| Sunday, 20th January 2019, 1:44 pm

കരിമണല്‍ കടലോരത്തെ സമരത്തിരകള്‍

ആര്യ. പി

100 വര്‍ഷമായി നീണ്ടകര, ചവറ, പൊന്മന, ആലപ്പാട് തുടങ്ങിയ പ്രദേശങ്ങളില്‍ കരിമണല്‍ ഖനനം തുടങ്ങിയിട്ട്. വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനം ആലപ്പാട് എന്ന ഒരു ഗ്രാമത്തെ പൂര്‍ണമായി ഇല്ലാതാക്കിയിരിക്കുകയാണെന്നാണ് ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനന വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്.

പ്രാദേശികമായി നടക്കുന്ന പ്രതിഷേധത്തെയും സമരത്തേയും ഒരു തരത്തിലും അധികാരികള്‍ പരിഗണിക്കാതെ വന്നതോടെയാണ് സോഷ്യല്‍മീഡിയ സാധ്യതകള്‍ അടക്കം ഉപയോഗപ്പെടുത്തി ശക്തമായ സമരത്തിലേക്ക് കടക്കാന്‍ ആലപ്പാട്ടുകാര്‍ തീരുമാനിക്കുന്നത്.

വര്‍ഷങ്ങളായി തുടരുന്ന ഖനനം ഇനിയും മുന്നോട്ടു പോയാല്‍ സ്വന്തം വീടും മണ്ണും കടല്‍ കൊണ്ട് പോകുന്നത് നോക്കി നില്‍ക്കേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് ആലപ്പാട്ടുകാര്‍ സമരരംഗത്തേക്കിറങ്ങിയതെന്ന് അവര്‍ പറയുന്നു. ആലപ്പാട്ടുകാരുടെ അതിജീവനത്തിനായുള്ള സമരത്തിനൊപ്പം കേരളക്കരയാകെ ഒന്നിച്ചു നിന്നു.

സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ്ടാഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ ആലപ്പാടിന്റെ ദുരിതം ചര്‍ച്ചയാതോടെയാണ് ആലപ്പാട്ടെ പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് അടുത്ത് കടലിന്റെയും കായലിന്റെയും നടുവിലായുള്ള ഒരു ചെറിയ തീരപ്രദേശമാണ് ആലപ്പാട്. കടലിന്റെയും കായലിന്റെയും നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ വിസ്തീര്‍ണം ഇന്ന് 7.6 ചതുരശ്ര കിലോ മീറ്റര്‍ മാത്രമാണ്. 1955ല്‍ 89.5 ചതുരശ്ര കിലോ മീറ്റര്‍ ഉണ്ടായിരുന്ന പ്രദേശം
വെറും 7.6 ചതുരശ്ര കിലോ മീറ്റര്‍ ആയി ചുരുങ്ങിയിരിക്കുന്നതായി സമരക്കാര്‍ ആരോപിക്കുന്നു.

വെള്ളനാതുരുത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനമാണ് ഇതിനുള്ള കാരണം. കായലിനും കടലിനുമിടയിലുള്ള പ്രദേശത്തിന്റെ അകലം വറും 22 മീറ്റര്‍ മാത്രമാണിവിടെ.

60 വര്‍ഷമായി പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആര്‍.ഇ.(indian rare earths limited) യുടെയും കെ.എം.എം.എലി(Kerala Minerals and Metals Limited) ന്റേയും നേതൃത്വത്തിലാണ് ആലപ്പാട്ട് കരിമണല്‍ ഖനനം നടക്കുന്നത്. ഇത് കടലെടുക്കുന്ന അവസ്ഥയ്ക്ക് കാരണമാവുകയാണ്. 20000 ഏക്കറോളം ഇതുവരെ കടലെടുത്തിട്ടുണ്ട്. ഖനനം ഈ നിലയ്ക്ക് തുടര്‍ന്നാല്‍ തങ്ങളെന്ത് ചെയ്യും എന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.

