| Tuesday, 30th April 2019, 11:50 pm

ഇനിയുമെത്ര ആംബുലന്‍സുകള്‍ ചീറിപ്പായണം ? വടക്കുനിന്നു തെക്കോട്ട്

അലി ഹൈദര്‍

ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങളുമായി അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് വടക്കന്‍ ജില്ലകളില്‍ നിന്നും ആംബുലന്‍സുകള്‍ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും ചീറിപ്പാഞ്ഞുപോകുന്നത് കേരളത്തില്‍ തുടര്‍സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. മണിക്കുറില്‍ നൂറ് കിലോമീറ്റര്‍ സ്പീഡിന് മുകളില്‍ പറക്കുന്ന ആംബുലന്‍സുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍, ഹൈവേകളിലെ ഗതാഗത തടസ്സങ്ങള്‍ നീക്കാനായി ഇടപെടുന്ന പോലീസുകാര്‍, സര്‍വ്വസജ്ജീകരണങ്ങളുമായി പിന്തുണയ്‌ക്കെത്തുന്ന ഡ്രൈവേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍, നാട്ടുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?, എന്തുകൊണ്ടാണ് അത്യാസന്ന നിലകളില്‍ കഴിയുന്ന രോഗികളെയുമായി വടക്കന്‍ ജില്ലകളില്‍ നിന്നും ആംബുലന്‍സുകള്‍ക്ക് തെക്കോട്ട് പായേണ്ടി വരുന്നതെന്ന്? അതിനൊരുത്തരമുണ്ട്. മതിയായ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതില്‍ വടക്കന്‍ ജില്ലകളോട് നമ്മുടെ ഭരണകൂടങ്ങള്‍ കാലങ്ങളായി തുടരുന്ന അവഗണിലേക്കാണ് മേല്‍പറഞ്ഞ ചോദ്യം നമ്മെ കൊണ്ടെത്തിക്കുക.

നിലമ്പൂരില്‍ നിന്ന് രാജറാണി, പാലക്കാട് നിന്ന് അമൃത, കാസര്‍ഗോഡ് നിന്ന് മലബാര്‍ തുടങ്ങിയ തീവണ്ടികളിലെല്ലാം ഇന്നും വടക്കന്‍ ജില്ലകളിലെ സാധാരണക്കാര്‍ ചികിത്സാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുകയാണ്. തിരുവനന്തപുരത്തേക്കോ എറണാകുളത്തേക്കോ എത്താന്‍ കഴിയാത്ത കണ്ണൂര്‍-കാസര്‍ഗോഡ്-വയനാട് ഭാഗങ്ങളിലെ രോഗികള്‍ തൊട്ടടുത്ത പ്രധാന നഗരങ്ങളായ മംഗലാപുരത്തേയും ബാംഗ്ലൂരിനെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പഴുമുള്ളത്. തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്‌സപ്രസ്സിലെ യാത്രക്കാരില്‍ വലിയൊരു ശതമാനവും റിജീണിയല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീ ചിത്തിര തിരുനാള്‍ ഇ്ന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളിലേക്കുള്ള രോഗികളായിരിക്കുമെന്നത് മറ്റൊരു വസ്തുത.

