പൂര്‍ത്തിയാക്കാന്‍ 10000മോ 20000മോ രൂപമാത്രം മതിയാകുമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. ‘വസ്തുതകള്‍ പരിശോധിച്ചാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം വെളിവാകും. കുറച്ചുവീടുകള്‍ വച്ച് കൊടുത്തിട്ട് അതിന്റെ പേരില്‍ 2 ലക്ഷം വീടുകള്‍ വച്ചു നല്‍കി എന്ന് പറയുകയാണ്.

എം.എം ഗോവിന്ദന്‍ നായരുടെ കാലത്ത് (ലക്ഷം വീട് പദ്ധതി) ഒരു ലക്ഷം വീടുകളുണ്ടാക്കുന്ന പദ്ധതിയുണ്ടായിരുന്നെന്നും അതിന്റെ അടുത്തുപോലും എത്താത്ത പദ്ധതിയാണ് ലൈഫെന്നുമായിരുന്നു’ ചെന്നിത്തലയുടെ പ്രധാന ആരോപണം.

”2017ല്‍ കുടുംബശ്രീ പ്രവര്‍ത്തകരെ വച്ച് ഭവനരഹിതരും ഭൂരഹിതരുമായ ആളുകളെക്കുറിച്ചുള്ള കണക്കെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ അത്തരത്തില്‍ കണക്കെടുപ്പ് നടത്താന്‍ ശേഷിയില്ലാത്തവരെ വച്ചാണ് സര്‍ക്കാര്‍ കണക്കെടുപ്പുമായി മുന്നോട്ട് പോയതെന്നും കുടുംബശ്രീയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഭൂമിയില്ലാത്ത ഭവനരഹിതരുടെ എണ്ണം 3,33,416 നടുത്തും ഭൂമിയുള്ള ഭവനരഹിതരുടെ എണ്ണം 1,76,080 പേരുമാണ്.

സംസ്ഥാനത്ത് ആകെ ഭവനരഹിതര്‍ 5,10,000 ത്തോളം പേരുണ്ടെന്നാണ് കുടുംബശ്രീയുടെ റിപ്പോര്‍ട്ട്. ഇവരില്‍ രണ്ട് ലക്ഷം പേര്‍ക്ക് വീടു വച്ച് നല്‍കിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. എന്നാല്‍ മുന്‍സര്‍ക്കാര്‍ 90ശതമാനം പൂര്‍ത്തിയാക്കിയ വീടുകള്‍ മാറ്റിനിര്‍ത്തിയാല്‍ 1,30,000 വീടുകള്‍ മാത്രമാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്നാണ്’ പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം ലൈഫ് പദ്ധതിക്ക് മാറ്റിവച്ചതിന് പുറമെ മൂന്നുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിര ആവാസ് യോജന(ബി.ജെ.പി സര്‍ക്കാര്‍ പേരുമാറ്റിയതാണ് പ്രധാനമന്ത്രി ആവാസ് യോജന, പി.എം.എ.വൈ) പ്രകാരം 855 കോടി രൂപയും ലൈഫിന് മാറ്റിവച്ചു.

ഹഡ്‌കോയില്‍ നിന്ന് സര്‍ക്കാര്‍ 15 വര്‍ഷത്തേക്ക് വായ്പയും എടുത്തു. പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീടൊന്നിന് ഒരു ലക്ഷം എന്ന തുക പല പഞ്ചായത്തുകള്‍ക്കും കൊടുത്തില്ല. പി.എം.എ.വൈ പദ്ധതി ലൈഫില്‍ ലയിച്ചതിന് ശേഷം പി.എം.എ.വൈയുടെ പല ഘടുക്കളും മുടങ്ങിയതായും പ്രതിപക്ഷം ആരോപിക്കുന്നു.

കേന്ദ്രപദ്ധതി പ്രകാരം ലഭിച്ച 885 കോടിയില്‍ 45,000ത്തോളം വീടുകള്‍ പണിതിട്ടുണ്ടെന്നും അവയും ഇപ്പോള്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം വീടുകളുടെ കൂട്ടത്തില്‍ പെടുമെന്നും പ്രതിപക്ഷം പറയുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,77,000 വീടുകള്‍ മാത്രമാണെന്നും ഫലത്തില്‍ 70,000ത്തോളം വീടുകള്‍ മാത്രമേ എല്‍.ഡി.എഫ് സര്‍ക്കാര്‍ പണിതിട്ടുള്ളുവെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

അതേസമയം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 4 വര്‍ഷം കൊണ്ട് 4,14000 (നാല് ലക്ഷത്തി പതിനാലായിരം) വീടുകള്‍ വച്ചു കൊടുത്തു എന്ന അവകാശവാദവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ട്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

രമേശ് ചെന്നിത്തല നല്‍കിയ കണക്കുകള്‍ക്ക് എതിരാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ കണക്ക്. 1,00,618 പേരെ മാത്രമാണ് വീടിന് അര്‍ഹതയുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയതെന്നും പിന്നെ രണ്ട് ലക്ഷം വീട് പൂര്‍ത്തിയായെന്ന അവകാശവാദം എങ്ങനെ ശരിയാകുമെന്നുമാണ് മുന്‍ മുഖ്യമന്ത്രി ചോദിക്കുന്നത്. യു.ഡി.എഫ് കാലത്തെ വീടുകള്‍ കൂടി കൂട്ടിയാലും 1,40,000 വീടുകളേ വരൂ എന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നു.