തീരദേശ പരിപാലന നിയമവും പരിസ്ഥിതി ക്ലിയറന്‍സും പൂര്‍ണമായും ലംഘിച്ചുകൊണ്ടു നടക്കുന്ന ഈ ഖനനത്തിനെതിരെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ അടക്കം മൗനം പാലിക്കുകയാണെന്ന് ആലപ്പാട്ടെ ജനങ്ങളും സമര സമിതി നേതാക്കളും ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആലപ്പാട്ടെ കരിമണല്‍ ഖനനം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ഒരു വിഭാഗം മത്സ്യത്തൊഴിലാളികളാണെന്നും തൊഴിലും ജീവിതവുമാണ് ഇവര്‍ക്ക് നഷ്ടപ്പെടുന്നതെന്നും ആലപ്പാട്ടുകാര്‍ പറയുന്നു. 2004 ലെ സുനാമി ആലപ്പാട് കനത്ത ദുരന്തം വിതയ്ക്കാന്‍ കാരണമായതും ദശകങ്ങള്‍ നീണ്ട കരിമണല്‍ ഖനനമാണെന്നും പ്രദേശത്തുകാര്‍ ആരോപിക്കുന്നു.

“”സുനാമി ഉണ്ടായപ്പോള്‍ 2000 ത്തിലധികം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിത്താമസിപ്പിച്ചിരുന്നു. റീഹാബിലിറ്റേഷന്‍ കോളനികള്‍ ഉണ്ടാക്കി അവിടേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. 91 ശതമാനവും മത്സ്യബന്ധനത്തിന് പോകുന്നവരായിരുന്നു ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഇവരെ സംബന്ധിച്ച് തീരത്ത് നിന്ന് നാലഞ്ച് കിലോമീറ്റര്‍ അകലെ റീഹാബിലിറ്റേഷന്‍ കോളനികളില്‍ താമസിക്കേണ്ടി വന്നപ്പോള്‍ പൂര്‍ണമായും അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയായിരുന്നു. അവര്‍ക്ക് മറ്റ് തൊഴിലുകള്‍ അറിയില്ല. സമയബന്ധിതമായ പണിയല്ല മത്സ്യബന്ധനം. തീരവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ഉണ്ടായ സാഹചര്യം അവര്‍ക്ക് ഇതോടെ നഷ്ടമായി. രാത്രി കാലങ്ങളില്‍ ജോലിക്ക് പോകാന്‍ പറ്റാതായി. അസമയത്ത് നടന്നുവരുന്നത് കണ്ടെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ പൊലീസ് പിടിച്ചുകൊണ്ടുപോയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ തൊഴില്‍ ഉപേക്ഷിച്ച ആളുകള്‍ നിരവധിയാണ്””.

“”കുറച്ചുകാലം മുന്‍പ് വരെ കമ്പവല എന്ന് പറയുന്ന മത്സ്യബന്ധന രീതി ഇവിടെ ഉണ്ടായിരുന്നു. തീരത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്ന മത്സ്യബന്ധന രീതിയായിരുന്നു അത്. ഇതില്‍ 15 വയസുമുതലുള്ള ആളുകള്‍ പങ്കാളികളായിരുന്നു. അതിന് തീരം ആവശ്യമായിരുന്നു. എന്നാല്‍ ഇന്ന് തീരം ഇല്ലാതായതോടെ ആ മത്സ്യബന്ധന രീതി പൂര്‍ണമായി ഇല്ലാതായി””.

“”മോട്ടോര്‍ ഉപയോഗിക്കാത്ത വള്ളങ്ങള്‍ ഉപയോഗിച്ച്, കൈകൊണ്ട് തുഴയുന്ന വള്ളങ്ങളില്‍ മുന്‍കാലങ്ങളില്‍ മത്സ്യബന്ധനം നടത്തിയിരുന്നു. ഇന്ന് അത്   ഇല്ലാതായി. മാത്രമല്ല പല കടല്‍ജീവികളും ഇല്ലാതായി. 11 ഇന മത്സ്യങ്ങള്‍ ഈ തീരത്ത് നിന്ന് കാണാതായതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അതും കയറ്റുമതി സാധ്യതയുള്ള മത്സ്യങ്ങള്‍ ഉണ്ട്. കൂരി, തെരണ്ടി, ചെമ്മീന്‍, കാട, ലോപ്സ്റ്റര്‍ എന്നിങ്ങനെയുള്ള മത്സ്യങ്ങളെല്ലാം ഇല്ലാതായി””.

കരിമണല്‍ ഖനനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ സമിതി സമിതി നേതാവായ സജേഷ് വിശദീകരിക്കുന്നു.