അരനൂറ്റാണ്ട് പിന്നിട്ടിട്ടും ആരോഗ്യമേഖലയുടെ സൗകര്യങ്ങളില്‍ മധ്യകേരളത്തിനോ തെക്കന്‍ കേരളത്തിനോ ഒപ്പമെത്താന്‍ മലബാറിന് ഇന്നും സാധിച്ചിട്ടില്ല. കേരളത്തിലെ 12 മെഡിക്കല്‍ കൊളേജുകളില്‍ മൂന്നെണ്ണമാണ് മലബാറിലുള്ളത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് അത്. അതില്‍ തന്നെ കോഴിക്കോട് മാത്രമാണ് ഭേദപ്പെട്ട ചികിത്സാ സംവിധാനമുള്ളത്. കണ്ണൂരിലുള്ള പരിയാരം മെഡിക്കല്‍ കൊളേജാവട്ടെ പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആക്കി മാറ്റാനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ഒപ്പുവച്ചത് കഴിഞ്ഞ മാര്‍ച്ച് മാസം രണ്ടാം തീയതിയാണ്. വര്‍ഷങ്ങളായിട്ടും കാസര്‍ഗോഡ് മെഡിക്കല്‍ കൊളേജിന്റെ പണി തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട വയനാട്ടിലെ മെഡിക്കല്‍ കൊളേജും എവിടെയും എത്തിയിട്ടുമില്ല. കുറെ മെഡിക്കല്‍ കൊളേജുകള്‍ ഉണ്ടാകുന്നതല്ല ആരോഗ്യ രംഗത്തെ വികസനത്തിന്റെ മാനദണ്ഡം എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് അത്രപോലും സാധ്യമാകുന്നില്ല എന്ന വസ്തുത തെളിഞ്ഞ് കാണാന്‍ കഴിയും.

ഈ മാസം 16 നാണ് കാസര്‍ഗോഡ് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തു നിന്നും അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അതിന്റെ തൊട്ടടുത്ത ദിവസമാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് യാത്ര തിരിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ് – ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനെയാണ് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചത്. ഈ രണ്ട് സംഭവങ്ങളിലും ആരോഗ്യ വകുപ്പ് ഇടപെട്ട് ഹൃദ്യം പദ്ധതി വഴി ചികിത്സ ഒരുക്കിയിരുന്നു.

മലബാര്‍ ജില്ലകളില്‍ നിന്നുള്ള ഒരു രോഗിക്ക് ഹൃദയസംബന്ധമായ ഒരു അടിയന്തിര ചികിത്സ വേണ്ടി വന്നാല്‍ ഏത് ആശുപത്രിയെയാണ് ആശ്രയിക്കാനുള്ളത്? എറണാകുളത്തെ ലേക് ആശുപത്രി, കൊച്ചിയിലെ അമൃത, തിരുവനന്തപുരത്തെ ശ്രീ ചിത്ര എന്നിവയൊക്കെയായിരിക്കും നാം ആദ്യം കേള്‍ക്കുക. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ഒരു ആശുപത്രിയും ഇക്കൂട്ടത്തിലില്ല. വിദഗ്ദ്ധ ചികിത്സ ലഭിക്കാനായി വടക്കന്‍ ജില്ലകളിലെ രോഗികള്‍ തെക്കന്‍ കേരളത്തിലേക്ക് നിരന്തരം യാത്ര ചെയ്യേണ്ട ദുസ്ഥിതിയാണ് ഇല്ലാതാവേണ്ടത്. മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭിക്കണമെന്ന ആവശ്യം മലബാറിലെ വിവിധ ജില്ലകളിലെ സാധാരണക്കാര്‍ കാലങ്ങളായി ഉന്നയിക്കുന്നുണ്ട്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും ആരോഗ്യ-വിദ്യാഭ്യാസ രംഗവും ഇത്രയേറെ വളര്‍ന്നിട്ടും അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് ചികിത്സക്കായി നൂറുകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നത് ഏറെ ഗൗരവമായ കാര്യമാണെന്നും ‘ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്’ കോഴിക്കോട് കൊണ്ട് വരുന്നു എന്ന് പറഞ്ഞിട്ട് അത് സാധ്യമാകാതെ പോയതിന് പിന്നില്‍ പല അട്ടിമറികള്‍ നടന്നിട്ടുണ്ടെന്നും ഡോ മുരളീധരന്‍ പറയുന്നു.