മുഖ്യമന്ത്രിയുടെ വിശദീകരണം

വീട് നിര്‍മ്മിച്ചു നല്‍കിയത് എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണെന്നും ആരാണ് ഭരിച്ചതെന്ന് നോക്കിയല്ല ലൈഫ് പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്.

കേരളത്തിലെ വ്യത്യസ്ത വകുപ്പുകളുടെ വീടുകളും പി.എം.എ.വൈ വീടുകളുമുണ്ട്. പി.എം.എ.വൈ ഗ്രാമങ്ങളില്‍ 75,000 രൂപയാണ് വീട് നിര്‍മ്മിക്കാന്‍ നല്‍കുന്നത്. അതിനോട് 3.25 ലക്ഷം രൂപ സര്‍ക്കാര്‍ കൂട്ടണമെന്നും നഗരങ്ങളില്‍ 1.5 (ഒന്നര ലക്ഷം) ലക്ഷമാണ് കേന്ദ്ര പദ്ധതി പ്രകാരം കിട്ടുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.

ബാക്കി രണ്ടര ലക്ഷം രൂപ സര്‍ക്കാര്‍ കണ്ടെത്തണം. ഈ തുക വര്‍ദ്ധിപ്പിക്കാന്‍ പല തവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ആദ്യഘട്ടത്തില്‍ 97 ശതമാനം വീടുകള്‍ പൂര്‍ത്തിയായി. ശേഷിച്ചവര്‍ കുടുംബപരമായ പ്രശ്‌നങ്ങളോ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളോ നേരിടുന്നവരാണ്.

ഈ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ സാധ്യമായ രീതിയിലെല്ലാം ഇടപെട്ടതാണ്. പരിഹാരം കാണാന്‍ സാധിക്കാത്തവയുടെ പൂര്‍ത്തീകരണമാണ് അവശേഷിക്കുന്നത്. അത് ലൈഫ് മിഷന്റെ ദൗര്‍ബല്യമല്ല. അവരുടെ സ്ഥലത്തിന്റെ പ്രത്യേക പ്രശ്‌നമാണ്. രണ്ടാം ഘട്ടത്തില്‍ 1,62,000 വീടുകള്‍ പൂര്‍ത്തീകരിച്ചു. 5851 കോടിയില്‍ പരം രൂപ ഇതിനായി ചിലവഴിക്കാനായെന്നും മുഖ്യമന്ത്രി പറയുന്നു.

യഥാര്‍ത്ഥ വസ്തുതകള്‍

സംസ്ഥാനത്ത് ഭവനരഹിതരായി 5,14,000 ത്തോളം പേരുണ്ടെന്നാണ് കുടുംബശ്രീയുടെ റിപ്പോര്‍ട്ട്. ഇതില്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടെ എണ്ണം 3,33,416 നടുത്താണ്.

ലൈഫ് മിഷന് കീഴിലുള്ള ലൈഫ് പദ്ധതിയുടെ പൂര്‍ണ്ണ സാമ്പത്തിക സഹായവും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. 3.5 മുതല്‍ 4 ലക്ഷം രൂപ വരെയാണ് സഹായം ലഭിക്കുക. എന്നാല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.എ.വൈ പദ്ധതിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍ കേന്ദ്രം 284 കോടി രൂപ അനുവദിച്ചിരുന്നു.

ബാക്കി 743 കോടി രൂപ ചിലവിട്ടത് സംസ്ഥാനമാണ്. ഇതില്‍ പകുതിയോ അതിലധികമോ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് എടുക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. പദ്ധതിയുടെ 50 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 37.5 ശതമാനം കേന്ദ്ര സര്‍ക്കാരും 12.5 ശതമാനം സംസ്ഥാന സര്‍ക്കാരുമെന്നാണ് കണക്ക്. ഇതാണ് ലൈഫ് മിഷന്‍ വഴി പൂര്‍ത്തീകരിച്ച് പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ മാത്രം പദ്ധതിയല്ലെന്ന് വിമര്‍ശനവും ആരോപണവും ഉയരാന്‍ കാരണം.

രണ്ടാംഘട്ടത്തില്‍ എസ്.സി വിഭാഗത്തില്‍ പത്തനംതിട്ട, എറണാകുളം ജില്ലകളിലൊഴികെ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണത്തിന്റെ 50 ശതമാനവും കഴിഞ്ഞതായാണ് രേഖകള്‍. ഇത്തരത്തില്‍ 6187 വീടുകള്‍ പൂര്‍ത്തിയാക്കിയതായും സര്‍ക്കാര്‍ പറയുന്നു (66.53%).

എസ്.ടി വിഭാഗത്തിലാണെങ്കില്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളായി 6628 പേരെ കണ്ടെത്തിയെങ്കിലും യോഗ്യതയുള്ള ഗുണഭോക്താക്കളായി 3603 പേരെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.

ഇതില്‍തന്നെ 1109 വീടുകളുടെ പണികള്‍ മാത്രമേ പൂര്‍ത്തിയാക്കാനായിട്ടുള്ളൂ (37.10%). എന്നാല്‍ പൊതുവിഭാഗത്തിലെത്തുമ്പോള്‍ യോഗ്യതയുള്ള ഗുണഭോക്താക്കളായി കണ്ടെത്തിയത് 84482 പേരാണ്. ഗുണഭോക്താക്കളില്‍ 63947 പേരുടെ വീടുകളും പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്ന്(80.94%) സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു. 2020 ഫെബ്രുവരി 10 വരെയുള്ള കണക്കാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നസീറ നീലോത്ത്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

Latest Stories

We use cookies to give you the best possible experience. Learn more