“”2015 ലും 16 ലും മത്തിയുടെ ലഭ്യതയില്‍ കുറവ് വന്നത് മൂലം 150 കോടി രൂപയുടെ നഷ്ടം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ചെന്നാണ് പഠനം. ഇത്തരമൊരു നഷ്ടം ഉണ്ടായെങ്കില്‍ അത് എങ്ങനെ സംഭവിച്ചുവെന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടേ. ഒരു പഠനം എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കണ്ടേ? കടല്‍ എടുത്തു എന്നതിന്റെ പേരില്‍ ഇവിടെ അശാസ്ത്രീയമായി കടല്‍ഭിത്തികള്‍ നിര്‍മിച്ചു. പ്രളയത്തിന് പോലും കാരണമായത് ഇത്തരം കടല്‍ഭിത്തികളാണെന്ന് ഞങ്ങള്‍ പറയും. ഇതൊന്നും കേരളം ചര്‍ച്ച ചെയ്തിട്ടില്ല.

മത്സ്യത്തൊഴിലാളികളെ എല്ലാ തരത്തിലുള്ള നില നില്‍പ്പിനേയും ഇത് ബാധിച്ചിട്ടുണ്ട്. ഇപ്പോഴും സര്‍ക്കാര്‍ സംരക്ഷണം എന്ന പേരില്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുകയാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംരക്ഷണമെന്ന പേരില്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്- സജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തീരത്തുനിന്നും മതിയായ നഷ്ടപരിഹാരം നല്‍കാതെ പ്രദേശവാസികളെ ആട്ടിപ്പായിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും ആലപ്പാട്ടുകാര്‍ പരാതി പറയുന്നു.

“”ആലപ്പാട് പഞ്ചായത്തില്‍ റോഡിന്റെ പടിഞ്ഞാറ് വശം താമസയോഗ്യമല്ല എന്ന് സര്‍ക്കാര്‍ ഉത്തരവ് വന്നു. ഇത്തരത്തില്‍ വീടെടുക്കുന്നവര്‍ക്ക് വീട്ടുനമ്പര്‍ നല്‍കാതിരിക്കുകയും വെള്ളത്തിനും വൈദ്യുതിക്കും കണക്ഷന്‍ കൊടുക്കാതിരിക്കുകയുമായിരുന്നു. ഇത് കാരണം
അവിടെ നിന്നും ആളുകള്‍ വിട്ടുപോരാന്‍ തുടങ്ങി. ഇത്തരമൊരു നിബന്ധനയൊക്കെ പറഞ്ഞ് ആളുകളെ മാറ്റാനുള്ള മണല്‍ലോബിയുടെ തന്ത്രമായിരുന്നു ഇത്. അതിന് കൂട്ടുനില്‍ക്കുകയായിരുന്നു സര്‍ക്കാര്‍.

റോഡിന് കിഴക്കുവശങ്ങളില്‍ ഉള്ളിടത്ത് കടലില്‍ നിന്ന് 50 ഓ 25 ഓ മീറ്റര്‍ ദൂരം മാറി വീടുകളുണ്ട്. പക്ഷേ മറ്റ് സ്ഥലങ്ങളില്‍ 100 മീറ്റര്‍ വരെ ഉണ്ടായിട്ടും വീടുവെക്കാന്‍ അനുമതിയില്ല. ഐ.ആര്‍.ഇയും കെ.എം.എം.എലിനേയും നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകള്‍ ഉണ്ടാക്കിക്കൊടുത്ത ഫോര്‍മുല നടപ്പിലാക്കുകയായിരുന്നു ഗവര്‍മെന്റ്. അത്തരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ സുനാമിയുടെ പേര് പോലും ഉപയോഗിച്ചുവെന്ന് സജേഷ് ആരോപിക്കുന്നു.

241 തൊഴിലാളികളുടെ ജീവിതത്തെ കുറിച്ചുപറയുന്ന വ്യവസായ മന്ത്രിയും ഐ.ആര്‍.ഇയും മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്നേയില്ല എന്നും സമരസമിതി പറയുന്നു.