‘നമ്മുടെ മെഡിക്കല്‍ കൊളേജ് സംവിധാനത്തിനും സൗകാര്യ ആശുപത്രികള്‍ക്കുമപ്പുറത്തേക്ക് വലിയൊരു മെഡിക്കല്‍ സ്ഥാപനം വരുക എന്നത് പ്രതീക്ഷയുള്ള കാര്യമായിരുന്നു. പക്ഷെ ഒടുവില്‍ അത് അട്ടിമറിക്കപ്പെടുകയോ മറ്റെന്തോ സംഭവിക്കുകയോ ചെയ്തു. അതിന് രാഷ്ട്രീയമോ ചരിത്രമോ ആയ കാരണങ്ങള്‍ ഉണ്ടാകാം. എന്തായാലും അത് നടക്കുന്നില്ല. ഡോക്ടര്‍മാരുടെ വിന്യാസമായാലും അടിസ്ഥാന സൗകര്യമായാലും മലബാര്‍ തിരുകൊച്ചിയുടെയൊക്കെ എത്രയോ പിന്നിലാണ്’

‘അത്യാസന്ന നിലയിലുള്ള രോഗികളെ ചികിത്സിക്കാന്‍ മള്‍ട്ടി സ്പഷ്യാലിറ്റി ഹോസ്പിറ്റലകുള്‍ ഇവിടെ ഇല്ല എന്നത് സത്യമാണ്. എന്നാല്‍ ആരോഗ്യ രംഗത്ത് മലബാറിന് അഭിവൃദ്ധി സാധ്യമാകണമെങ്കില്‍ അത് മാത്രമല്ല പരിഹാരം. സാമ്പത്തികവും സാംസ്‌കാരികവുമായി ഉയര്‍ന്ന് നില്‍ക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തില്‍ ഒരേ സമയം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും അതോടൊപ്പം ജനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുന്ന ദൂരത്തില്‍ പ്രാഥമികമായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മികച്ച ആശുപത്രിസംവിധാനങ്ങളും ഡോക്ടര്‍മാരുമാണ് വേണ്ടത്’ മുരളീധരന്‍ പറയുന്നു. ആര്‍ദ്രം പോലുള്ള പദ്ധതികളിലൂടെ അത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം കാര്യക്ഷമമായി നടപ്പിലാകുന്നുണ്ടോ എന്നതും പ്രസക്തമാണ്.

കാസര്‍കോട്ടെ സ്ഥിതി

നല്ല ചികിത്സ വേണമെങ്കില്‍ ഇതര ജില്ലകളേയോ, മംഗലാപുരം പോലെയുള്ള അയല്‍ സംസ്ഥാനങ്ങളിലെ സ്ഥലങ്ങളെയോ ആശ്രയിക്കേണ്ടി വരുന്നത് ദുരവസ്ഥയാണെന്നാണെന്നും രോഗിയെയും കൊണ്ട് തെക്കന്‍ ജില്ല കളിലേക്ക് പോകേണ്ട ക്ലേഷം താങ്ങാവുന്നതിലും അപ്പുറമാണെന്നുമാണ് കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ നിസാം റാവുത്തര്‍ പറയുന്നത്.

ആരോഗ്യരംഗത്ത്ന്റെകാസര്‍ഗോഡിന്‍റെ പിന്നോക്കാവസ്ഥക്ക് ജില്ലയുടെ രൂപികരണത്തിന്റെയത്ര തന്നെ പഴക്കമുണ്ട്. ജില്ലയിലെ ഗവണ്‍മെന്റ് പ്രൈവറ്റ് സെക്ടറുകളില്‍ സ്പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടര്‍മാരുടെ അഭാവം മൂലം പ്രധാനപ്പെട്ട രോഗങ്ങള്‍ക്കൊന്നും ജില്ലയില്‍ ചികിത്സ ഇല്ലെന്നു തന്നെ പറയാം. പകര്‍ച്ചവ്യാധികളുടെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ടാണ് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണങ്ങള്‍ പെരുകുന്നതും.