“”ഐ.ആര്‍.ഇ പറയുന്നത് 241 തൊഴിലാളികളുടെ ജീവിതത്തെ കുറിച്ചാണ്. പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ആലപ്പാട് പഞ്ചായത്തില്‍ മാത്രം ഉള്ളത്. ഐ.ആര്‍.ഇയുടേയും കെ.എം.എം.എലിന്റേയും ഖനനം മൂലം മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നത് ആലപ്പാട് പഞ്ചായത്തില്‍ മാത്രമല്ല. അതിനെ അഡ്രസ് ചെയ്യാതെ ഈ 241 തൊഴിലാളികളെയാണ് അവര്‍ അഭിസംബോധന ചെയ്യുന്നത്””.

“”കെ.എം.എം.എല്‍ കടലിലേക്ക് തള്ളുന്ന രാസമാലിന്യത്തിന്റെ അളവ് വളരെ വലുതാണ്. ആലപ്പാട്ടെ ഒരു പ്രത്യേക പ്രദേശത്ത് കടലിന്റെ ഒരു ഏരിയ മുഴുവന്‍ ചുവന്ന് കിടക്കും. കടല്‍ അത്രയും ചുവക്കണമെങ്കില്‍ അത്രയും മാലിന്യങ്ങള്‍ അവിടെ തള്ളണം. ആ വെള്ളം കരയിലേക്ക്കയറി ഇറങ്ങിക്കഴിയുമ്പോള്‍ മാലിന്യത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ പലര്‍ക്കും ദേഹമാസകലം ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുന്നുണ്ട്””.

പൂര്‍ണമായും ഖനനം നിര്‍ത്തലാക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല. പാരിസ്ഥിതികാനുമതി ലഭിക്കാതെ എവിടേയെങ്കിലും ഖനനം നടക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തണം എന്നാണ് ഞങ്ങള്‍ പറയുന്നത്. എന്നാല്‍ ആലപ്പാട് പഞ്ചായത്തില്‍ നടക്കുന്ന ഒരു ഖനനത്തിനും പാരിസ്ഥിതികാനുമതി ലഭിച്ചിട്ടില്ലെന്നും സമരസമിതി വ്യക്തമാക്കുന്നു.

സമരസമിതി മുന്നോട്ടുവെക്കുന്ന മറ്റ് നിര്‍ദേശങ്ങള്‍

പാരിസ്ഥിതികാനുമതി ലഭിക്കാത്തതും അനധികൃതവും നിയമവിരുദ്ധവുമായ വഴികളിലൂടെ നടക്കുന്ന എല്ലാ ഖനനപ്രക്രിയകളും (സീ വാഷ് ഉള്‍പ്പെടെ) അടിയന്തിര പ്രാബല്യത്തോടെ നിര്‍ത്തലാക്കുക. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഒപ്പിട്ട സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുക.

2  ആലപ്പാട് പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ഇനി ഖനനം പ്രായോഗികമാണോ എന്നതിനെക്കുറിച്ചും, ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും പഠിക്കുന്നതിനു വേണ്ടി വിദഗ്ധ സമിതിയെ നിയോഗിക്കുക. ഈ സമിതിയില്‍ സമരസമിതി പ്രതിനിധികളെയും,. പരിസ്ഥിതി ശാസ്ത്രജ്ഞരേയും, പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തുക. ഈ സമിതിയുടെ രൂപീകരണം രണ്ട് മാസത്തിനകം നടത്തുകയും ഇതിന്റെ റിപ്പോര്‍ട്ട് ആറു മാസത്തിനകം ലഭ്യമാക്കുകയും വേണം. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഖനനവുമായി ബന്ധപ്പെട്ട തുടര്‍തീരുമാനങ്ങള്‍ കൈക്കൊള്ളുക.

3 മേല്‍പറഞ്ഞ വിദ്ഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതു വരെ എല്ലാ ഖനനവും നിര്‍ത്തിവെയ്ക്കുക.

4GO 746/2007 എന്ന സര്‍ക്കാര്‍ ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെ റദ്ദ് ചെയ്യുക. ഈ ഉത്തരവ് ദുരുപയോഗപ്പെടുത്തിയാണ് മൂവായിരത്തോളം കുടുംബങ്ങളുടെ ഭൂമി ഉടമസ്ഥര്‍ അവരറിയാതെ കമ്പനി റജിസ്റ്റര്‍ ചെയ്ത് ഏറ്റെടുത്തിരിക്കുന്നത്.

5ഖനനം മൂലം തീരദേശത്ത് ഇതുവരെ നഷ്ടപ്പെട്ട ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പഠനം നടത്തുന്നതിന് മറ്റൊരു സമിതി രൂപീകരിക്കുക. ഈ സമിതിയിലും സമരസമിതിയുടെ കൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും, സമര സമിതി അംഗങ്ങളേയും ഉള്‍പ്പെടുത്തുക. ഇതുവരെ നല്‍കപ്പെട്ടിട്ടുള്ള പാരിസ്ഥിതിക അനുമതികളുടെയും CRZ  ക്ളിയറന്‍സിന്റെയും ഉപാധികളുടെ ലംഘനം ഈ കമ്മിറ്റി പരിശോധന നടത്തണം. മാത്രമല്ല Environment Management Plan കൃത്യമായും പരിശോധിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതവും നഷ്ടവും തിട്ടപ്പെടുത്തി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. ഇതുവരെ നടന്ന ഖനനത്തിലെ നിയമലംഘനങ്ങളും പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥാലംഘനങ്ങളും സംബന്ധിച്ച് പരിസ്ഥിതി സംരക്ഷണ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.

6ഖനനം മൂലമുണ്ടായ പരിസ്ഥിതി തകര്‍ച്ച പരിഹരിക്കാന്‍ പരിസ്ഥിതി പുനഃസ്ഥാപനം നടത്തണം.

2018 ഏപ്രില്‍, മേയ് മാസങ്ങളില്‍ ഖനന അനുമതിയ്ക്കായി IRE സമര്‍പ്പിച്ച അപേക്ഷയിന്‍ മേല്‍ നടന്ന പബ്ലിക് ഹിയറിങ് പ്രദേശ വാസികളുടെ അഭിപ്രായങ്ങള്‍ ശരിയായി കേള്‍ക്കാതെയും, അഭിപ്രായങ്ങള്‍ പറയാനുള്ള അവസരങ്ങള്‍ നിഷേധിച്ചുമാണ് നടന്നിട്ടുള്ളത്. അത് റദ്ദാക്കി ആലപ്പാട് പഞ്ചായത്തില്‍ വെച്ച് കളക്ടറുടെ സാന്നിധ്യത്തില്‍ വീണ്ടും പബ്ലിക് ഹിയറിങ് നടത്തണം.

8IRE അനധികൃതമായി നടത്തുന്ന കരിമണല്‍ കടത്തല്‍ അന്വേഷണ വിധേയമാക്കണം.

9ചര്‍ച്ചയില്‍ എത്തിച്ചേരുന്ന തീരുമാനങ്ങള്‍ സമര സമിതിയേയും, ജനങ്ങളേയും അറിയിക്കണം.

കടല്‍ കൊണ്ട് ഇടുന്ന മണ്ണാണ് കരിമണല്‍, അത് എടുത്തില്ലായെങ്കിലും കടലില്‍ പോകുമെന്ന തികഞ്ഞ യുക്തിരഹിതമായ വാദമാണ് സര്‍ക്കാര്‍ പറയുന്നതെന്നും സമരസമിതി ആരോപിക്കുന്നു. ഒന്നുകില്‍ ഈ വിഷയത്തെ ലവലേശം പഠിക്കാത്തവര്‍, അല്ലെങ്കില്‍ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയില്ലായെന്ന് നടിക്കുന്നവര്‍ ആണ് ഉദ്യോഗസ്ഥ, ഭരണകൂട മേധാവികള്‍ എന്നത് കൃത്യമായി നമുക്ക് ബോധ്യപ്പെടുന്നുണ്ട്.

അവര്‍ ഒരു പക്ഷേ തീരദേശ ജനതയെ ഒരിക്കല്‍ കൂടി വില കുറച്ച് കണ്ട് എന്ന് കൂടി തോന്നുന്നു. എന്തായാലും ഇവിടുത്തെ പാരിസ്ഥിതിക വിഷയങ്ങളെയോ, സമര സമിതി ഉയര്‍ത്തിയ കൃത്യമായ വാദങ്ങളെയോ അവര്‍ അഡ്രസ്സ് ചെയ്തില്ലായെന്നത് കൂടി കൊണ്ടാണ് ഈ സമരം തുടരാന്‍ തന്നെ തീരുമാനിച്ചത്.- സമരസമിതി പറയുന്നു.