എന്‍ഡോസള്‍ഫാന്‍ മേഖലയിലെ അസുഖ ബാധിതര്‍ നിരന്തരം ആശ്രയിക്കുന്നതും പുറം സംവിധാനങ്ങളെയാണ്. ജനിതക വൈകല്യം ബാധിച്ച് ഇന്നും ഈ മേഘലയില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്. ഫലപ്രദമായ ചികിത്സ കിട്ടാതെ മരിക്കുന്ന കുങ്ങുങ്ങളുമുണ്ട്. കേരളം കൈവരിച്ച ആരോഗ്യ സുചിക നിലനില്‍ക്കണമെങ്കില്‍ കാസര്‍ഗോട്, വയനാട് പോലുള്ള വടക്കന്‍ ജില്ലകളിലെ ആരോഗ്യരംഗത്ത് സമഗ്രമായ മുന്നേറ്റം അനിവാര്യമാണ്.

ന്യൂറോ, എന്‍ഡോക്രൈനോളജി, നെഫ്രൊളജി, കാര്‍ഡിയോളജി, ഗ്യാസ്ട്രോ എന്‍ഡോളജി, ഓങ്കോളജി, ഓര്‍ത്തോ, ട്രോമാകെയര്‍ എന്നീ വിഭാഗങ്ങള്‍ ഈ ജില്ലകളിലും അനിവാര്യമാണ്. ഈ രംഗത്തെ ചൂഷണത്തിന്റെ പ്രാദേശിക ഏജന്റുമാരായിട്ടാണ് കാസര്‍ഗോട്ടെ മിക്ക പ്രൈവറ്റ് ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നത്. പകര്‍ച്ചവ്യാധി പൊട്ടി പുറപ്പെടുന്ന മഴക്കാലങ്ങളില്‍ പരിമിധിമായ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികല്‍ക്ക് പ്രവേശനം ലഭിക്കാതെ വരും. ഈ സാഹചര്യം മുതലെടുക്കുന്ന സ്വകാര്യ ആശുപത്രികള്‍ വലിയ ചൂഷണമാണ് രോഗികളോട് കാണിക്കാറുള്ളത്. ഉദാഹരണത്തിന് ഡെങ്കിപ്പനി വന്നാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയും, 30000ത്തില്‍ താഴെ കുറഞ്ഞാല്‍ മാത്രമേ ജീവന് ഭീഷണിയുള്ളു. നിലവിലുള്ള കൗണ്ടിനെക്കാള്‍ അല്‍പം കുറഞ്ഞാല്‍ രോഗികളെ പേടിപ്പിച്ച് സമ്മര്‍ദ്ദത്തിലാക്കി പുതിയ കൗണ്ട് കയറ്റാന്‍ പ്രേരിപ്പിക്കുന്നു. ജില്ലയില്‍ സംവിധാനമില്ലാത്തതു കൊണ്ട് മംഗലാപുരം പോലുള്ള സ്ഥലങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നു. ചെറിയ തുകക്ക് കിട്ടേണ്ട ചികിത്സ മംഗലാപുരത്ത് എത്തുന്നതോടെ ലക്ഷങ്ങളാകുന്നു. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് അത്യാധുനിക ചികിത്സ എല്ലായിടത്തും ഇല്ലാത്തതിനാല്‍ പല രോഗികളും വ്യാജചികിത്സകരില്‍ ചെന്ന് പെടുന്ന അവസ്ഥയും ഇവിടങ്ങളിലുണ്ട്.

സര്‍ക്കാര്‍ അടിയന്തിരമായി ഉറപ്പാക്കേണ്ടത് ജില്ലതോറും എല്ലാ സൗകര്യമുള്ള ആശുപത്രികളാണെന്ന് മെഡിക്കല്‍ കോഴിക്കോട് കൊളേജ് പ്രഫസര്‍ ഡോക്ടര്‍ ജയേഷ് പറയുന്നു. അതിന് പഞ്ചായത്ത് ബ്ലോക്ക് ജില്ലാ തലങ്ങളിലുള്ള ആശുപത്രികളില്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുകയും മികച്ച ഡോക്ടര്‍മാരെ ലഭ്യമാക്കുകയുമാണ് വേണ്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ്, വയനാട് പോലുള്ള ജില്ലകളില്‍ ഇന്നും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ എവിടെയും എത്തിയിട്ടില്ല. അതിനാണ് പ്രാഥമികമായ പരിഗണന നല്‍കേണ്ടത്.