ഒരു നാട് പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന കടല്‍മണല്‍ ഖനനമാണ് ആലപ്പാട് നടക്കുന്നതെന്നും നിയമവിരുദ്ധ ഖനനം നടത്തുന്ന സ്ഥാപനം പൊതുമേഖലയില്‍ ആണെങ്കിലും സ്വകാര്യ മേഖലയില്‍ ആണെങ്കിലും മനുഷ്യര്‍ക്കും പരിസ്ഥിതിക്കുമുള്ള ആഘാതം ഒന്നാണെന്നുമാണ് അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ പറയുന്നത്.

ഹരീഷ് വാസുദേവന്‍

“”നിയമവിരുദ്ധ ഖനനത്തിന്റെ സാമ്പത്തികനേട്ടം നേരിട്ട് കിട്ടുന്നവരില്‍ ആലുവയിലെ സ്വകാര്യ കമ്പനിയുമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ കമ്പനിക്കൊപ്പം നിന്ന് കൂറ് കാണിച്ചിട്ടുണ്ട്. അണികള്‍ക്ക് അവരെ ന്യായീകരിക്കേണ്ടി വരും, സ്വാഭാവികം. തീരദേശ പരിപാലന നിയമവും പരിസ്ഥിതി ക്ലിയറന്‍സും നഗ്നമായി ലംഘിച്ചാണ് പട്ടാപ്പകല്‍ ഖനനം നടക്കുന്നത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ എല്ലാം മൗനത്തിലാണ്. ആ ഒറ്റ കാരണത്താല്‍ നിയമപരമായിത്തന്നെ ഈ ഖനനം ആലപ്പാട്ട് നിര്‍ത്തേണ്ടതാണ്.

പരിസ്ഥിതികവും മനുഷ്യത്വപരവുമായ കാരണങ്ങളാല്‍ പൊതുമേഖലയില്‍ പോലും ഇവിടെ ഖനനം പാടില്ല. കരയ്ക്ക് വീതിയുള്ള മറ്റു എത്രയോ സ്ഥലങ്ങളില്‍ കരിമണല്‍ ഉണ്ട്. നിരോധനം ആവശ്യപ്പെടുന്നത് ആലപ്പാട്ട് മാത്രമാണ്.

ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ പറ്റൂ. ഖനനമോ വികസനമോ എന്ത് നടക്കണമെങ്കിലും ഭൂപടത്തില്‍ നാട് ബാക്കി വെയ്ക്കണം. എല്ലാം കടലെടുക്കുന്ന ഖനനം സര്‍വ്വനാശമാണ് ആലപ്പാട് നടക്കുന്നത്. ഇതല്ല വികസനം”” ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാര്‍ നിലപാട്

ആലപ്പാട്ടെ ഖനനം ഒരു ഘട്ടത്തിലും പൂര്‍ണമായും നിര്‍ത്തേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഖനനം നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ട അവസ്ഥയുണ്ടാകുമെന്നും എന്നാല്‍ അതേസമയം തന്നെ പ്രദേശവാസികളുടെ ആശങ്കള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നുമാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്. സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞെന്നും സമര സമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നുമാണ് ഇ.പി ജയരാജന്‍ പറഞ്ഞത്.

ആലപ്പാട് കരിമണല്‍ഖനനത്തില്‍ പ്രദേശവാസികളെ ഉള്‍ക്കൊണ്ടുള്ള നടപടി വേണമെന്നായിരുന്നു ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഖനനം നിര്‍ത്തിവയ്ക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ പരസ്യനിലപാട് പാര്‍ട്ടി സെക്രട്ടേറിയറ്റ് തള്ളി. ഖനനം നിര്‍ത്തിവെച്ചുള്ള ഇടപെടലല്ല, പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടിവേണമെന്നാണ് സെക്രട്ടേറിയറ്റ് നിലപാട്.

പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സി.പി.ഐ.എം. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനുശേഷമാണ് സമരക്കാരുമായി ചര്‍ച്ചനടത്തിയത്. സമരത്തെ രാഷ്ട്രീയമായും സര്‍ക്കാരിനെതിരായുള്ള മുതലെടുപ്പിനും ഉപയോഗിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നിലപാടു സ്വീകരിച്ചത്. ഇതാണ് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്തതും.

അതേസമയം ആലപ്പാട് ഖനനത്തിനെതിരായ സമരക്കാരുടെ ആവശ്യം ന്യായമാണെന്ന നിലപാടിലാണ് ഭരണമുന്നണിയിലെ മറ്റൊരു കക്ഷിയായ സി.പി.ഐ സംസ്ഥാന നേതൃത്വം. സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും എന്നാല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നായിരുന്നു മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും വിഎസ് പറഞ്ഞിരുന്നു. ഖനനം പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുകയും തുടര്‍പഠനം നടത്തിയതിന് ശേഷം മാത്രം ഖനനം തുടരണം എന്നായിരുന്നു വി.എസ് ആവശ്യപ്പെട്ടത്.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിര്‍ദേശങ്ങള്‍

പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പഠനം നടത്തിയ ശാസ്ത്രസാഹിത്യ പരിഷത്ത് വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 16-1-2019 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി അധികാരികളുടേയും സര്‍ക്കാരിന്റേയും പരിഗണനക്കായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു.

കേരളത്തിന്റെ പാരിസ്ഥിതി സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാത്ത രീതിലുള്ള ഒരു ഖനന രീതിയാണ് അനുവര്‍ത്തിക്കേണ്ടത്.

• പാരിസ്ഥിതിക അനുമതികള്‍ നല്‍കിയപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള പരിപാലന രീതികളും കമ്പനികള്‍ നടത്തിയ പഠനങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള രീതിയിലും തന്നെയാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന് ഉറപ്പാക്കാന്‍ വിദഗ്ധരും തദ്ദേശ സ്ഥാപനങ്ങളും തദ്ദേശജനങ്ങളുടെ പ്രതിനിധികളും അടങ്ങുന്ന ഒരു മേല്‍നോട്ട സമിതി രൂപീകരിക്കണം.

•  കമ്പനി ഖനനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പഠനങ്ങളും പരിസ്ഥിതി ആഘാതപഠനങ്ങളും മേല്‍പ്പറഞ്ഞ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കുക.

•  Atomic Minerals Dept (AMD) നീണ്ടകര, ചവറ, ആലപ്പാട്, കരുനാഗപ്പള്ളി, കായംകുളം, ആറാട്ടുപഴ, തൃക്കുന്നപ്പുഴ, തോട്ടപ്പിള്ളി മേഖലയിലേയും തീരക്കടലിലേയും കരിമണല്‍ ലഭ്യതയെ വിശദമായി വിലയിരുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയുള്ള ദീര്‍ഘകാല ഖനനപദ്ധതികള്‍ തയ്യാറാക്കി ഫലപ്രദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുക

• സജീവ തീരത്ത് നിന്നും നടത്തുന്ന സീ വാഷിങ് എന്ന ഖനനരീതി പൂര്‍ണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും കരയില്‍ നിന്നുള്ള ഖനനത്തെ കൂടുതല്‍ ആശ്രയിക്കുകയും ചെയ്യുക.

തീരശോഷണം സംഭവിക്കുന്ന കാലവര്‍ഷക്കാലത്ത് സീ വാഷിങ് രീതിയിലുള്ള  എല്ലാ ഖനനപ്രവര്‍ത്തനവും തീരത്ത് നടത്തുന്ന അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഉപേക്ഷിക്കു.

•  ഖനനത്തിനായി പ്രദേശവാസികളില്‍ നിന്ന് പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ ഖനനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ഖനനസ്ഥലം മണ്ണിട്ട് നികത്തി ഉടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്യുക.

•  ഐ.ആര്‍.ഇ ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുലിമുട്ട് Beach Nourishing നായി നിശ്ചയിക്കണം.

മൈനിങ് ഏരിയ വെല്‍ഫെയര്‍ ബോഡി എന്നത് ഫലപ്രദവും അതിന്റെ പ്രവര്‍ത്തനം സുതാര്യവുമാകണം. അര്‍ഹമായ പുനരധിവാസം ലഭിക്കുക എന്നത് തദ്ദേശീയരുടെ അവകാശമായി അംഗീകരിക്കണം.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more