ആരോഗ്യ സംരക്ഷണം സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണെന്നുള്ള പരികല്‍പ്പനിയിലാണ് ഇന്ത്യയിലും പൊതു ആരോഗ്യ സംവിധാനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതനുസരിച്ചാണ് രാജ്യത്താകെ മുപ്പതിനായിരം ജനങ്ങള്‍ക്ക് ഒന്ന് എന്ന കണക്കില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ദ്വിതീയതലത്തില്‍ കമ്യൂണിറ്റി സെന്ററുകളും സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ പൊതുമേഖലയുടെ മുരടിപ്പിനാലും സര്‍വീസുകള്‍ ലഭ്യമല്ലാത്തതിനാലും ഭൂരിഭാഗം പേരും പണം നല്‍കി സ്വകാര്യസേവനങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരാവുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓ.പി ചികിത്സയ്ക്കായി 20 ശതമാനം പേരും ഐ.പി ചികിത്സയ്ക്കായി 40 ശതമാനം പേരുമേ എത്തുന്നുള്ളു. പൊതുമേഖലയില്‍ ലോകരാജ്യങ്ങള്‍ ശരാശരി ജി.ഡി.പിയുടെ 8.8 മുതല്‍ 11.1 ശതമാനം വരെ ആരോഗ്യത്തിനായി നീക്കിവെയ്ക്കുമ്പോള്‍ ഇന്ത്യയിലേത് 1-2 ശതമാനം മാത്രമാണ്. ചികിത്സയ്ക്കായി വ്യക്തികള്‍ ‘സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിക്കുന്നതിന്റെ ലോക ശരാശരി 18 ശതമാനം മാത്രമാകുമ്പോള്‍ ഇന്ത്യയിലേത് 70 ശതമാനമാണെന്നും ഡോ.ജയകൃഷ്ണന്‍ പറയുന്നു. ആവശ്യത്തിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാത്ത വടക്കന്‍ ജില്ലകളില്‍ ഇതിന്റെ തോത് കൂടുതലാകും.

എയര്‍ ആംബുലന്‍സ് എന്ന ആവശ്യം

നേരത്തെ ഹൃദ്രോഗമുള്ള നവജാത ശിശുവിനെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗം ആംബുലന്‍സില്‍ കൊണ്ടുവന്ന സമയത്ത് എയര്‍ ആംബുലന്‍സ് എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഔദ്യോഗികമായി ഉദ്ഘാടനം നടന്നിട്ടും പദ്ധതികള്‍ സജീവ ചര്‍ച്ചയില്‍ ഉണ്ടായിരുന്നിട്ടും എയര്‍ ആംബുലന്‍സ് എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്താന്‍ വൈകുന്നത് എന്തുകൊണ്ടെന്ന ചര്‍ച്ചയും സജീവമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വലിയതോതിതുള്ള ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. എന്നാല്‍ ആകാശമാര്‍ഗം യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദവ്യതിയാനം കാരണം എല്ലാ വിഭാഗം രോഗികളെയും വ്യോമമാര്‍ഗം കൊണ്ടുപോകാന്‍ ആകില്ലെന്നായിരുന്നു വിദഗ്ദ്ധരുടെ അഭിപ്രായം. ചെലവ് കൂടുന്നതും ഒരു പ്രശനമായി പറഞ്ഞിരുന്നു.

അതേസമയം എയര്‍ ആംബുലന്‍സ് വാങ്ങുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഇത് സബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളെ ആകാശമാര്‍ഗം ആശുപത്രിയില്‍ എത്തിക്കുന്നതിനായി എയര്‍ ആംബുലന്‍സ് വാങ്ങുന്നതിന്റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more